Wednesday, June 29, 2011

വംശനാശം വന്നുവെന്ന് കരുതിയ കണ്ടല്‍ കണ്ടെത്തി

കൊല്ലം: അപ്രത്യക്ഷമായെന്ന് കരുതിയിരുന്ന അപൂര്‍വയിനം കണ്ടല്‍ നീണ്ടകരയ്ക്ക് സമീപം പുത്തന്‍തുരുത്തില്‍ അഷ്ടമുടിക്കായലോരത്ത് കണ്ടെത്തി. 'ചെറുകണ്ടല്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈയിനം കണ്ടല്‍ച്ചെടികള്‍ക്ക് മത്സ്യങ്ങള്‍ക്ക്  ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ വലിയ പങ്കാണുള്ളത്.
'യെല്ലോ മാന്‍ഗ്രോവ്' എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ കണ്ടല്‍ ഇനത്തിന്റെ ശാസ്ത്രീയനാമം 'സെറിയോപ്‌സ് ടഗല്‍' എന്നാണ്. പരിഷത്ത് പ്രവര്‍ത്തകനും പരിസ്ഥിതി സ്‌നേഹിയുമായ വി കെ മധുസൂദനനാണ് ഇത് കണ്ടെത്തിയത്. സസ്യശാസ്ത്രജ്ഞനായ ഡോ. എന്‍ രവിയും വനംവകുപ്പ് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ് സണ്ണും ഇവിടെയെത്തി അപൂര്‍വയിനമാണെന്നകാര്യം സ്ഥിരീകരിച്ചിരുന്നു.

ഇലകള്‍ക്ക് മഞ്ഞ കലര്‍ന്ന നിറമാണ് ഈയിനം കണ്ടല്‍ ചെടികള്‍ക്കുള്ളത്. പസഫിക് തീരങ്ങളിലും വടക്കന്‍ ഓസ്‌ട്രേലിയയിലുമാണ് ഇവ വ്യാപകമായുള്ളത്. ഏഴ് സെന്റീമീറ്റര്‍ നീളവും നാല് സെന്റീമീറ്റര്‍ വീതിയുമുള്ള ഇവയുടെ ഇലകള്‍ക്ക് ഓവല്‍ ആകൃതിയാണുള്ളത്. വെള്ള നിറത്തിലുള്ള ഇവയുടെ പൂവുകള്‍ ജോഡികളായാണ് കാണപ്പെടുന്നത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് പൂവിടുന്നകാലം. ഉപ്പുവെള്ളത്തില്‍ നിന്ന് ഉപ്പിനെ പുറംതള്ളി വെള്ളം വലിച്ചെടുക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഈയിനം കണ്ടലിനുണ്ട്. നിറയെ ഇലകളും ഇടതൂര്‍ന്ന വേരുകളും ചെറുകണ്ടലിന്റെ പ്രത്യേകതകളാണ്. ഇതുമൂലം  ഇവ വളര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങള്‍ ആവാസത്തിനും പ്രജനനത്തിനുമായി മത്സ്യങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ട്.
ഏതാണ്ട് ഒന്നരനൂറ്റാണ്ടിനുശേഷമാണ് ചെറുകണ്ടല്‍ കേരളത്തില്‍ കണ്ടെത്തുന്നത്. 1850ല്‍ ആര്‍ വൈറ്റ് എന്ന ബ്രിട്ടീഷ് സസ്യഗവേഷകന്‍ കൊല്ലം തീരത്ത് ചെറുകണ്ടല്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സിയിലെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന ജെ എസ് ഗാംബ്‌ളേ 'ഫ്‌ളോറ ഓഫ് ദി പ്രസിഡന്‍സി ഓഫ് മദ്രാസ്'  എന്ന തന്റെ ഗ്രന്ഥത്തില്‍ ചെറുകണ്ടല്‍ കൊല്ലം തീരത്ത് ധാരാളമായി കണ്ടതായി വൈറ്റിനെ ഉദ്ധരിച്ച് വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ മറ്റെങ്ങും ഇത്തരം  കണ്ടല്‍ ഉള്ളതായി പരാമര്‍ശമില്ല.

പുത്തന്‍തുരുത്തില്‍ വന്‍തോതില്‍ കണ്ടല്‍ നശീകരണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ കണ്ടറിയാനായി എത്തിയപ്പോള്‍ യാദൃച്ഛികമായാണ് 'ചെറുകണ്ടല്‍' മധുസൂദനന്റെ ശ്രദ്ധയില്‍പ്പെട്ടത്. പുത്തന്‍തുരുത്തില്‍ 40 ഏക്കറോളം വിസ്തൃതിയില്‍ കണ്ടല്‍ശേഖരമുണ്ട്.

കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായ ഇനങ്ങളുടെ പട്ടികയിലാണ് മഞ്ഞകണ്ടലിനെ വനംവകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ പുത്തന്‍തുരുത്തിലെ കണ്ടല്‍ ശേഖരം ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് വനംവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.
(പ്രദീപ് ചന്ദ്രന്‍)

janayugom 290611

1 comment:

  1. അപ്രത്യക്ഷമായെന്ന് കരുതിയിരുന്ന അപൂര്‍വയിനം കണ്ടല്‍ നീണ്ടകരയ്ക്ക് സമീപം പുത്തന്‍തുരുത്തില്‍ അഷ്ടമുടിക്കായലോരത്ത് കണ്ടെത്തി. 'ചെറുകണ്ടല്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈയിനം കണ്ടല്‍ച്ചെടികള്‍ക്ക് മത്സ്യങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നതില്‍ വലിയ പങ്കാണുള്ളത്.

    ReplyDelete