Thursday, June 30, 2011

വിദ്യാര്‍ഥി യുവജനവേട്ടയ്ക്ക് വലിയ വില നല്‍കേണ്ടിവരും

വിദ്യാര്‍ഥികളുടെ ചോരയില്‍ ചവിട്ടിനിന്ന് ഇവിടെ ഭരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാഘവയ്യയുടെയും സര്‍ സിപി രാമസ്വാമി അയ്യരുടെയും മര്‍ദനകാര്യത്തില്‍ ഒട്ടും മോശമില്ലാത്ത പറവൂര്‍ ടി കെ നാരായണപിള്ളയുടെയും കെ കരുണാകരന്റെയും കഥ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്കുയര്‍ന്ന മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നത് നന്നായിരിക്കും.

ഈ അതിക്രൂരമായ മര്‍ദനനയം കേരളത്തിലെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളാകെയും അനുവദിച്ചുകൊടുക്കുമെന്നാണ് കരുതുന്നതെങ്കില്‍ ഉടന്‍ തന്നെ ആ കണക്കുകൂട്ടിലുകള്‍ തെറ്റിപ്പോയെന്ന് മനസ്സിലാകും. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു പ്രകോപനവുമില്ലാതെ പൊലീസ് സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തിന് പരിഹാരം കാണാന്‍വേണ്ടി സമരരംഗത്തിറങ്ങിയ വിദ്യാര്‍ഥികളെ തല്ലിച്ചതക്കുകയും അവരെ വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്യുന്ന കാഴ്ച ടെലിവിഷന്‍ സ്‌ക്രീനിലൂടെ കേരളത്തിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥി യുവജനസംഘടനകളോടുള്ള ഈ സമീപനം യാദൃച്ഛികമാണെന്ന് കരുതാന്‍ വയ്യ. അതിന് തെളിവാണ് ചൊവ്വാഴ്ച നിയമസഭയില്‍ ഈ പ്രശ്‌നം സംബന്ധിച്ച് അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ അനുമതി നല്‍കാതിരിക്കാന്‍ നടത്തിയ വിശദീകരണം വ്യക്തമാക്കുന്നത്. 'പ്രതിഷേധത്തിന്റെ പേരില്‍ തെരുവുയുദ്ധം നടത്തിയാല്‍ പൊലീസിന് നോക്കിനില്‍ക്കാന്‍ കഴിയുമോ?' എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്'. തന്റെ കൂടെ നിയമസഭയിലിരിക്കുന്ന ഒരംഗത്തിനുപോലും തല്ല് കിട്ടിയ കാര്യം മുഖ്യമന്ത്രി നിഷേധിച്ചില്ല.

ഇപ്പോള്‍ സംസ്ഥാന വ്യാപകമായി വിദ്യാര്‍ഥികളും യുവജനങ്ങളും നടത്തുന്ന ഈ പ്രതിഷേധ സമരത്തിന്  നിദാനമായ വസ്തുത മാധ്യമങ്ങളിലൂടെ വിശേഷിച്ചും ദൃശ്യമാധ്യമങ്ങളിലൂടെ ജനങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പ്രശ്‌നത്തിന്റെ കാഠിന്യം അന്വേഷിച്ച് ചെല്ലുമ്പോള്‍ മെഡിക്കല്‍ കോളജുകളില്‍ നടക്കുന്ന ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ നിഷേധാത്മകവും ധിക്കാരപരവുമായ നിലപാടാണ് നമുക്ക് കാണാന്‍ കഴിയുന്നത്. വിദ്യാഭ്യാസ കച്ചവടം പണം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗമായി മുന്‍കൂട്ടി കണ്ട ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് യുഡിഎഫ് മന്ത്രിസഭ വന്നതോടെ ഇരട്ടക്കരള്‍ വച്ചതുപോലെയായിരിക്കുന്നു. ഇത് പ്രതീക്ഷിച്ചതുമാണ്. അതിനുവേണ്ടിയാണ് ഇതുപോലൊരു മന്ത്രിസഭയെ അധികാരത്തില്‍കൊണ്ടുവരാന്‍ അവര്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചത്. പക്ഷേ അവര്‍ മനസ്സിലാക്കാത്ത ഒന്നുണ്ട്. കേരളത്തിലാണ് അവരുടെ ഈ കോളജുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന കാര്യം. അങ്ങനെയാണെങ്കില്‍ ഈ നാടിന്റെ നിയമം അവര്‍ക്കും ബാധകമാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് നിയമനിഷേധവും ധിക്കാരവുമാണ്.

ഈ നാട്ടിലെ ജനങ്ങളോ ഗവണ്‍മെന്റോ ആവശ്യപ്പെട്ടിട്ടല്ല സ്വകാര്യമേഖലയില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടുവന്നത്. അന്ന് എകെ ആന്റണിയുടെ മന്ത്രിസഭ ഇതിന് എന്‍ഒസി നല്‍കിയത് വ്യക്തമായ ഒരു വ്യവസ്ഥയോടുകൂടിയായിരുന്നു. രണ്ട് സ്വാശ്രയ കോളജുകള്‍ = ഒരു പൊതുമേഖലയിലുള്ള കോളജ് എന്നതായിരുന്നു ആ പ്രഖ്യാപനം. 50 സീറ്റ് മാനേജ്‌മെന്റ് കച്ചവടത്തിനുവേണ്ടിയും 50 സീറ്റ് ഗവണ്‍മെന്റിനും എന്നതായിരുന്നു വ്യവസ്ഥ. ഇതൊരു മഹാകാര്യമായി അന്നത്തെ ഭരണാധികാരികള്‍ ഉയര്‍ത്തിക്കാട്ടുകയുണ്ടായി. 50 ശതമാനം സീറ്റിലെങ്കിലും സര്‍ക്കാര്‍ കൊടുക്കുന്ന ലിസ്റ്റില്‍ നിന്നും സാമൂഹ്യനീതിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കിയാല്‍ മിടുക്കന്‍മാരായ പാവപ്പെട്ട കുട്ടികള്‍ക്കും ഡോക്ടര്‍മാരാകാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു. ഗവണ്‍മെന്റ് നടത്തുന്ന ഒരു പ്രവേശന പരീക്ഷയ്ക്ക് ശേഷം തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നുവേണം എല്ലാ സീറ്റിലേക്കും വിദ്യാര്‍ഥികളെ നിയമിക്കേണ്ടത് എന്നും വ്യവസ്ഥയുണ്ടായിരുന്നു.

തുടക്കം മുതല്‍ ഇതെല്ലാം കാറ്റില്‍പറത്താനാണ് സ്വകാര്യ മാനേജ്‌മെന്റുകള്‍ വിശേഷിച്ചും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ എന്ന സംവിധാനത്തിന്റെ കീഴിലുള്ള കോളജുകള്‍ സ്വന്തമായി പരീക്ഷ നടത്താനും അവര്‍ തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്ന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനും ഗവണ്‍മെന്റിനെ വെല്ലുവിളിച്ചുകൊണ്ട് തീരുമാനമെടുത്തത്. മെഡിക്കല്‍ കൗണ്‍സിലിന്റെയോ കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയോ മാര്‍ഗനിര്‍ദേശങ്ങള്‍ പോലും കരുതിക്കൂട്ടി അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ്. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള മാനദണ്ഡവും ഫീസ് ഘടനയെ സംബന്ധിച്ച തീരുമാനവുമെടുക്കാന്‍ കേരള ഗവണ്‍മെന്റ് തീരുമാനിച്ച മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍പൊലും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ കൈക്കൊണ്ടത്. ഗവണ്‍മെന്റിന് ന്യായമായി ലഭിക്കേണ്ട 50 ശതമാനം സീറ്റ് നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പരസ്യമായി തന്നെ പ്രഖ്യാപിച്ചു. മുഹമ്മദ്കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കെതിരായി കോടതിയില്‍ പോയി വിധി സമ്പാദിക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ കോടതികള്‍ പലപ്പോഴും സാമൂഹ്യനീതിയുടെ പ്രശ്‌നം പരിഹരിക്കാതെ ഈ മാനേജ്‌മെന്റുകള്‍ക്ക് സഹായകരമായ നിലപാട് എടുക്കുന്നത് നിയമനിഷേധത്തിന് കൂടുതല്‍ കരുത്ത് പകരുന്നു. നിലവിലുള്ള നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി കൊഴുത്ത കോഴ വാങ്ങി നിയമിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യമാണ് തങ്ങള്‍ക്ക് വലുതെന്ന് ഞെളിഞ്ഞ് നിന്നവര്‍ പ്രസംഗിക്കുന്നു. യുഡിഎഫ് ഗവണ്‍മെന്റ് പുറത്ത് എന്ത് പറഞ്ഞാലും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ വഴിക്ക് വഴങ്ങുമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഈ വര്‍ഷം പിജി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ന്യായമായി കിട്ടേണ്ട 50 ശതമാനം സീറ്റ് നേടിയെടുക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമൊന്നും ഇപ്പോഴത്തെ ഗവണ്‍മെന്റ് സ്വീകരിച്ചുകണ്ടില്ല. ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെ പരിധിയിലൊന്നും ഇപ്പോള്‍ ക്രിസ്ത്യന്‍ മാനേജമെന്റുകള്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടം പെടുന്നില്ല.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഇറങ്ങിയിട്ടുള്ളത്. കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ തീരുമാനിക്കുന്നതുപോലെയും വ്യാഖ്യാനിക്കുന്നതുപോലെയുമാണ് നിയമങ്ങള്‍ എന്നുവിചാരിച്ചാല്‍ അത് സമ്മതിച്ചുകൊടുക്കാനാവില്ല. വിദ്യാര്‍ഥിസമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചാല്‍ കേരളജനത സഹിക്കുകയില്ല, പൊറുക്കുകയില്ല. യുവജനനേതാക്കന്‍മാരെയും വിദ്യാര്‍ത്ഥി നേതാക്കളെയും പ്രത്യേകം തടഞ്ഞുവച്ച് തലയ്ക്കടിച്ചും മര്‍മ്മസ്ഥാനങ്ങളില്‍ ലാത്തിപ്രയോഗിച്ചും മൃതപ്രായരാക്കുന്നത് ഏത് പൊലീസ് നിയമത്തില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. ലാത്തിചാര്‍ജിനും കണ്ണീര്‍വാതക പ്രയോഗത്തിനും ഗ്രനേഡ് പ്രയോഗത്തിനും മുന്‍പ് സ്വീകരിക്കേണ്ട എന്തെങ്കിലും മുന്നറിയിപ്പുകള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടോ? ഇല്ലെന്നുള്ളതല്ലേ സത്യം. നിയമത്തിന് നിരക്കാത്ത മര്‍ദനമുറകളാണ് കഷ്ടിച്ച് മൂന്നുപേരുടെ പിന്തുണയുള്ള ദുര്‍ബലമായ ഒരു ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ഇത് തുടര്‍ന്നാല്‍ അവര്‍ക്ക് വലിയവില കൊടുക്കേണ്ടിവരും. ഇടതുപക്ഷ യുവജനവിദ്യാര്‍ഥികള്‍ മാത്രമല്ല, കോണ്‍ഗ്രസിന്റേതെന്ന് പറയുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കും കയ്യും കെട്ടി നോക്കിനില്‍ക്കാനാകുമെന്ന് കരുതുന്നില്ല.

ഇനി ആ പഴയകഥകള്‍. 1921ല്‍ ഇന്നേക്ക് 90 വര്‍ഷം മുമ്പ് ഫീസ് വര്‍ധനവിനെതിരെ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയപ്പോള്‍ അവരെ അതിക്രൂരമായി പൊലീസ് മര്‍ദ്ദിച്ചു. ഇതിനെതിരെ നാടാകെ തന്നെ പ്രതിഷേധമുയര്‍ന്നു. കടലിനും കായലിനുമിടയിലുള്ള ആലപ്പാട്ട് നിന്നും അക്കാലത്ത് പുറപ്പെട്ടിരുന്ന ഒരു ചെറിയ പത്രം അതിന്റെ മുഖപ്രസംഗത്തില്‍ എഴുതിയ ചില വരികള്‍ ഇങ്ങനെ: ''വിദ്യാര്‍ഥികളുടെ നേരെ വിശേഷിച്ചും സരസ്വതി ക്ഷേത്രങ്ങളായ സ്‌കൂളില്‍ വച്ച് ഇങ്ങനെയുള്ള മര്‍ദനമുറകള്‍ യാതൊരു പരിഷ്‌കൃത ഗവണ്‍മെന്റും ചെയ്തതായി ഞങ്ങള്‍ക്കറിയില്ല. വിദ്യാര്‍ഥികള്‍ കുറ്റക്കാരായാല്‍ പോലും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ ബുദ്ധിക്കും മനസ്സിനും ശരിയായ പരിപാകം സിദ്ധിച്ചിട്ടില്ലാത്തവരാണെന്ന് മനസ്സിലാക്കി ക്ഷമിക്കുന്നതിനുപകരം ഭരണമേധാവികള്‍കൂടി അവര്‍ക്കുനേരെ പോര്‍വിളിച്ച് പൊലീസ് മര്‍ദനനയനാടകം അഭിനയിച്ചത് വളരെ സാഹസകരവും സങ്കടകരവുമാണെന്ന് തീര്‍ത്തും പറയാതെ വയ്യ.''

സ്വാതന്ത്ര്യസമരസേനാനിയും നവോത്ഥാനനായകരില്‍ ഒരാളുമായ വി വി വേലുക്കുട്ടി അരയന്‍ തന്റെ 'അരയന്‍' എന്ന മാസികയിലാണ് ഇത് ഉദ്ധരിച്ചിട്ടുള്ളത്. സ്വന്തം അനുഭവത്തില്‍ നിന്നുതന്നെ എത്രയോ വിദ്യാര്‍ഥി സമരകഥകള്‍ ഇനിയും പറയാനുണ്ട്. അടിയന്തരാവസ്ഥ കാലത്ത് കെ കരുണാകരന്‍ നടത്തിയ വിദ്യാര്‍ഥിവേട്ട മുഖ്യമന്ത്രി മറക്കാന്‍ സമയമായിട്ടില്ലല്ലോ. കോഴിക്കോട്ട് റീജിയണല്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ രാജനെ അറസ്റ്റ് ചെയ്ത് മൃതശരീരം പോലും കാണാന്‍ കഴിയാത്തവിധം പൊലീസ് ചുട്ടുകരിച്ച സംഭവത്തിന് അന്ന് ശക്തനായിരുന്ന കെ കരുണാകരന്‍ നല്‍കേണ്ടിവന്ന വില മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങിപ്പോകേണ്ടിവന്നു എന്ന വസ്തുത ഇപ്പോഴത്തെ മുഖ്യമന്ത്രി മറക്കരുത്. തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളും സഖാക്കളും പൊലീസിന്റെ ക്രൂരമര്‍ദനമേറ്റ് ചോരയൊലിപ്പിച്ചുനില്‍ക്കുന്ന രംഗം ഇനി സഹിക്കാന്‍ കേരളം തയ്യാറാകുകയില്ല.

മര്‍ദനമേറ്റ ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ട് ആശങ്കയുണര്‍ത്തുന്നു. അതിക്രമം കാട്ടുന്ന പൊലീസുകാര്‍ ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ സുഖം അനുഭവിക്കുന്ന ലക്ഷ്മണയുടെ കഥയും മറക്കാതിരിക്കുക. ഈ അക്രമണം ഇവിടെവച്ച് നിര്‍ത്തുക.

ഇതിന് മുഖ്യമന്ത്രി വിദ്യാര്‍ഥികളോടും യുജനങ്ങളോടും പൊതുസമൂഹത്തോടും മാപ്പ് പറയണം.

തെങ്ങമം ബാലകൃഷ്ണന്‍ ജനയുഗം 300611

1 comment:

  1. വിദ്യാര്‍ഥികളുടെ ചോരയില്‍ ചവിട്ടിനിന്ന് ഇവിടെ ഭരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാഘവയ്യയുടെയും സര്‍ സിപി രാമസ്വാമി അയ്യരുടെയും മര്‍ദനകാര്യത്തില്‍ ഒട്ടും മോശമില്ലാത്ത പറവൂര്‍ ടി കെ നാരായണപിള്ളയുടെയും കെ കരുണാകരന്റെയും കഥ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്കുയര്‍ന്ന മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ഓര്‍ക്കുന്നത് നന്നായിരിക്കും.

    ReplyDelete