Wednesday, July 27, 2011

തുടര്‍ച്ചയായ 8 ഭൂചലനങ്ങള്‍ ...ഇടുക്കി വിറച്ചു

ഇടുക്കി: തുടര്‍ച്ചയായ എട്ടു ഭൂചലനങ്ങളില്‍ ജില്ല വിറച്ചു. ഉച്ചയ്ക്ക് 1. 10ഓടെ തുടങ്ങി വൈകിട്ട് ആറുവരെ. 1. 10നാണ് ആദ്യ ചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.8 ശക്തി രേഖപ്പെടുത്തിയ ആദ്യചലനം മൂന്നു സെക്കന്‍ഡോളം സമയം തുടര്‍ന്നു. തുടര്‍ന്ന് 1.15നും 2.14നും രണ്ട് തുടര്‍ചലനങ്ങളുമുണ്ടായി. ഇത് 2.1വും 3.2വും ശക്തിയുള്ളതായിരുന്നു. കുളമാവില്‍നിന്ന് അഞ്ചര കിലോമീറ്ററകലെ വനത്തോടുചേര്‍ന്ന കോട്ടമല ഉളുപ്പൂണിയിലെ വെള്ളികുളമായിരുന്നു പ്രഭവകേന്ദ്രം. ദുര്‍ബലാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥിതിയും 1988ല്‍ നെടുങ്കണ്ടത്തുണ്ടായ ശക്തമായ ഭൂകമ്പവും മനസ്സിലോര്‍ത്ത പലരും വീടുകളില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. ചില കെട്ടിടങ്ങളും ഒരു വീടിനും നാശമുണ്ടായതൊഴിച്ചാല്‍ പൊതുവേ മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.

പൂമാല സ്കൂളിന്റെ ക്ലാസ് മുറിയുടെ ഭിത്തി, മൂലമറ്റം ടൗണിലെ ഒരു പഴയ കെട്ടിടം എന്നിവിടങ്ങളിലാണ് വിള്ളലുണ്ടായത്. മുണ്ടക്കയം 35-ാം മൈലില്‍ കാലിക്കോട്ടില്‍ ആന്‍ഡ്രൂസ് കുമാരദാസിന്റെ വീടിന്റെ സിറ്റൗട്ട് തകര്‍ന്നുവീണു. ഉച്ചയ്ക്ക് ആദ്യചലനസമയത്ത് ഈ വീടിന് വിള്ളല്‍ വീണിരുന്നു. വൈകിട്ട് നാലോടെയാണ് തകര്‍ന്നത്. ഈ സമയത്തും 2.9 ശക്തിയുള്ള ഭൂചലനം ഉണ്ടായിരുന്നു. തിട്ടയോടു ചേര്‍ന്നഭാഗത്താണ് ഈ വീടിരുന്നത്. കട്ടപ്പന കല്ലുകുന്നില്‍ കാര്‍ത്തിക ഹോട്ടലുകാരുടെ വീടീനോടു ചേര്‍ന്ന ബോര്‍മ്മ കെട്ടിടത്തിന്റെ മുന്‍ഭാഗവും ഇടിഞ്ഞുവീണു. വൈകിട്ടോടെ ഉണ്ടായ ചലനങ്ങള്‍ക്ക് തീവ്രത കുറവായിരുന്നു. രണ്ടും അതില്‍ താഴെയും മാത്രമായിരുന്നു ശക്തി. എങ്കിലും ജില്ലയാകെ ഭീതി പടര്‍ത്താന്‍ ഈ ചലനങ്ങള്‍ക്കായി.

പെരിയാര്‍ തീരവാസികള്‍ ആശങ്കയില്‍

കുമളി: ജില്ലയിലുണ്ടായ ഭൂചലനങ്ങള്‍ പെരിയാര്‍ നദീതീരവാസികളെ ഭീതിയിലാക്കുന്നു. നൂറ്റാണ്ട് പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും 50 കിലോമീറ്റര്‍ ആകാശദൂരം മാത്രമാണ്പ്രഭവ കേന്ദ്രത്തിനുള്ളത്. തുടര്‍ ഭൂചലനങ്ങള്‍ പെരിയാര്‍ നദീതീരവാസികളെ തെല്ലൊന്നുമല്ല ഭീതിയിലാക്കുന്നത്. 2010 നവംബര്‍ ഏഴിനാണ് ഇതിന് മുമ്പ് ജില്ലയില്‍ ഭൂചലനം ഉണ്ടായത്. ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ടിന് സമീപത്തെ വെള്ളക്കയം കേന്ദ്രമായി പുലര്‍ച്ചെ 5.59ന് 2.9 തീവ്രതയുള്ള ഭൂചലനമാണുണ്ടായത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും 37 കിലോമീറ്റര്‍ ആകാശദൂരമാണ് വെള്ളക്കയത്തിന്. 300 കിലോമീറ്റര്‍ ചുറ്റളവിലുണ്ടാകുന്ന ചലനംപോലും അണക്കെട്ടിനെ ഗുരുതരമായി ബാധിക്കുമെന്ന ഐഐടി പഠന റിപ്പോര്‍ട്ട് നിലനില്‍ക്കെ ഭൂചലനങ്ങള്‍ കൂടുതല്‍ ആശങ്കയുണര്‍ത്തുകയാണ്.

2010 നവംബര്‍ മൂന്നിന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന റാന്നിയില്‍ ഭൂചലനമുണ്ടായി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് 87കിലോമീറ്റര്‍ അകലെ മലയാറ്റൂര്‍ , മകരച്ചാല്‍ കേന്ദ്രമായി 2009 ജൂണ്‍ 26ന് 3.3 രേഖപ്പെടുത്തിയ ഭൂചലമുണ്ടായി. മുല്ലപ്പെരിയാറില്‍ നിന്നും 30 കിലോമീറ്റര്‍ ആകാശദൂരമുള്ള നെടുംകണ്ടം കേന്ദ്രമായി 2008 ജനുവരി 30ന് 2.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. 2006 ആഗസ്റ്റ് 18ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും 20 കിലേമീറ്റര്‍ കിഴക്ക്വെള്ളിമലയില്‍ 2.8 തീവ്രതയുള്ള ഭൂചലനവും, 2001 ജനുവരി 7ന് ഈരാറ്റുപേട്ട, കൊണ്ടൂര്‍ കേന്ദ്രമായി 5 തീവ്രതയുള്ള ചലനവും, 2000 ഡിസംബര്‍ 12ന് മേലുകാവ് കേന്ദ്രമായി 4.5 തീവ്രതയുള്ള ചലനവുമുണ്ടായി. 1950 മുതല്‍ മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ ചെറുതും വലുതുമായ 90 നടുത്ത് ചലനം രേഖപ്പെടുത്തി.

ജില്ലയിലെ ശക്തമായ ചലനം 88ല്‍ നെടുങ്കണ്ടത്ത്

നെടുങ്കണ്ടം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടപ്പോള്‍ നെടുങ്കണ്ടം നിവാസികള്‍ ഓര്‍മിച്ചത് 1988ലെ ചലനം. ജില്ലയുടെ ചരിത്രത്തില്‍ ഏറ്റവും ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളത് നെടുങ്കണ്ടത്താണ്. 1988 ജൂണ്‍ ഏഴിനായിരുന്നു. ജില്ലയില്‍ വളരെ നാശനഷ്ടവുമുണ്ടാക്കിയതുമായ ഭൂചലനം നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്. 4.5 ശക്തിയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

കല്ലാര്‍ , നെടുങ്കണ്ടം, പാറത്തോട്, തൂക്കുപാലം മേഖലകളില്‍ ദിവസങ്ങളോളം തുടര്‍ ചലനങ്ങളും ഉണ്ടായി. നിരവധി വീടുകള്‍ തകരുകയും ഗൃഹോപകരണങ്ങള്‍ നശിക്കുകയുമുണ്ടായി. ലക്ഷങ്ങളുടെ നാശമാണ് അന്നുണ്ടായത്. പലരും വീടുവിട്ട് നാട്ടിലേക്ക് പുറപ്പെട്ടു. ഭയവിഹ്വലരായ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മന്ത്രി ടി കെ രാമകൃഷ്ണന്‍ സ്ഥലത്തെത്തി നേതൃത്വം നല്‍കുകയായിരുന്നു. അന്ന് കിട്ടിയ വിലയ്ക്ക് വീടും സ്ഥലവും വിറ്റ് നാടുവിട്ടവരും ഏറെയാണ്. പിന്നീട് 1991ല്‍ വീണ്ടും ഈ മേഖലയില്‍ ഭൂചലനമുണ്ടായിരുന്നു. ഇതില്‍ പിന്നീട് ജില്ലയുടെ പല ഭാഗങ്ങളില്‍ ചലനം അനുഭവപ്പെട്ടെങ്കിലും നെടുങ്കണ്ടം മേഖലയില്‍ കാര്യമായി അനുഭവപ്പെട്ടിട്ടില്ല.

മുല്ലപ്പെരിയാറിന് സമീപം ഭൂകമ്പ സാധ്യതയുള്ള 30 മേഖലകള്‍

കുമളി: മുല്ലപ്പെരിയാറിന് സമീപം വന്‍പ്രഹരശേഷിയുള്ള എട്ടും, താരതമ്യേന ലഘുവായ 22ഉം ഭ്രംശമേഖലകളുണ്ടെന്നും, ഭൂകമ്പ സാധ്യത അപകടകരമായ നിലയിലേക്ക് വളര്‍ന്നെന്നും ഐഐടി പഠന റിപ്പോര്‍ട്ട്. അണക്കെട്ടിന്റെ സമീപപ്രദേശത്തെ ഭൂകമ്പ സാധ്യത പഠിക്കാന്‍ കേരളം നിയോഗിച്ച റൂര്‍ക്കി, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദഗ്ധസംഘം 2007 സെപ്തബര്‍ 23 ന് അണക്കെട്ട് സന്ദര്‍ശിച്ച് നല്‍കിയതാണ് റിപ്പോര്‍ട്ട്. പ്രകമ്പന സാധ്യത ഗുരുതരമല്ലെന്ന മുന്‍റിപ്പോര്‍ട്ടുകള്‍ ഇതോടെ അപ്രസക്തമായി. റിക്ടര്‍ സ്കെയിലില്‍ 6.5 വരെ രേഖപ്പെടുത്താവുന്ന തീവ്രചലനങ്ങളുടെ സാധ്യതയും ഐഐടി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തീവ്രത മൂന്ന് രേഖപ്പെടുത്തുന്ന ചലനവും അണക്കെട്ടിനെ ഗുരുതരമായി ബാധിക്കുന്നിരിക്കെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടായിരുന്നു റൂര്‍ക്കിയുടേത്. അണകെട്ടാന്‍ ഉപയോഗിച്ച വസ്തുക്കളുടെ പരിശോധന, അണക്കെട്ട് നില്‍കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത, വിവിധ പഠനങ്ങളുടേയും മറ്റും രേഖകളും വിശദ പഠനത്തിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഡാമിന്റെ 300കിലോമീറ്റര്‍ ചുറ്റളവില്‍ 22 ഇടങ്ങളില്‍ ഭൂകമ്പസാധ്യത ഏറെയാണ്.

ഭൂകമ്പസാധ്യതാ സോണ്‍ മൂന്നില്‍ തേക്കടി

കുമളി: രാജ്യത്തെ ഭൂകമ്പസാധ്യതാ പ്രദേശങ്ങളെ നാല് സോണായി തിരിക്കുമ്പോള്‍ തേക്കടി മൂന്നാമത്തെ സോണില്‍ . ദുര്‍ബലാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഈ സോണിലാണ്. ഒരിക്കലും പരസ്പരംചേരാത്ത മേസണറി കല്‍ക്കെട്ടും, സുര്‍ക്കി കോണ്‍ക്രീറ്റിംങും, ആധുനിക സിമന്റ് കോണ്‍ക്രീറ്റിംങും ഉള്‍പ്പെട്ടതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഇത് ആശങ്ക കൂടുതല്‍ വര്‍ധിപ്പിക്കുന്നു. ആധുനിക അണക്കെട്ടിന്റെ ആയുസ് 50 വര്‍ഷമാണെന്നിരിക്കെ 1887ല്‍ നിര്‍മ്മാണം തുടങ്ങിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് 125 വര്‍ഷം പിന്നിട്ടു. അണക്കെട്ടില്‍ വിവിധ ബ്ലോക്കുകളില്‍ ശക്തമായ ചോര്‍ച്ചയുണ്ട്. ബേബിഡാമിന്റെ 50 മീറ്റര്‍ താഴെ സുര്‍ക്കി മിശ്രിതം ഉറവയായി വന്‍തോതില്‍ ഒഴുകി പോകുന്നുണ്ട്. ഭൂചലനം ഉണ്ടാകുമ്പോള്‍ കെട്ടുകഥയെന്നാണ് തമിഴ്നാട് പ്രചരിപ്പിക്കുന്നത്. അണക്കെട്ട് നിര്‍മ്മാണ ഘട്ടത്തില്‍ ഭൂകമ്പ സാധ്യതാ പഠനം നടക്കാത്ത സാഹചര്യത്തില്‍ ഐഐടി റിപ്പോര്‍ട്ടിന് പ്രസക്തിയേറുന്നു. ഇതിനൊപ്പം അടിക്കടിയുണ്ടാകുന്ന തുടര്‍ ചലനങ്ങള്‍ മധ്യകേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ ജീവനും ഭീഷണി ഉയര്‍ത്തുകയാണ്.

ഭൂചലനം: ലയങ്ങളിലെ താമസക്കാര്‍ ഭീതിയില്‍

ഏലപ്പാറ: ഭൂചലനമുണ്ടായതോടെ പീരുമേട് താലൂക്കിലെ തേയിലതോട്ടങ്ങളിലെ ലയങ്ങളിലെ താമസക്കാരും ഭീതിയില്‍ . നൂറ്റണ്ടുകള്‍ പഴക്കമുള്ള പീരുമേട് ചീന്തലാര്‍ തോട്ടങ്ങളിലെ ലയങ്ങള്‍ ഏതുനിമിഷവും നിലംപതിക്കാറായി നില്‍ക്കുകയാണ്. വാഗമണ്‍ കോട്ടമല, ബോണാമി എന്നിവിടങ്ങളിലെ എംഎംജെ കമ്പിനിയുടെ ലയങ്ങളും ജീര്‍ണിച്ച് നിലംപൊത്താറായി. ഭൂചലന സാധ്യത വളരെ കൂടുതലുള്ള പ്രദേശമായി പീരുമേട് വാഗമണ്‍ , വളകോട്, കോട്ടമല, തണ്ണിക്കാനം, പുള്ളിക്കാനം തുടങ്ങിയ സ്ഥലങ്ങള്‍ മാറിയിട്ടുണ്ട്. വാഗമണ്‍ മേഖലയില്‍ അനധികൃതമായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന തടയണകള്‍ മനുഷ്യജീവന് ഭീഷണി ഉയര്‍ത്തുകയാണ്. ശക്തമായ ഭൂചലനം ഉണ്ടായാല്‍ ദുര്‍ബലമായ ഈ തടയണകള്‍ തകര്‍ന്ന് വന്‍ നാശമുണ്ടാകും. കോലാഹലമേട് മൊട്ടക്കുന്നിന് സമീപം സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് ഉടമ നിര്‍മിച്ച തടയണ സുരക്ഷിതമല്ല. ഈ തടയണയുടെ താഴ്വാരങ്ങളില്‍ തോട്ടം തൊഴിലാളികളും കൃഷിക്കാരും താമസിക്കുന്നു. ചോറ്റുപാറ ഭാഗത്തും നിയമവിരുദ്ധമായി തടയണ നിര്‍മിച്ചിട്ടുണ്ട്.

ദേശാഭിമാനി 270711

1 comment:

  1. തുടര്‍ച്ചയായ എട്ടു ഭൂചലനങ്ങളില്‍ ജില്ല വിറച്ചു. ഉച്ചയ്ക്ക് 1. 10ഓടെ തുടങ്ങി വൈകിട്ട് ആറുവരെ. 1. 10നാണ് ആദ്യ ചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 3.8 ശക്തി രേഖപ്പെടുത്തിയ ആദ്യചലനം മൂന്നു സെക്കന്‍ഡോളം സമയം തുടര്‍ന്നു. തുടര്‍ന്ന് 1.15നും 2.14നും രണ്ട് തുടര്‍ചലനങ്ങളുമുണ്ടായി. ഇത് 2.1വും 3.2വും ശക്തിയുള്ളതായിരുന്നു. കുളമാവില്‍നിന്ന് അഞ്ചര കിലോമീറ്ററകലെ വനത്തോടുചേര്‍ന്ന കോട്ടമല ഉളുപ്പൂണിയിലെ വെള്ളികുളമായിരുന്നു പ്രഭവകേന്ദ്രം. ദുര്‍ബലാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥിതിയും 1988ല്‍ നെടുങ്കണ്ടത്തുണ്ടായ ശക്തമായ ഭൂകമ്പവും മനസ്സിലോര്‍ത്ത പലരും വീടുകളില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. ചില കെട്ടിടങ്ങളും ഒരു വീടിനും നാശമുണ്ടായതൊഴിച്ചാല്‍ പൊതുവേ മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.

    ReplyDelete