Wednesday, June 29, 2011

യു ഡി എഫിന്റെ അവകാശ വാദങ്ങളുടെ മുനയൊടിഞ്ഞു

തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണ് അധികാരത്തില്‍ വന്നതെങ്കിലും സഭ മുഴുവന്‍ തങ്ങളാണെന്ന ഭാവത്തിലാണ് ഭരണപക്ഷം. നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഭരണകക്ഷി അംഗങ്ങളുടെ ശ്രമം തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിക്കാനായിരുന്നു. എന്നാല്‍ നിയമസഭയാ തിരഞ്ഞെടുപ്പില്‍ ജില്ലകള്‍ തിരിച്ചുള്ള കണക്കും വോട്ടിന്റെ നിലവാരവും കൃത്യമായി അവതരിപ്പിച്ച് പ്രതിപക്ഷം ഭരണപക്ഷത്തിന്റെ വാദമുഖങ്ങളുടെ മുനയൊടിച്ചു. ജനവിധിയില്‍ അഹങ്കരിക്കാന്‍ യു ഡി എഫിനൊന്നുമില്ലെന്ന ഓര്‍മപ്പെടുത്തലാണ് നന്ദി പ്രമേയ ചര്‍ച്ചയില്‍ കേട്ടത്.

ചര്‍ച്ചയുടെ രണ്ടാം ദിനവും രാഷ്ട്രീയ സംവാദത്തിന്റെ വേദിയായിരുന്നു സഭ. ദേശീയ രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങള്‍വരെ സൂക്ഷ്മ വിശകലനത്തിന് വിധേയമായി. ചര്‍ച്ച തുടങ്ങിവച്ച കോണ്‍ഗ്രസിലെ സണ്ണി ജോസഫ് യു ഡി എഫിന് ലഭിച്ചത് മികച്ച വിജയമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.

ഈ വര്‍ഷത്തെ കറുത്ത പ്രസംഗം എന്നാണ് നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ചുള്ള ജി സുധാകരന്റെ അഭിപ്രായം. ചരമ ശുശ്രൂഷ നടത്തുന്ന വൈദികന്റെ രൂപമാണ് നയപ്രഖ്യാപനം നടത്തിയ ഗവര്‍ണറില്‍ സുധാകരന് കാണാനായത്. മാറ്റത്തിനുള്ള ആഹ്വാനത്തിനൊപ്പം ജനങ്ങള്‍ യു ഡി എഫിന് താക്കീതും നല്‍കിയതാണ് സീറ്റ് കുറയാനിടയാക്കിയതെന്നാണ് മുസ്‌ലീം ലീഗിലെ ടി എ അഹമ്മദ് കബീറിന്റെ നിരീക്ഷണം.

ഡപ്യൂട്ടി സ്പീക്കര്‍ പദവിയെ അപമാനിച്ചയാളെ ചീഫ് വിപ്പാക്കിയതിലുള്ള രോഷമാണ് കെ രാജു പ്രകടിപ്പിച്ചത്. ബംഗാളിലെ ഇടതുപക്ഷത്തിന്റെ തോല്‍വിയെക്കുറിച്ച് പറഞ്ഞ രമേശ് ചെന്നിത്തല ബംഗാളിലെ കോണ്‍ഗ്രസിന്റെ സ്ഥിതിയെക്കുറിച്ച് കൂടി പറയണമെന്നാണ് ജമീല പ്രകാശത്തിന്റെ അഭിപ്രായം.#ായു ഡി എഫ് പ്രാദേശിക നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രസംഗമാണ് ഗവര്‍ണറിലൂടെ കേട്ടതെന്നാണ് എസ് ശര്‍മ്മയുടെ വാദം. സഭയുടെ ചരിത്രത്തിലെ അപമാനകരമായ വിലകുറഞ്ഞ പ്രസംഗമാണ് ഗവര്‍ണറുടേതെന്ന വിലയിരുത്തലും ശര്‍മ്മ നടത്തി. കേരളത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെ കോണ്‍ഗ്രസുകാര്‍ തന്നെ അട്ടിമറിച്ച ചരിത്രം അക്കമിട്ട് നിരത്തിയ സുരേഷ്‌കുറുപ്പ്, ഉമ്മന്‍ചാണ്ടിയെ കാലാവധി പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാത്ത അന്തകവിത്തുകള്‍ സഭയ്ക്ക് അകത്തും പുറത്തുമുണ്ടെന്ന പ്രവചനവും നടത്തി. കൊല്ലം ജില്ലയിലെ കോണ്‍ഗ്രസിന്റെ ദയനീയാവസ്ഥയെക്കുറിച്ച് അവരെ ഓര്‍മപ്പെടുത്തിയാണ് എ എ അസീസ് പ്രസംഗം തുടങ്ങിയത്.

വികസന പദ്ധതികളെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫ്രീസറില്‍ വച്ചുവെന്നാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ വാദം. ആവേശംമൂത്ത് പ്രസംഗത്തിനൊടുവില്‍ നയപ്രഖ്യാപനത്തെ എതിര്‍ത്ത് രണ്ടത്താണി വെട്ടിലുമായി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിച്ചത് എല്‍ ഡി എഫ് സര്‍ക്കാരാണെന്നത് മറച്ചുവച്ചാണ് യു ഡി എഫ് ഗവര്‍ണറെകൊണ്ട് പ്രസംഗിപ്പിച്ചതെന്ന് ഇ ചന്ദ്രശഖരന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിവിധ മത സംഘടനകളില്‍ ലയിക്കുകയാണെന്നാണ് എം എ ബേബിയുടെ നിരീക്ഷണം. നന്ദിപ്രമേയ ചര്‍ച്ച ഇന്ന് സമാപിക്കും.ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പായിരുന്നു സഭയുടെ മറ്റൊരു പ്രധാന അജണ്ട. സി പി ഐലെ ബി എസ് ബിജിമോളും കോണ്‍ഗ്രസിലെ എന്‍ ശക്തനും തമ്മിലായിരുന്നു മത്സരം. എന്‍ ശക്തന്‍ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു എന്നാരോപിച്ചുകൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്  രാവിലെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
(കെ എസ് അരുണ്‍)

janayugom 290611

1 comment:

  1. തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണ് അധികാരത്തില്‍ വന്നതെങ്കിലും സഭ മുഴുവന്‍ തങ്ങളാണെന്ന ഭാവത്തിലാണ് ഭരണപക്ഷം. നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഭരണകക്ഷി അംഗങ്ങളുടെ ശ്രമം തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിക്കാനായിരുന്നു. എന്നാല്‍ നിയമസഭയാ തിരഞ്ഞെടുപ്പില്‍ ജില്ലകള്‍ തിരിച്ചുള്ള കണക്കും വോട്ടിന്റെ നിലവാരവും കൃത്യമായി അവതരിപ്പിച്ച് പ്രതിപക്ഷം ഭരണപക്ഷത്തിന്റെ വാദമുഖങ്ങളുടെ മുനയൊടിച്ചു. ജനവിധിയില്‍ അഹങ്കരിക്കാന്‍ യു ഡി എഫിനൊന്നുമില്ലെന്ന ഓര്‍മപ്പെടുത്തലാണ് നന്ദി പ്രമേയ ചര്‍ച്ചയില്‍ കേട്ടത്.

    ReplyDelete