Friday, May 27, 2011

യാഥാര്‍ഥ്യത്തിനു നിരക്കാത്ത നിലപാട്

ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബി പി എല്‍) യുള്ളവരെ കണ്ടെത്തുന്നതിനു ആസൂത്രണ കമ്മിഷന്‍ നിര്‍ദേശിച്ച മാനദണ്ഡത്തെ ക്രൂരവും മനുഷ്യത്വരഹിതവുമെന്നേ വിശേഷിപ്പിക്കാനാവൂ. നഗര പ്രദേശങ്ങളില്‍ 20 രൂപയിലും ഗ്രാമപ്രദേശങ്ങളില്‍ 15 രൂപയിലും കുറഞ്ഞ വരുമാനമുള്ളവര്‍ മാത്രമാണ് ബി പി എല്‍ പട്ടികയില്‍ പെടുകയുള്ളുവെന്നാണ് ആസൂത്രണ കമ്മിഷന്റെ നിലപാട്. ഇതില്‍ കൂടുതല്‍ വരുമാനമുള്ളവരെല്ലാം എ പി എല്ലുകാരാണ്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ക്കൊന്നും എ പി എല്‍ വിഭാഗത്തില്‍ പെടുന്നവര്‍ അര്‍ഹരായിരിക്കില്ല.
ഒരാളുടെ മാത്രം വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ് ഭൂരിപക്ഷവും. ഭക്ഷണം, വസ്ത്രം, വാടക, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി നൂറുകൂട്ടം ചെലവുകളുണ്ട്. നഗരങ്ങളില്‍ 20 രൂപയും ഗ്രാമങ്ങളില്‍ 15 രൂപയും വരുമാനമുള്ളവര്‍ക്ക് ഇതെല്ലാം നിറവേറ്റാനാവില്ലെന്ന് അറിയാന്‍ സാമ്പത്തിക ശാസ്ത്രം പഠിക്കേണ്ടതില്ല. ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളുടെ ജീവിത യാഥാര്‍ഥ്യമാണിത്. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്തു നിയോഗിച്ച അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി നടത്തിയ പഠനത്തില്‍ 78 ശതമാനത്തിന്റെയും വരുമാനം 20 രൂപയില്‍ താഴെയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. 2006 ലാണ് അര്‍ജുന്‍ സെന്‍ഗുപ്ത റിപ്പോര്‍ട്ട് നല്‍കിയത്. അഞ്ചുവര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ നാണയപ്പെരുപ്പവും വിലക്കയറ്റവും ഇരട്ടിയിലധികമായി. 2006 ല്‍ ഇരുപതു രൂപയ്ക്ക് ലഭിച്ചിരുന്ന സാധനങ്ങളും സേവനങ്ങളും ഇന്ന് ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 40 രൂപ നല്‍കണം. വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുമില്ല. അതിന്റെ അര്‍ഥം അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റി ചൂണ്ടിക്കാണിച്ചതിലും കൂടുതല്‍പേര്‍ പട്ടിണിക്കാരായി മാറിയിട്ടുണ്ടെന്നാണ്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം ബോധപൂര്‍വം കുറച്ചു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണ കമ്മിഷന്‍ പുതിയ വരുമാന മാനദണ്ഡം നിര്‍ദേശിച്ചിരിക്കുന്നത്. യു പി എ സര്‍ക്കാരിന്റെ ഭരണത്തില്‍ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നുവെന്നു സമര്‍ഥിക്കുക. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വമ്പിച്ച പുരോഗതി നേടി എന്ന പ്രചാരണത്തിന് ഇത് സര്‍ക്കാരിനെ സഹായിക്കും. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്നും അതിന്റെ തെളിവാണ് ദരിദ്രരുടെ എണ്ണത്തിലുണ്ടാകുന്ന കുറവെന്നും പ്രചരിപ്പിക്കാം.

ഭക്ഷ്യസബ്‌സിഡി ഉള്‍പ്പെടെയുള്ളവരുടെ ആനുകൂല്യത്തിന് അര്‍ഹരായവരുടെ എണ്ണം ഗണ്യമായി കുറക്കുകയാണ് മറ്റൊരു ലക്ഷ്യം. പുത്തന്‍ സാമ്പത്തിക നയം നടപ്പാക്കുന്നതിന്റെ ഭാഗമായി സാര്‍വത്രിക റേഷന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. റേഷന്‍ സബ്‌സിഡി ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. ഇപ്പോള്‍ രാസവള സബ്‌സിഡിപോലും ബി പി എല്ലുകാര്‍ക്കു മാത്രമാക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സയ്ക്കുള്ള അര്‍ഹതയും ബി പി എല്ലുകാര്‍ക്കു മാത്രമാണ്. സബ്‌സിഡികള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമാക്കിയാല്‍ വിവിധ ഇനങ്ങളില്‍ സബ്‌സിഡിക്കുവേണ്ടി വരുന്ന ചെലവ് ഗണ്യമായി കുറക്കാന്‍ കഴിയുമെന്നാണ് ആസൂത്രണ കമ്മിഷന്‍ കണക്കാക്കുന്നത്. ആസൂത്രണ കമ്മിഷനുവേണ്ടി ഈയിടെ ലോകബാങ്ക് ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തെ കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. പൊതുവിതരണ സംവിധാനം നിര്‍ത്തലാക്കണമെന്നും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്ക് സബ്‌സിഡി പണമായി നല്‍കിയാല്‍ മതിയെന്നുമാണ് ലോക ബാങ്കിന്റെ ശുപാര്‍ശ. യഥാര്‍ഥത്തില്‍ അര്‍ഹരായവരിലും വളരെ കുറച്ചുപേര്‍ക്കു മാത്രമായി സബ്‌സിഡികള്‍ നല്‍കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ലോകബാങ്കിന്റെ പഠനവും ആസൂത്രണ കമ്മിഷന്റെ പുതിയ മാനദണ്ഡങ്ങളും.

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരെ സംബന്ധിച്ച് ആസൂത്രണ കമ്മിഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കണക്കുകള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതാണെന്ന് നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ ആസൂത്രണ കമ്മിഷന്റെ പഴയ കണക്കനുസരിച്ച് 11 ലക്ഷത്തില്‍ താഴെയാണ് ബി പി എല്‍ കുടുംബങ്ങള്‍. പുതിയ മാനദണ്ഡമനുസരിച്ചാണെങ്കില്‍ എണ്ണം ഇതിലും കുറയും. എല്‍ ഡി എഫ് സര്‍ക്കാര്‍ ആസൂത്രണ കമ്മിഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കണക്ക് അംഗീകരിച്ചിരുന്നില്ല. 26 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ബി പി എല്‍കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. സുപ്രിംകോടതിയില്‍ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ പശ്ചിംബംഗാള്‍, ഉത്തര്‍പ്രദേശ്, ഒറീസ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബി പി എല്‍ കാരെ സംബന്ധിച്ച കേന്ദ്രത്തിന്റെ കണക്ക് തെറ്റാണെന്ന് പറഞ്ഞിരുന്നു. 35 ശതമാനത്തിലധികം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് ഈ സംസ്ഥാനങ്ങളെല്ലാം ചൂണ്ടിക്കാട്ടിയത്.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ നിര്‍ണയിക്കാന്‍ ആസൂത്രണ കമ്മിഷന്‍ നിര്‍ദേശിച്ച മാനദണ്ഡം തീര്‍ത്തും അശാസ്ത്രീയവും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതുമാണ്. ഈ മാനദണ്ഡം മാറ്റാന്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും ആവശ്യപ്പെടണം. കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ കേന്ദ്രത്തോടുള്ള വിധേയത്വം മൂലം ഇതിനു തയ്യാറാകാതിരുന്നാല്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകും.

janayugom editorial 270511

1 comment:

  1. ദാരിദ്ര്യ രേഖയ്ക്ക് താഴെ (ബി പി എല്‍) യുള്ളവരെ കണ്ടെത്തുന്നതിനു ആസൂത്രണ കമ്മിഷന്‍ നിര്‍ദേശിച്ച മാനദണ്ഡത്തെ ക്രൂരവും മനുഷ്യത്വരഹിതവുമെന്നേ വിശേഷിപ്പിക്കാനാവൂ. നഗര പ്രദേശങ്ങളില്‍ 20 രൂപയിലും ഗ്രാമപ്രദേശങ്ങളില്‍ 15 രൂപയിലും കുറഞ്ഞ വരുമാനമുള്ളവര്‍ മാത്രമാണ് ബി പി എല്‍ പട്ടികയില്‍ പെടുകയുള്ളുവെന്നാണ് ആസൂത്രണ കമ്മിഷന്റെ നിലപാട്. ഇതില്‍ കൂടുതല്‍ വരുമാനമുള്ളവരെല്ലാം എ പി എല്ലുകാരാണ്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ക്കൊന്നും എ പി എല്‍ വിഭാഗത്തില്‍ പെടുന്നവര്‍ അര്‍ഹരായിരിക്കില്ല.
    ഒരാളുടെ മാത്രം വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ് ഭൂരിപക്ഷവും. ഭക്ഷണം, വസ്ത്രം, വാടക, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി നൂറുകൂട്ടം ചെലവുകളുണ്ട്. നഗരങ്ങളില്‍ 20 രൂപയും ഗ്രാമങ്ങളില്‍ 15 രൂപയും വരുമാനമുള്ളവര്‍ക്ക് ഇതെല്ലാം നിറവേറ്റാനാവില്ലെന്ന് അറിയാന്‍ സാമ്പത്തിക ശാസ്ത്രം പഠിക്കേണ്ടതില്ല. ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളുടെ ജീവിത യാഥാര്‍ഥ്യമാണിത്.

    ReplyDelete