Friday, June 24, 2011

പൊറുക്കാനാകാത്ത ആക്രമണം

ജനങ്ങള്‍ക്കുനേരെ ഒരേ ദിവസം മൂന്ന് ആക്രമണമാണുണ്ടായത്. പതിമൂന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ഗവര്‍ണര്‍ യുഡിഎഫ് സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തിനെയാണോ സര്‍വശക്തിയുമെടുത്ത് അകറ്റിനിര്‍ത്തിയിരുന്നത് ആ നയത്തെയാണ്; ആഗോളവല്‍ക്കരണ നയങ്ങളോട് പൊരുത്തപ്പെടുന്ന ജനവിരുദ്ധ സമീപനത്തെയാണ് ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ഉമ്മന്‍ചാണ്ടിസര്‍ക്കാരിനുവേണ്ടി നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ചത്. ആ പ്രസംഗം അവസാനിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം നിയമസഭയ്ക്കുപുറത്ത് വിദ്യാര്‍ഥിസമരത്തോട് പൊലീസ് ശത്രുസൈന്യത്തോടെന്നപോലെ പെരുമാറുന്നതാണ് ദൃശ്യമായത്.

യൂണിവേഴ്സിറ്റി കോളേജ് വളഞ്ഞ് അകത്തുള്ള കുട്ടികള്‍ക്കുനേരെ പൊലീസ് ടിയര്‍ഗ്യാസ് ഷെല്ലും കല്ലും ഗ്രനേഡും വര്‍ഷിച്ചു. പ്രകടനമോ പിക്കറ്റിങ്ങോ നടത്തുന്നതിനിടെ സംഘര്‍ഷമുണ്ടായാല്‍ പൊലീസ് ബലം പ്രയോഗിക്കുന്നത് മനസ്സിലാക്കാം. ഇവിടെ, ഒരു കലാലയത്തിലേക്ക് കുട്ടികളെ ഓടിച്ചുകയറ്റി ബന്ദികളാക്കി വളഞ്ഞിട്ട് ആക്രമിക്കുകയാണുണ്ടായത്. ഏതെങ്കിലും വിദ്രോഹ മുദ്രാവാക്യമുയര്‍ത്തിയല്ല; കേരളത്തിന്റെ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. ഇതേസമയം തന്നെ ഡല്‍ഹിയില്‍ യുപിഎ സര്‍ക്കാരിന്റെ ഉന്നത നേതൃത്വം തിരക്കിട്ട് തയ്യാറെടുത്തത് ഡീസലിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും പരമാവധി വില വര്‍ധിപ്പിക്കുന്ന തീരുമാനം എത്രയും വേഗം പ്രഖ്യാപിക്കാനാണ്. ഒരുവശത്ത് വിലക്കയറ്റത്തിലൂടെ, പിന്നൊരു വശത്ത് പൊലീസടക്കമുള്ള ഭരണസംവിധാനങ്ങളുപയോഗിച്ച്, മറുവശത്ത് അടിമുടി ജനവിരുദ്ധമായതും അഴിമതി നിറഞ്ഞുനില്‍ക്കുന്നതുമായ നയങ്ങളുടെ പ്രയോഗത്തിലൂടെ. ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ ബഹുമുഖമായ ആക്രമണത്തെയാണ് നേരിടുന്നത്. അത്തരമൊരാക്രമണത്തിന്റെ എല്ലാ സ്വഭാവവും ഗവര്‍ണര്‍ ആര്‍ എസ് ഗവായ് അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ തെളിഞ്ഞുനില്‍പ്പുണ്ട്.

രാഷ്ട്രീയവിദ്വേഷം കുത്തിനിറച്ചതും കേന്ദ്ര യുപിഎ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കുന്ന നവ ലിബറല്‍നയങ്ങളിലേക്ക് കേരളത്തെ തിരിച്ചുകൊണ്ടുപോകുന്നതുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. അതില്‍ ഒരേസമയം മുന്‍സര്‍ക്കാരിനെ പൂര്‍ണമായും കുറ്റപ്പെടുത്തുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പല പദ്ധതിയും ആവര്‍ത്തിക്കുകയും ചെയ്യുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ നിലവാരത്തിലേക്ക് ഗവര്‍ണര്‍പദവിയെ ഇകഴ്ത്തിക്കൊണ്ടാണ്, എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ആക്ഷേപങ്ങള്‍ പ്രസംഗത്തില്‍ കുത്തിനിറച്ചത്. ദേശീയതലത്തില്‍ നിരവധിപുരസ്കാരം നേടിയതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ക്രമസമാധാനപാലനമെന്ന വസ്തുത മറച്ചുവച്ച് അഞ്ചുവര്‍ഷമായി കേരളത്തില്‍ ക്രമസമാധാനനില തകരാറിലായി&ലരശൃര;എന്നാണ് പ്രസംഗത്തില്‍ പറയുന്നത്. അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയ കുറ്റങ്ങളും മുന്‍ സര്‍ക്കാരില്‍ ചാര്‍ത്തുന്നു- അന്ന് പ്രതിപക്ഷത്തായിരുന്ന യുഡിഎഫിന് ഒരിക്കല്‍പ്പോലും ഇത്തരം ആക്ഷേപങ്ങള്‍ ഗൗരവമായി ഉന്നയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഓര്‍ക്കണം. "കരുതലി"നെക്കുറിച്ചുള്ള വാചകങ്ങളല്ലാതെ പുതിയ കേരളത്തിനുവേണ്ട ഭാവനാപൂര്‍ണമായ പദ്ധതികളൊന്നും നയപ്രഖ്യാപനത്തിലില്ല.

അഴിമതിരഹിത സുതാര്യഭരണം, അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ , നിക്ഷേപ സൗഹൃദസംസ്ഥാനം, കാര്‍ഷികമേഖല ശക്തിപ്പെടുത്തും, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം പദ്ധതികള്‍ക്ക് മുന്‍ഗണന എന്നിങ്ങനെ പ്രഖ്യാപനങ്ങളുടെ പെരുമഴ പ്രസംഗത്തിലുണ്ടെങ്കിലും അവ സാക്ഷാല്‍ക്കരിക്കാന്‍ മൂര്‍ത്തമായ നിര്‍ദേശങ്ങളോ സമീപനമോ ഇല്ല. അഴിമതിയാരോപണ വിധേയരായ നിരവധിപേര്‍ മന്ത്രിസഭയില്‍ ഇരിക്കവെ, അഴിമതി വിരുദ്ധ ഭരണം ഉറപ്പാക്കുമെന്നു പറയുന്നത് പരിഹാസ്യംതന്നെ. എല്ലാ മേഖലയിലും സ്വകാര്യ പങ്കാളിത്തം സ്വാഗതംചെയ്യുകയാണ് നയമെന്ന് പ്രസംഗത്തിലുടനീളം വ്യക്തമാകുന്നു. റോഡ് വികസനം സ്വകാര്യഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള കരുനീക്കവും അതിലുണ്ട്. ഇന്നലെവരെ കേള്‍ക്കാതിരുന്ന പുതിയൊരു കാര്യം യുഡിഎഫ് പറഞ്ഞുതുടങ്ങിയിട്ടുണ്ട്- കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്. അതിന്റെ ചുവടുപിടിച്ച് ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്നതിന്റെ സൂചന നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. നിലവില്‍ അര്‍ഹരായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമപദ്ധതികളുണ്ട്. അവ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ക്ഷേമ പെന്‍ഷനുകളെക്കുറിച്ച് നയപ്രഖ്യാപനം മൗനം പാലിക്കുന്നു. പെന്‍ഷനുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചതനുസരിച്ച് ഉയര്‍ത്തുമോ ഇല്ലയോ എന്ന് മിണ്ടുന്നില്ല.

ഒരു രൂപയുടെ അരി ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുമെന്നു പറയുന്നു. രണ്ടുരൂപയ്ക്ക് ഇന്ന് നല്‍കിവരുന്ന അരി നിലവിലുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും തുടര്‍ന്നും ലഭ്യമാക്കുമോ എന്നതിന് ഉത്തരമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 40,000 കോടി രൂപയുടെ റോഡ് വികസന പദ്ധതി പ്രതീക്ഷാനിര്‍ഭരമായിരുന്നു. അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. പഞ്ചായത്തീരാജ്, മുനിസിപ്പല്‍ ആക്ടുകള്‍ ഭേദഗതി ചെയ്യാനുള്ള നീക്കം ഇപ്പോഴത്തെ അശാസ്ത്രീയമായ വകുപ്പുവിഭജനത്തിന് ന്യായീകരണം നല്‍കുന്നതിനാണ്. നാനാഭാഗത്തുനിന്ന് എതിര്‍പ്പുയര്‍ന്നിട്ടും പ്രായോഗികമായ നിരവധി വൈഷമ്യമുണ്ടായിട്ടും വകുപ്പിനെ വെട്ടിമുറിച്ച തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറല്ല എന്നാണിതില്‍ വ്യക്തമാകുന്നത്. കുടുംബശ്രീയോടൊപ്പം ഇതര സംഘങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുമെന്ന പ്രഖ്യാപനം കുടുംബശ്രീയുടെ തളര്‍ത്താനുള്ള വഴിയാണെന്ന് സംശയിക്കണം.

കേരളത്തെ അഞ്ചുകൊല്ലം മുമ്പത്തെ അവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകാനാണ് നീക്കം. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ ആനുകൂല്യങ്ങളില്‍ ഒന്നുപോലും പിടിച്ചെടുക്കാന്‍ പ്രബുദ്ധകേരളം അനുവദിക്കാന്‍ പോകുന്നില്ല. സ്വാശ്രയക്കച്ചവടക്കാരെ കയറൂരിവിട്ട് സാധാരണക്കാരായ വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തില്‍നിന്ന് പരിപൂര്‍ണമായി അകറ്റിനിര്‍ത്താനുള്ള നീക്കത്തിനെതിരായ സമരം വിദ്യാര്‍ഥികളില്‍ ഒതുങ്ങാന്‍പോകുന്നില്ല. രണ്ടു സീറ്റിന്റെ വ്യത്യാസത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് തികഞ്ഞ അഹന്തയാണ്, ജനദ്രോഹമാണ് തുടക്കംമുതല്‍ കാട്ടുന്നത്. അതിന്റെ മകുടോദാഹരണമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം സമീപനം തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് പോരാട്ടത്തിനിറങ്ങാതെ നിര്‍വാഹമില്ല. അത്തരമൊരു സംഘര്‍ഷത്തിന്റെ അവസ്ഥയിലേക്കുള്ള വഴിയാണ് വികലമായ നയപ്രഖ്യാപനത്തിലൂടെ തുറന്നിട്ടത്. ഈ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഭരണത്തിന്റെ തുടക്കത്തില്‍ത്തന്നെ ജനങ്ങളാല്‍ തിരസ്കരിക്കപ്പെടുക എന്ന ദുരനുഭവം യുഡിഎഫ് നേരിടേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല.

ദേശാഭിമാനി മുഖപ്രസംഗം 250611

1 comment:

  1. ജനങ്ങള്‍ക്കുനേരെ ഒരേ ദിവസം മൂന്ന് ആക്രമണമാണുണ്ടായത്. പതിമൂന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ ഗവര്‍ണര്‍ യുഡിഎഫ് സര്‍ക്കാരിന്റെ നയം പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തിനെയാണോ സര്‍വശക്തിയുമെടുത്ത് അകറ്റിനിര്‍ത്തിയിരുന്നത് ആ നയത്തെയാണ്; ആഗോളവല്‍ക്കരണ നയങ്ങളോട് പൊരുത്തപ്പെടുന്ന ജനവിരുദ്ധ സമീപനത്തെയാണ് ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ഉമ്മന്‍ചാണ്ടിസര്‍ക്കാരിനുവേണ്ടി നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ചത്. ആ പ്രസംഗം അവസാനിച്ച് ഏതാനും നിമിഷങ്ങള്‍ക്കകം നിയമസഭയ്ക്കുപുറത്ത് വിദ്യാര്‍ഥിസമരത്തോട് പൊലീസ് ശത്രുസൈന്യത്തോടെന്നപോലെ പെരുമാറുന്നതാണ് ദൃശ്യമായത്.

    ReplyDelete