Wednesday, June 29, 2011

ഉമ്മന്‍ചാണ്ടിയുടെ പൊലീസ് രാജ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊലീസ്രാജ് സംഹാരതാണ്ഡവം നടത്തുമ്പോള്‍ യുഡിഎഫിന്റെ മധുവിധുവിന് എസ്എഫ്ഐ അലോസരം സൃഷ്ടിച്ചെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വിലപിക്കുന്നത്. 2001ലെ യുഡിഎഫ് ഭരണത്തിന്റെ തനിത്തുടര്‍ച്ചയാണ് നിലവിലുള്ളതെന്ന വിലയിരുത്തല്‍ ശരിയാണെന്ന് സമീപകാലത്തെ പൊലീസ് അതിക്രമത്തിന്റെ സത്യസന്ധമായ ചിത്രം വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷ ഉപനേതാവ് ഈ വാഴ്ചയെ ഗ്രനേഡ് ഭരണമെന്ന് വിശേഷിപ്പിച്ചത്.

2001ലെ ഭരണകാലത്ത് വൈദ്യുതി മാസ്മരവടി വിദ്യാര്‍ഥികള്‍ക്കെതിരെ പ്രയോഗിച്ചത് പലരും മറന്നുകാണില്ല. അതും പുനരവതരിപ്പിക്കുമായിരിക്കാം. കോഴിക്കോട്ടും തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലും വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊളിച്ച് രക്തം വാര്‍ന്നൊലിക്കുന്ന ടിവി ദൃശ്യം മനുഷ്യഹൃദയമുള്ള ഏതൊരാളെയും വേദനിപ്പിക്കുന്നതാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിനു മുമ്പില്‍ മാത്രമല്ല, യൂണിവേഴ്സിറ്റി കോളേജിലും കണ്ണില്‍ ചോരയില്ലാത്ത രീതിയിലാണ് പൊലീസ് വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊളിച്ച് രക്തം വീഴ്ത്തിയത്. തിരുവനന്തപുരത്തു മാത്രമല്ല സര്‍വകലാശാലയില്‍ പൊലീസ് കലിയിളകി നൃത്തം ചവിട്ടിയത്. കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സാക്ഷാല്‍ പൊലീസ്വാഴ്ചയാണ് നടക്കുന്നത്. രാഷ്ട്രീയം കളിക്കാന്‍ വൈദഗ്ധ്യമുള്ള ഒരു ഐഎഎസ് മേധാവി വൈസ്ചാന്‍സലറായി ചുമതലയേറ്റത് മുതല്‍ തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കറ്റിനെ മറികടന്നുകൊണ്ടുള്ള സ്വേഛാധിപത്യവാഴ്ചയാണ് നടക്കുന്നത്. പുറത്താക്കപ്പെട്ട രജിസ്ട്രാര്‍ പുതിയ സാഹചര്യത്തില്‍ ചാര്‍ജെടുത്ത ഉടന്‍ ബഹുഭൂരിപക്ഷം ജീവനക്കാരെ പ്രതിനിധാനംചെയ്യുന്ന യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണുണ്ടായത്. ജീവനക്കാര്‍ സ്വാഭാവികമായും ജനാധിപത്യരീതിയില്‍ പ്രതിഷേധം പ്രകടിപ്പിക്കും. അതിന് അവര്‍ക്ക് അവകാശവുമുണ്ട്. എന്നാല്‍ , ജീവനക്കാരെ നേരിടാനും അടിച്ചമര്‍ത്താനും സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇന്നേവരെ പതിവില്ലാത്ത രീതിയില്‍ പൊലീസ് സേനയെക്കൊണ്ട് നിറച്ചിരിക്കുകയാണ്.

സര്‍ക്കാരിനെ അനുകൂലിക്കുന്ന ഒരു പ്രമുഖ പത്രം ഇങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തത്. "കലിക്കറ്റ് സര്‍വകലാശാലയിലെ പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്ന് ക്യാമ്പസില്‍ വന്‍ പൊലീസ് സന്നാഹം. സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതും പിന്നീട് ഡോ. പി പി മുഹമ്മദ് രജിസ്ട്രാറായി തിരിച്ചെത്തിയതടക്കമുള്ള സംഭവങ്ങളെത്തുടര്‍ന്നാണ് പൊലീസ് സേന ക്യാമ്പസിലെത്തിയിരിക്കുന്നത്. എംഎസ്പിയുടെ ഒരു ബറ്റാലിയന്‍ പൊലീസുകാര്‍ വൈസ്ചാന്‍സലറുടെ ഔദ്യോഗികവസതിക്ക് തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ ഒരാഴ്ചയോളമായി ക്യാമ്പ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച തേഞ്ഞിപ്പലം സ്റ്റേഷനിലെ പൊലീസുകാര്‍ക്കു പുറമെ രണ്ടു ബറ്റാലിയന്‍ എംഎസ്പി സേനയും ക്യാമ്പസിലെത്തി." കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ശത്രുസേനയെ നേരിടുന്ന രീതിയിലുള്ള യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പൊലീസിന്റെ സഹായത്തോടെ എന്ത് ജനവിരുദ്ധനയവും നടപ്പാക്കാന്‍ കഴിയുമെന്ന ധിക്കാരപരമായ സമീപനമാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചുകാണുന്നത്. സ്വാശ്രയ മാനേജ്മെന്റുമായുള്ള ഒത്തുകളി ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു. യൂത്ത്ലീഗും, എംഎസ്എഫുംവരെ സര്‍ക്കാരിന്റെ വിദ്യാഭ്യാസനയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത് നാം കണ്ടുകഴിഞ്ഞു. എംഎസ്എഫ് സ്വാശ്രയകോളേജിലേക്ക് മാര്‍ച്ച് നടത്തി. എന്നിട്ടും എസ്എഫ്ഐ സമരം നടത്തുന്നത് അന്യായമാണെന്നും അലോസരം സൃഷ്ടിക്കുന്നതാണെന്നും ആര്‍ക്കാണ് പറയാന്‍ കഴിയുക. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും മുന്‍നിര്‍ത്തി പോരാടുന്ന സംഘടനയാണ് എസ്എഫ്ഐ. മറ്റു മിക്ക വിദ്യാര്‍ഥിസംഘടനകളും സമരരംഗത്താണ്. ഈ വസ്തുത കാണാതെ രമേശ് ചെന്നിത്തല നിയമസഭാ പ്രസംഗത്തില്‍ എസ്എഫ്ഐയെമാത്രം കുറ്റപ്പെടുത്തിയത് രാഷ്ട്രീയതിമിരംമൂലമാണെന്ന് വ്യക്തമാണ്. നന്ദിപ്രമേയം അവതരിപ്പിച്ചുകൊണ്ട് ചെന്നിത്തല പരാമര്‍ശിച്ച മധുവിധുവിന്റെ കാര്യംതന്നെ പരിശോധിക്കാം.

ചിറ്റൂര്‍ എംഎല്‍എ അച്യുതന്‍ രാജിഭീഷണി മുഴക്കി മധുവിധുവിന് അലോസരം സൃഷ്ടിച്ചതില്‍ ഇടതുപക്ഷം എന്തുപിഴച്ചു? പാണക്കാട് തങ്ങള്‍ അഞ്ചാമത്തെ മന്ത്രിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് മധുവിധുവിന് അലങ്കോലം സൃഷ്ടിച്ചെങ്കില്‍ അതിന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തേണ്ടത് ഇടതുപക്ഷത്തെയല്ല. ലോട്ടറിവിഷയം സിബിഐക്ക് വിട്ടപ്പോള്‍ 32 കേസ് മാത്രം തെരഞ്ഞെടുത്തതിനെ പ്രതിപക്ഷനേതാവ് വിമര്‍ശിച്ച അതേശക്തിയോടെ കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശനും അധിക്ഷേപിച്ചു. മുഖ്യമന്ത്രി പറഞ്ഞത് രണ്ടുപേരുടെയും നിര്‍ദേശങ്ങള്‍ അംഗീകരിച്ചു എന്നാണ്. കോണ്‍ഗ്രസ് സാമാജികന്‍ പ്രതിപക്ഷനേതാവിന്റെ ശബ്ദത്തില്‍ സംസാരിച്ചത് മധുവിധു അലങ്കോലപ്പെടുത്തലാണെങ്കില്‍ കുറ്റം പ്രതിപക്ഷത്തിനല്ല. യുഡിഎഫ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ക്ഷണം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് സത്യപ്രതിജ്ഞ ബഹിഷ്കരിച്ച കെ മുരളീധരന്‍ എംഎല്‍എ നേരെ കോഴിക്കോട്ടേക്കുപോയി. റെയില്‍വേസ്റ്റേഷനില്‍ മുരളിക്ക് അനുയായികളുടെ വക ഗംഭീര സ്വീകരണം ലഭിച്ചു. ഇതും മധുവിധു അലങ്കോലപ്പെടുത്തിയെങ്കില്‍ ഉത്തരവാദിത്തം രമേശിന്റെ പാര്‍ടിതന്നെ ഏറ്റെടുത്തേ മതിയാകൂ. ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്.

ഇതെല്ലാം കാണിക്കുന്നത് യുഡിഎഫിന്റെ മധുവിധു അലങ്കോലപ്പെടുത്തുന്നതില്‍ എസ്എഫ്ഐക്ക് ഒരു പങ്കുമില്ലെന്നാണ്. രമേശ് ചെന്നിത്തല സ്വന്തം പാര്‍ടിക്കാരെയും സ്വന്തം മുന്നണിനേതാക്കളെയും കുറ്റപ്പെടുത്തിയാല്‍ മതി. കുറ്റം സ്വയം ഏറ്റെടുക്കുകയുംചെയ്യാം. യുഡിഎഫ് അധികാരമേറ്റെടുത്ത ഉടന്‍ അറുനൂറോളം സിബിഎസ്ഇ സ്കൂളുകള്‍ക്ക് അനുവാദം നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസം തകര്‍ക്കാനാണെന്നതില്‍ സംശയത്തിന് അവകാശമില്ല. ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് അനുവദിക്കാന്‍ ആരോഗ്യമന്ത്രി പച്ചക്കൊടി കാണിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു? വിലക്കയറ്റം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കെ അത് തടയാന്‍ ഒന്നും ചെയ്യാതിരിക്കുന്നത് ന്യായീകരിക്കാനെങ്ങനെ കഴിയും. നിലവിലുള്ള മാനദണ്ഡങ്ങളെല്ലാം മറികടന്ന് സര്‍ക്കാര്‍ ജീവനക്കാരെയും പൊലീസുകാരെയും പ്രതികാരബുദ്ധിയോടെ സ്ഥലംമാറ്റുന്നത് ഭരണം മെച്ചപ്പെടുത്താനാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ച ജനവിരുദ്ധനയങ്ങള്‍ വിവരണാതീതമാണ്. അതിനെതിരെ നടക്കുന്ന പോരാട്ടം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ്രാജിനെതിരെ ബഹുജനങ്ങള്‍ അതിശക്തമായ സമരത്തിന് സന്നദ്ധരായി മുന്നോട്ടുവരുമെന്നതില്‍ സംശയമില്ല.

ദേശാഭിമാനി മുഖപ്രസംഗം 290611

2 comments:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പൊലീസ്രാജ് സംഹാരതാണ്ഡവം നടത്തുമ്പോള്‍ യുഡിഎഫിന്റെ മധുവിധുവിന് എസ്എഫ്ഐ അലോസരം സൃഷ്ടിച്ചെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വിലപിക്കുന്നത്. 2001ലെ യുഡിഎഫ് ഭരണത്തിന്റെ തനിത്തുടര്‍ച്ചയാണ് നിലവിലുള്ളതെന്ന വിലയിരുത്തല്‍ ശരിയാണെന്ന് സമീപകാലത്തെ പൊലീസ് അതിക്രമത്തിന്റെ സത്യസന്ധമായ ചിത്രം വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷ ഉപനേതാവ് ഈ വാഴ്ചയെ ഗ്രനേഡ് ഭരണമെന്ന് വിശേഷിപ്പിച്ചത്.

    ReplyDelete
  2. പട്ടിണിപ്പാവങ്ങളായ കുട്ടികളുടെ ഭാവി ഇല്ലാതാക്കി നേതാക്കള്‍ക്ക് ഓശാന പാ‍ടുന്ന എസ്.എഫ്.ഐ കുട്ടി സഖാക്കളെ ഒരു നാള്‍ നിങ്ങളും മനസ് മാറ്റുമെന്നറിയാം... പക്ഷെ അന്ന് അടുത്ത ജനറേഷന്‍ കുട്ടികള്‍ നിങ്ങള്‍ക്കെതിരെ കൊടിപിടിക്കാനുണ്ടായിരിക്കും!

    ReplyDelete