Wednesday, June 29, 2011

ഉല്‍പ്പാദകര്‍തന്നെ ഇ-മാലിന്യം സംസ്കരിക്കണം

കൊച്ചി: ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍തന്നെ ഇ- മാലിന്യവും ശേഖരിച്ച് സംസ്കരിക്കണമെന്ന് നിയമം വരുന്നു. ഉപയോഗശൂന്യമായ കംപ്യൂട്ടര്‍ , ടെലിവിഷന്‍ , ടെലിഫോണ്‍ , സെല്‍ഫോണ്‍ , എയര്‍കണ്ടീഷണര്‍ തുടങ്ങി ബള്‍ബും സ്വിച്ച്ബോര്‍ഡുകള്‍വരെയുള്ളവയുടെ ഇ-മാലിന്യങ്ങള്‍ ശേഖരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനും കര്‍ശന വ്യവസ്ഥകളടങ്ങിയ കേന്ദ്ര ഇ-മാലിന്യ മാനേജ്മെന്റ് നിയമം 2012 മേയില്‍ പ്രാബല്യത്തില്‍വരും. ഈ മാസം ആദ്യം രൂപപ്പെടുത്തിയ ചട്ടങ്ങളിലാണ് സുപ്രധാന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.

രാജ്യത്ത് 2012ഓടെ എട്ടുലക്ഷം ടണ്‍ ഇ-മാലിന്യം ഉണ്ടാകുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കണക്കാക്കുന്നു.അലക്ഷ്യമായാണ് ഇ-മാലിന്യം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ഇതിന് കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കാനാണ് നിയമം നടപ്പാക്കുന്നത് മെയ്വരെ നീട്ടിയത്. ഇ-മാലിന്യ ശേഖരണ-സംസ്കരണം വഴി ഒരുലക്ഷത്തോളം പുതിയ തൊഴിലവസരമുണ്ടാകുമെന്നും കണക്കാക്കുന്നു. ഇ-മാലിന്യത്തില്‍ ഉള്‍പ്പെടുന്ന ഇലക്ട്രോണിക് സാധനങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചു. ഇവയില്‍ നിയമാനുസൃതം അനുവദനീയമായ ലെഡ്, ക്രോമിയം, മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ വിഷകരമായ മൂലകങ്ങളുടെ അനുവദനീയമായ അളവും നിജപ്പെടുത്തിയിട്ടുണ്ട്. ഉല്‍പ്പാദകര്‍ കൂട്ടമായോ ഒറ്റയ്ക്കോ ഇ-മാലിന്യ ശേഖരണകേന്ദ്രങ്ങള്‍ തുടങ്ങി ശാസ്ത്രീയമായി സംസ്കരിക്കുകയോ പുനരുപയോഗത്തിന് തയ്യാറാക്കുകയോ വേണം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ അംഗീകാരത്തോടെ വേണം സംവിധാനം ഒരുക്കേണ്ടത്. ശേഖരണസ്ഥലത്തുനിന്ന് മാലിന്യം വാഹനങ്ങളില്‍ കടത്തുമ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുടെ മുന്‍കൂര്‍ അനുമതി തേടണം. തദ്ദേശ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന മാലിന്യത്തില്‍ അടങ്ങിയ ഇ-മാലിന്യം വേര്‍തിരിച്ച് ബന്ധപ്പെട്ട ശേഖരണ കേന്ദ്രത്തില്‍ എത്തിക്കണമെന്നും വ്യവസ്ഥയുണ്ട്.
ശേഖരണകേന്ദ്രത്തില്‍ ഇ-മാലിന്യം ആറു മാസത്തിലധികം സൂക്ഷിക്കാന്‍പാടില്ല. ശേഖരണകേന്ദ്രത്തിനും സംസ്കരണസംവിധാനത്തിനും രജിസ്ട്രേഷനും അനുമതിയും നല്‍കേണ്ടതും പ്രവര്‍ത്തനം നിരീക്ഷിക്കേണ്ടതും സംസ്ഥാന ബോര്‍ഡുകളാണ്. വിശദവിവരങ്ങള്‍ എല്ലാ വര്‍ഷവും ജൂണില്‍ സംസ്ഥാന ബോര്‍ഡിന് സമര്‍പ്പിക്കണം. ചട്ടങ്ങള്‍ ലംഘിച്ചാല്‍ അനുമതി റദ്ദാക്കി പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ശിക്ഷാനടപടിക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെടാം. ബോര്‍ഡ് അവലോകന റിപ്പോര്‍ട്ട് കൂടി ചേര്‍ത്ത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് റിപ്പോര്‍ട്ട്ചെയ്യണം.
(എം എസ് അശോകന്‍)

ദേശാഭിമാനി 290611

1 comment:

  1. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍തന്നെ ഇ- മാലിന്യവും ശേഖരിച്ച് സംസ്കരിക്കണമെന്ന് നിയമം വരുന്നു. ഉപയോഗശൂന്യമായ കംപ്യൂട്ടര്‍ , ടെലിവിഷന്‍ , ടെലിഫോണ്‍ , സെല്‍ഫോണ്‍ , എയര്‍കണ്ടീഷണര്‍ തുടങ്ങി ബള്‍ബും സ്വിച്ച്ബോര്‍ഡുകള്‍വരെയുള്ളവയുടെ ഇ-മാലിന്യങ്ങള്‍ ശേഖരിക്കാനും ശാസ്ത്രീയമായി സംസ്കരിക്കാനും കര്‍ശന വ്യവസ്ഥകളടങ്ങിയ കേന്ദ്ര ഇ-മാലിന്യ മാനേജ്മെന്റ് നിയമം 2012 മേയില്‍ പ്രാബല്യത്തില്‍വരും. ഈ മാസം ആദ്യം രൂപപ്പെടുത്തിയ ചട്ടങ്ങളിലാണ് സുപ്രധാന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.

    ReplyDelete