Sunday, July 31, 2011

എന്‍എസ്ജി നിര്‍ദേശങ്ങള്‍ നിലവില്‍വന്നു; ഇന്ത്യക്ക് ആണവ ഇളവുകള്‍ ലഭിക്കില്ല

ന്യൂഡല്‍ഹി: ആണവപുനഃസംസ്കരണത്തിനും സമ്പുഷ്ടീകരണത്തിനുമുള്ള(ഇഎന്‍ആര്‍) സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യക്ക് ഇനി കിട്ടില്ലെന്ന് ഉറപ്പായി. ഇന്ത്യയുള്‍പ്പെടെ ആണവനിര്‍വ്യാപന കരാറില്‍(എന്‍പിടി) ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ഇവ നല്‍കുന്നത് നിഷേധിക്കുന്ന ആണവവിതരണസംഘത്തിന്റെ(എന്‍എസ്ജി) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച ഔദ്യോഗികമായി നിലവില്‍ വന്നു. ജൂണ്‍ 24ന് നെതര്‍ലന്‍ഡ്സില്‍ ചേര്‍ന്ന എന്‍എസ്ജി പ്ലീനറി യോഗം അംഗീകരിച്ച ഈ മാര്‍ഗനിര്‍ദേശം ഇപ്പോഴാണ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ഇതോടെ 2008 സെപ്തംബറില്‍ എന്‍എസ്ജിയില്‍നിന്ന് ഇന്ത്യക്ക് പ്രത്യേകമായി ലഭിച്ച ഇളവുകള്‍ക്ക് വിലയില്ലാതാകും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി(ഐഎഇഎ) പ്രത്യേക സുരക്ഷാമാനദണ്ഡക്കരാര്‍ ഒപ്പുവച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍എസ്ജി ഇന്ത്യക്ക് മാത്രം ഇളവുകള്‍ നല്‍കിയത്. ഈ ഇളവുകള്‍ ലഭിക്കാനാണ് ഇന്ത്യ 14 സിവിലിയന്‍ റിയാക്ടറുകള്‍ ഐഎഇഎയുടെ നിരീക്ഷണത്തിന് വിട്ടുകൊടുത്തത്. എന്നാല്‍ ,ഇപ്പോള്‍ എന്‍എസ്ജി പറയുന്നത് സമഗ്ര സുരക്ഷാമാനദണ്ഡ കരാര്‍ ഒപ്പുവയ്ക്കണമെന്നാണ്. അതോടെ സൈനികാവശ്യത്തിനുള്ള റിയാക്ടറുകളും ഐഎഇഎ നിരീക്ഷണത്തിന് തുറന്നുകൊടുക്കണം.

അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പിട്ടത് സമ്പൂര്‍ണ ആണവ സഹകരണത്തിനാണെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞിരുന്നത്. എല്ലാ നിയന്ത്രണങ്ങളും നീക്കിയാല്‍ മാത്രമേ കരാറില്‍ ഒപ്പുവയ്ക്കൂ എന്ന് പ്രധാനമന്ത്രി 2006 ആഗസ്ത് 17ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ , ഇന്ത്യ ഏറെ ആഗ്രഹിച്ച ഇഎന്‍ആര്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളുമാണ് ഇപ്പോള്‍ നിഷേധിച്ചിട്ടുള്ളത്. ഇവ ഇന്ത്യക്ക് ലഭ്യമാക്കുമെന്ന് വാഗ്ദാനംചെയ്തത് അമേരിക്കയായിരുന്നു. എന്നിട്ടും അമേരിക്കയ്ക്ക് നിര്‍ണായക സ്വാധീനമുള്ള എന്‍എസ്ജി, ഇന്ത്യ എന്‍പിടിയില്‍ ഒപ്പുവയ്ക്കാതെ ഇവ നല്‍കാനാകില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

എന്‍പിടിയില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് ഇഎന്‍ആര്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളും നല്‍കരുതെന്ന് അമേരിക്ക നയിക്കുന്ന ജിഎട്ടും ശഠിച്ചിരുന്നു. ഇന്ത്യയുമായി ആണവക്കരാര്‍ ഒപ്പിടുന്നതിന്റെ മുന്നോടിയായി 2006 ഡിസംബറില്‍ അമേരിക്കന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഹൈഡ് ആക്ടും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. പുനഃസംസ്ക്കരണം, സമ്പുഷ്ടീകരണം, ഘനജലം എന്നിയുടെ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യക്ക് കൈമാറരുതെന്ന് ഹൈഡ് ആക്ടിലെ 104(ഡി)(4) എ വകുപ്പ് അനുശാസിക്കുന്നുണ്ട്. അമേരിക്കന്‍ സര്‍ക്കാരിന് ഈ നിയമം ലംഘിക്കാന്‍ കഴിയില്ലെന്നതാണ് അവര്‍ക്ക് മേധാവിത്വമുള്ള ജി എട്ടും എന്‍എസ്ജിയും ഇന്ത്യക്ക് ഇഎന്‍ആര്‍ സാങ്കേതികവിദ്യയും ഉപകരണങ്ങളും നിഷേധിക്കാന്‍ കാരണം. ആണവക്കരാറിന്റെ ഭാഗമായി ഇന്ത്യ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെങ്കിലും അമേരിക്ക വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ഇടതുപക്ഷപാര്‍ടികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്നാണ് ഇത് തെളിയിക്കുന്നത്.
(വി ബി പരമേശ്വരന്‍)

deshabhimani 310711

1 comment:

  1. ആണവപുനഃസംസ്കരണത്തിനും സമ്പുഷ്ടീകരണത്തിനുമുള്ള(ഇഎന്‍ആര്‍) സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യക്ക് ഇനി കിട്ടില്ലെന്ന് ഉറപ്പായി. ഇന്ത്യയുള്‍പ്പെടെ ആണവനിര്‍വ്യാപന കരാറില്‍(എന്‍പിടി) ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് ഇവ നല്‍കുന്നത് നിഷേധിക്കുന്ന ആണവവിതരണസംഘത്തിന്റെ(എന്‍എസ്ജി) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാഴാഴ്ച ഔദ്യോഗികമായി നിലവില്‍ വന്നു. ജൂണ്‍ 24ന് നെതര്‍ലന്‍ഡ്സില്‍ ചേര്‍ന്ന എന്‍എസ്ജി പ്ലീനറി യോഗം അംഗീകരിച്ച ഈ മാര്‍ഗനിര്‍ദേശം ഇപ്പോഴാണ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ഇതോടെ 2008 സെപ്തംബറില്‍ എന്‍എസ്ജിയില്‍നിന്ന് ഇന്ത്യക്ക് പ്രത്യേകമായി ലഭിച്ച ഇളവുകള്‍ക്ക് വിലയില്ലാതാകും.

    ReplyDelete