Thursday, June 30, 2011

അധികാരത്തിന്റെ ധിക്കാരം

സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ബലികഴിച്ച് സ്വകാര്യമാനേജ്മെന്റുകള്‍ക്ക് പരമാധികാരം സ്ഥാപിച്ചുകൊടുക്കാനുള്ള യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് വിദ്യാര്‍ഥികള്‍ക്കുനേര്‍ക്ക് നിരന്തരം നടക്കുന്ന ലാത്തിച്ചാര്‍ജുകള്‍ . സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാരിന് അവകാശപ്പെട്ട 50 ശതമാനം സീറ്റുകൂടി മാനേജ്മെന്റുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ഗൂഢാലോചനയാണ് വിദ്യാഭ്യാസരംഗത്തെ ഏറ്റവുമൊടുവില്‍ കലുഷമാക്കിയത്. സര്‍ക്കാരിന് അവകാശപ്പെട്ട സീറ്റുകള്‍കൂടി ഇല്ലാതാക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ യുഡിഎഫ് ഭരണം കാട്ടിയ അലംഭാവംതന്നെ ഇത് തെളിയിക്കുന്നുണ്ട്. പ്രവേശന കാലാവധി മെയ് 31നു കഴിയുമെന്നറിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ അനങ്ങാതെയിരുന്നു. മാനേജ്മെന്റുകള്‍ ഏകപക്ഷീയ പ്രവേശനവുമായി മുമ്പോട്ടുപോയി.

സുപ്രീംകോടതിയെ സമീപിക്കണമെന്ന ആവശ്യം ജൂണ്‍ ഏഴുമുതല്‍ കേരളത്തിലാകെ ശക്തമായി. എന്നിട്ടും ആ വഴിക്ക് നീങ്ങാന്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണം താല്‍പ്പര്യം കാട്ടിയില്ല. ഏറ്റവുമൊടുവില്‍ പുതുക്കിയ പ്രവേശനകാലാവധി കഴിയാന്‍ ഒരുദിവസംമാത്രം ബാക്കിനില്‍ക്കുമ്പോഴാണ് നിരന്തര സമ്മര്‍ദത്തിന്റെ ഫലമായി സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറായത്. എത്രയേറെ ആത്മാര്‍ഥതയില്ലാത്തതും മാനേജ്മെന്റ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതുമാണ് ഈ നിലപാട് എന്നത് പകല്‍പോലെ വ്യക്തമാണ്. ദീര്‍ഘകാലത്തെ പോരാട്ടത്തിന്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നിലപാടുകളുടെയും അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുത്ത വിദ്യാര്‍ഥികളുടെ അവകാശങ്ങളാകെ സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകള്‍ക്കുമുമ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അടിയറവയ്ക്കുന്നതിനെതിരെ സ്വാഭാവികമായും വിദ്യാര്‍ഥിസമൂഹം പ്രക്ഷുബ്ധമാകും. ആ നിലയ്ക്കുണ്ടാകുന്ന സമരങ്ങളെ ജനാധിപത്യപരമായ രീതിയില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് പരിഷ്കൃതസമൂഹത്തില്‍ ഏത് സര്‍ക്കാരും ശ്രമിക്കുക. എന്നാല്‍ , ഇവിടെ വിദ്യാര്‍ഥികളുമായി ചര്‍ച്ചയില്ലെന്ന നിലപാടാണ് തുടക്കംതൊട്ടേ ഉമ്മന്‍ചാണ്ടി മന്ത്രിസഭ കൈക്കൊണ്ടത്. അതേസമയം, ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ചര്‍ച്ച നടത്തി രഹസ്യധാരണയിലെത്തുകയും ചെയ്തു. ആ വിദ്യാഭ്യാസവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ധാരണയ്ക്കെതിരായ വിദ്യാര്‍ഥിസമരത്തെ നിഷ്ഠുരമായ ബലപ്രയോഗങ്ങളിലൂടെ ചോരയില്‍ മുക്കിക്കൊല്ലുക എന്ന ദൗത്യമാണ് ഇപ്പോള്‍ യുഡിഎഫ് ഭരണം ഏറ്റെടുത്തു നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇത് സ്വാശ്രയ സ്വകാര്യമാനേജ്മെന്റുകള്‍ക്കുവേണ്ടിയുള്ള ഏജന്‍സിപ്പണിയാണ്; ജനാധിപത്യഭരണമല്ല. ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയേ പ്രതിഷേധം അനുവദിക്കൂ എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത് ജനാധിപത്യമാര്‍ഗത്തിലൂടെതന്നെയാണ്. അതിനെ കായികമായി വേട്ടയാടുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നിലപാടുകളാണ് ജനാധിപത്യവിരുദ്ധം. ജനാധിപത്യത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി, വിദ്യാര്‍ഥികള്‍ക്കുമുമ്പില്‍ പ്രശ്നപരിഹാരശ്രമം മുന്‍നിര്‍ത്തി ജനാധിപത്യപരമായ നീക്കത്തിന്റെ ഏതെങ്കിലും ഒരു വാതില്‍ തുറന്നിട്ടോ എന്നുകൂടി പറയണം.

ചര്‍ച്ചയ്ക്കുള്ള വാതില്‍പോലും കൊട്ടിയടച്ച് വിദ്യാര്‍ഥികളെ സമരമാര്‍ഗത്തിലേക്ക് തള്ളിവിട്ടത് ഈ സര്‍ക്കാര്‍ തന്നെയാണ്. അങ്ങനെ സമരംചെയ്യുന്ന വിദ്യാര്‍ഥികളെ ഭീകരമാംവിധം ലാത്തിച്ചാര്‍ജ് ചെയ്ത് ജനാധിപത്യപരമായ പ്രതിഷേധത്തെ അമര്‍ച്ചചെയ്യുമെന്നാണ് ഇവര്‍ കരുതുന്നത്. അത് നടക്കാന്‍പോകുന്ന കാര്യമല്ല എന്നതിന് കേരളചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലെ നൂറുശതമാനം സീറ്റിന്റെയും പരമാധികാരിയായി മാനേജ്മെന്റിനെ വാഴിക്കാന്‍ ഒരു ഗൂഢാലോചന. ആ ഗൂഢാലോചന പ്രാവര്‍ത്തികമാക്കിയെടുക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാക്കിയെടുക്കുന്നതിന് സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ മറ്റൊരു ഗൂഢാലോചന. ഇത്തരം ഗൂഢാലോചനകളുടെ പരമ്പരയാണ് ഇന്ന് ഭരണത്തിന്റെ അണിയറയിലും തെരുവുകളിലും അരങ്ങേറുന്നത്. ഏതുവിധേനയും സമരത്തെ അമര്‍ച്ചചെയ്യുക എന്ന ദൗത്യമാണ് മുഖ്യമന്ത്രിയും കൂട്ടരും പൊലീസിനെ ഏല്‍പ്പിച്ചത്. സമരമുഖത്തെ സിറ്റി പൊലീസ് കമീഷണറുടെ നേരിട്ടുള്ള സാന്നിധ്യവും അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന വിദ്യാര്‍ഥിവേട്ടയും ഇക്കാര്യം തെളിയിക്കുന്നു. സെക്രട്ടറിയറ്റിനുമുമ്പിലും നിയമസഭാമന്ദിരത്തിനുമുമ്പിലും ഒരു പ്രകോപനവും കൂടാതെയാണ് ലാത്തിച്ചാര്‍ജും ഗ്രനേഡ് പ്രയോഗവും നടത്തിയത്. ശത്രുസൈന്യത്തെയെന്നപോലെയാണ് വിദ്യാര്‍ഥികളെ പൊലീസ് നേരിട്ടത്. യൂണിവേഴ്സിറ്റി കോളേജില്‍ ക്ലാസ് ശാന്തമായി നടന്നുകൊണ്ടിരിക്കെയാണ് അവിടേക്ക് ആരുടെയും അനുവാദത്തിനുപോലും കാത്തുനില്‍ക്കാതെ പൊലീസ് സേന പാഞ്ഞുകയറിയത്. പെണ്‍കുട്ടികള്‍ക്കടക്കം ലാത്തിയടിയേറ്റു.

22 തവണയാണ് യൂണിവേഴ്സിറ്റി കോളേജിലേക്ക് പൊലീസ് ഗ്രനേഡ് എറിഞ്ഞത്. കടത്തിണ്ണകളില്‍നിന്ന കുട്ടികള്‍ക്കുവരെ ഭീകരമാംവിധം മര്‍ദനമേറ്റു. ഊടുവഴികളില്‍വരെ കയറി വിദ്യാര്‍ഥികളെന്നു തോന്നിയവരെയാകെ തല്ലിച്ചതച്ചു. വിദ്യാര്‍ഥികളുടെ തലയ്ക്കാണ് അടിച്ചത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലേക്കുപോകുന്നതിനിടെ പൊലീസ് തലയ്ക്കടിച്ചുവീഴ്ത്തി. ആ കുട്ടി അബോധാവസ്ഥയില്‍ , ഗുരുതരനിലയില്‍ ആശുപത്രിയിലായി. അഞ്ചും പത്തും പൊലീസുകാര്‍ വിദ്യാര്‍ഥിയെ വളഞ്ഞുവച്ചുതല്ലുന്ന സംഭവങ്ങളും പരക്കെയുണ്ടായി. സെക്രട്ടറിയറ്റിനുമുമ്പിലെ ലാത്തിച്ചാര്‍ജ് ഒരു പ്രകോപനവുമില്ലാതെ യൂണിവേഴ്സിറ്റി കോളേജിലേക്ക് പടര്‍ത്തി. ഈ മര്‍ദനപരമ്പര, കുട്ടികളെ പിരിച്ചുവിടുന്നതിനല്ല, തല്ലി ആശുപത്രിയിലാക്കുന്നതിനുതന്നെ ഉദ്ദേശിച്ചുള്ളതായിരുന്നു. വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ പ്രത്യേക നിര്‍ദേശം ലഭിച്ച മട്ടിലായിരുന്നു തുടക്കംമുതല്‍ക്കേ പൊലീസിന്റെ പെരുമാറ്റം. സംസ്ഥാനസര്‍ക്കാരോ ബന്ധപ്പെട്ട ഏജന്‍സികളോ നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍നിന്നേ പ്രവേശനം നടത്താവൂ എന്ന മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥ ലംഘിച്ച മാനേജ്മെന്റുകളോട് സര്‍ക്കാരിന് ഒന്നും ചോദിക്കാനില്ല. വിദ്യാര്‍ഥികള്‍ അടയ്ക്കേണ്ട ഫീസ് എത്രയെന്ന് നിശ്ചയിച്ചിട്ടില്ല.

സര്‍ക്കാര്‍ ഫീസായാലും മാനേജ്മെന്റുകള്‍ പ്രവേശനം നല്‍കുമെന്നുറപ്പില്ല. പിടിപ്പുകേടിലൂടെ ഈ സര്‍ക്കാര്‍ കലുഷമാക്കുകയാണ് വിദ്യാഭ്യാസരംഗം. അതിനൊപ്പം, സ്വകാര്യമാനേജ്മെന്റുകളുമായി ഒത്തുകളിച്ച് കോടതിയെവരെ കബളിപ്പിക്കുകയുമാണ്. കേസ് പരിശോധിക്കാന്‍ വേണ്ട സാവകാശംപോലും കോടതിക്ക് ലഭിക്കാത്ത നിലയില്‍ ഏറെ വൈകി കോടതിയെ സമീപിച്ചതിനെക്കുറിച്ച് മറ്റെന്ത് ആര്‍ക്കുപറയാന്‍ സാധിക്കും? തിങ്കളാഴ്ച കോടതി കേസെടുത്തപ്പോള്‍ , എന്ത് നിലപാടെടുക്കണമെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കുകപോലും ചെയ്തിരുന്നില്ല ഈ സര്‍ക്കാര്‍ . ഇതെല്ലാം വിദ്യാര്‍ഥികള്‍ തുറന്നുകാട്ടുമ്പോള്‍ ആ വിദ്യാര്‍ഥികള്‍ക്കെതിരെയാകുന്നു സര്‍ക്കാരിന്റെ രോഷം. അപായകരമായ ഈ വഴി സര്‍ക്കാര്‍ എത്രവേഗം ഉപേക്ഷിക്കുന്നുവോ, അത്ര നന്ന്.

deshabhimani editorial 300611

2 comments:

  1. സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ബലികഴിച്ച് സ്വകാര്യമാനേജ്മെന്റുകള്‍ക്ക് പരമാധികാരം സ്ഥാപിച്ചുകൊടുക്കാനുള്ള യുഡിഎഫ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് വിദ്യാര്‍ഥികള്‍ക്കുനേര്‍ക്ക് നിരന്തരം നടക്കുന്ന ലാത്തിച്ചാര്‍ജുകള്‍ . സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാരിന് അവകാശപ്പെട്ട 50 ശതമാനം സീറ്റുകൂടി മാനേജ്മെന്റുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ഗൂഢാലോചനയാണ് വിദ്യാഭ്യാസരംഗത്തെ ഏറ്റവുമൊടുവില്‍ കലുഷമാക്കിയത്. സര്‍ക്കാരിന് അവകാശപ്പെട്ട സീറ്റുകള്‍കൂടി ഇല്ലാതാക്കാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ യുഡിഎഫ് ഭരണം കാട്ടിയ അലംഭാവംതന്നെ ഇത് തെളിയിക്കുന്നുണ്ട്. പ്രവേശന കാലാവധി മെയ് 31നു കഴിയുമെന്നറിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ അനങ്ങാതെയിരുന്നു. മാനേജ്മെന്റുകള്‍ ഏകപക്ഷീയ പ്രവേശനവുമായി മുമ്പോട്ടുപോയി.

    ReplyDelete
  2. അധികാരം നഷ്ടപ്പെട്ടതിന്റെ വേവലാതി എന്നേ എനിക്ക് തോന്നിയത്? ഈ ശൂരത്വം ഒന്നും കഴിഞ്ഞ നാലുവര്‍ഷം കണ്ടില്ലാ‍ാ... നമ്മടെ കോളേജ് കഴിഞ്ഞ നാലുവര്‍ഷം എത്ര പാവപ്പെട്ട വിദ്യാര്‍ഥികളെ പഠിപ്പിച്ചു?

    ReplyDelete