Sunday, June 26, 2011

അധികാരത്തിനുള്ള വലതുപക്ഷ വഴി ജാതിശക്തി: ബേബിജോണ്‍

തൃശൂര്‍ : പണിയെടുക്കുന്നവരുടെ പോരാട്ടങ്ങളെ വിലകുറച്ചുകാണിക്കുന്നതും പാഴ്വേലയായി ചിത്രീകരിക്കുന്നതുമായ രചനകള്‍ സാഹിത്യത്തില്‍ നിരവധിയുണ്ടെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബിജോണ്‍ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ജാതിമത ശക്തികളുടെ ഇടപെടലുകളും മതനിരപേക്ഷ കേരളവും" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്കിത്തത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും" എംടിയുടെ "നാലുകെട്ടിലും" ഇത്തരം പരാമര്‍ശങ്ങള്‍ കാണാം. 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തില്‍ വരുമെന്ന് കരുതാതിരുന്നതുകൊണ്ടാണ് കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യം അന്ന് രൂപപ്പെടാതെ പോയത്. അധികാരം പിടിക്കാനുള്ള എളുപ്പവഴിയായി പിന്നീട് അവര്‍ തെരഞ്ഞെടുത്ത വഴി കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. ജാതിമത സമുദായബന്ധങ്ങളെയും ഉപയോഗപ്പെടുത്തി ഇന്ന് ജാതിമത രാഷ്ട്രീയത്തിന് ഇടം നല്‍കാത്തവിധം ഇടതുപക്ഷം ശക്തിപ്പെട്ടിരിക്കുകയാണെന്നും ബേബിജോണ്‍ പറഞ്ഞു.

മതരഹിതര്‍ക്ക് ഒളിവുജീവിതം നയിക്കേണ്ട ഗതികേടാണ് ഇന്നും കേരളത്തിലുള്ളതെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ ഇ എന്‍ . മതരഹിതരിലെ ഭൂരിഭാഗവും മതവിശ്വാസികളായി അഭിനയിക്കുന്നത് കേരളത്തില്‍ വളര്‍ന്നുവന്ന പുതിയ പ്രവണതകളുമായി ബന്ധപ്പെടുത്തി പരിശോധിക്കണം. മതരഹിതവും മതാനുകൂലവുമായ മതനിരപേക്ഷതയും ഉയര്‍ന്നുവരണം. മതരഹിത സ്വത്വം രൂപീകരിക്കുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. അതിന് പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും കെ ഇ എന്‍ പറഞ്ഞു.

സെമിനാറില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ കെ അനില്‍ അധ്യക്ഷനായി. വൈശാഖന്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ് സ്വാഗതവും ട്രഷറര്‍ ഇ സി ബിജു നന്ദിയും പറഞ്ഞു. ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാരയ്ക്ക് കൂടുതല്‍ വരിക്കാരെ ചേര്‍ത്ത കമ്മിറ്റികള്‍ക്ക് വൈശാഖന്‍ ഉപഹാരം നല്‍കി.

deshabhimani 260611

1 comment:

  1. പണിയെടുക്കുന്നവരുടെ പോരാട്ടങ്ങളെ വിലകുറച്ചുകാണിക്കുന്നതും പാഴ്വേലയായി ചിത്രീകരിക്കുന്നതുമായ രചനകള്‍ സാഹിത്യത്തില്‍ നിരവധിയുണ്ടെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബിജോണ്‍ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ജാതിമത ശക്തികളുടെ ഇടപെടലുകളും മതനിരപേക്ഷ കേരളവും" എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete