Sunday, July 31, 2011

ആശുപത്രി അവതാളത്തില്‍ ; മന്ത്രിക്ക് പ്രിയം "വിസ്മയയാത്ര"

മാനന്തവാടി: ജനങ്ങള്‍ക്ക് ഏറെ ആശ്രയമായ ജില്ലാ ആശുപത്രിയുടെ നില "അതീവ ഗുരുതര"മായിട്ടും സ്ഥലം എംഎല്‍എ കൂടിയായ പട്ടികവര്‍ഗ ക്ഷേമ മന്ത്രി ഒരു നടപടിയുംസ്വീകരിച്ചില്ല. രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ച യുവ എംഎല്‍എ മാര്‍ക്കൊപ്പം ഡല്‍ഹിയില്‍ "വിസ്മയയാത്ര" നടത്തുകയായിരുന്നു മന്ത്രി പി കെ ജയലക്ഷ്മി. ജില്ലാ ആശുപത്രിയുടെ ചരിത്രത്തിലാദ്യമായി പ്രസവവാര്‍ഡ് അടച്ചിട്ടതുപോലും മന്ത്രി പി കെ ജയലക്ഷ്മി അറിഞ്ഞതായി നടിച്ചിട്ടില്ല.

അയ്യായിരത്തിലധികം രോഗികള്‍ ചികിത്സതേടി എത്തുന്ന ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാത്തത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. 46 ഡോക്ടര്‍മാര്‍ വേണ്ട ജില്ലാ ആശുപത്രിയില്‍ 20 ഡോക്ടര്‍മാരുടെ ഒഴിവാണുള്ളത്. ഉള്ളവരെ തന്നെ വര്‍ക്കിങ് അറേജ്മെന്റായി ജില്ലയിലെ ചില ആശുപത്രികളില്‍നിയമിച്ചിരിക്കുകയാണ്. ഗൈനക്കോളജി വിഭാഗത്തില്‍നാല് ഡോക്ടര്‍മാരാണ് വേണ്ടത്. രേഖയില്‍ മൂന്ന് ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലുണ്ട്. എന്നാല്‍ ഇവരില്‍ രണ്ടുപേര്‍ കല്‍പ്പറ്റ, ബത്തേരി ആശുപത്രികളിലാണ് ജോലി ചെയ്യുന്നത്. ഫലത്തില്‍ ഒരു ഡോക്ടറാണ് ജില്ലാ ആശുപത്രിയിലുള്ളത്. ഇരുവരും അവധിയില്‍പോയതോടെ പ്രസവ വാര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ദിവസം 12ലധികം പ്രസവങ്ങള്‍ നടക്കുന്ന ജില്ലാ ആശുപത്രിയില്‍ ഒരു ഡോക്ടറുടെ സേവനം പോലും ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി കെ ജയലക്ഷ്മി നിസംഗതപാലിച്ചു. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനെയും മന്ത്രി പി കെ ജയലക്ഷ്മിയെയും ആശുപത്രിയുടെ അവസ്ഥ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ ബോധ്യപ്പെടുത്തിയതാണ്. രണ്ട് മന്ത്രിമാരും ജില്ലാ ആശുപത്രിയുടെ കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറായില്ല.

അറുപത് ശതമാനം ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന തിരുനെല്ലി വില്ലേജിലെ അപ്പപ്പാറ ആശുപത്രിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. മൂന്നു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍ പോലുമില്ല. ജില്ലയിലെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാരിന്റെത്. ശ്രീ ചിത്തിര മെഡിക്കല്‍ സെന്ററിനായി സ്ഥലം കണ്ടെത്താനുംജില്ലയിലെ ആദ്യ മെഡിക്കല്‍ കോളേജിനെറ ഉടമക്ക് സ്വീകരണമൊരുക്കാനും തിടുക്കം കാണിക്കുന്നവര്‍ നിലവിലുള്ള ആശുപത്രികളുടെ ദൈന്യത കണ്ടില്ലെന്ന് നടിക്കുകയാണ്. പകര്‍ച്ചപ്പനിയും കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും ജില്ലയില്‍ ഭീകരത പരത്തുമ്പോഴും ആരോഗ്യവകുപ്പും മന്ത്രി പി കെ ജയലക്ഷ്മിയും സ്വീകരിക്കുന്ന നിലപാട് മനുഷ്യത്വരഹിതമാണെന്ന അഭിപ്രായമാണ് ജനങ്ങള്‍ക്കിടയില്‍ .

പ്രസവവാര്‍ഡ് തുറന്നു; രണ്ട് ഡോക്ടര്‍മാരെയും നിയമിച്ചു

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരെ നിയമിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മഹിളാഅസോസിയേഷന്‍ പ്രവര്‍ത്തകരും നടത്തിയ സമരത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ നിയമിച്ചത്. മാനന്താടിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവന്ന ഡോ. എലിസബത്ത്, ബത്തരി താലൂക്ക് ആശുപത്രിയില്‍ വര്‍ക്കിങ് അറേജ്മെന്റിനായി അയച്ച ഡോ. ശാന്തകുമാരി എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ നിയമിച്ചത്. യുവജന സമരത്തെ തുടര്‍ന്ന്വെള്ളിയാഴ്ച തന്നെ ഡോ.ശാന്തകുമാരിയെ തിരിച്ചുവിളിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡിഎംഒയുടെ അനാസ്ഥയെ തുടര്‍ന്നാണ് നിയമനം വൈകിയത്. നിയമന ഉത്തരവ് നല്‍കാന്‍ താമസിച്ചതിനാലാണ് ഡോ. ശാന്തകുമാരി വെള്ളിയാഴ്ച തന്നെ ചുമതലയേക്കാതിരുന്നതെന്നാണ് അറിയുന്നത്. ജില്ലാ ആശുപത്രിയില്‍ നിന്നും വര്‍ക്കിങ് അറേജ്മെന്റിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നിയമിച്ച ഡോക്ടറെ തിരികെ വിളിക്കാന്‍ ഡിഎംഒ തയ്യാറായിട്ടില്ല. ഇപ്പോഴും ഈ ഡോക്ടര്‍ കല്‍പ്പറ്റയില്‍ തന്നെ തുടരാന്‍ അനുവദിച്ചതിന്റെ സാഹചര്യം ഇനിയും വ്യക്തമായിട്ടില്ല.

deshabhimani 310711

1 comment:

  1. ജനങ്ങള്‍ക്ക് ഏറെ ആശ്രയമായ ജില്ലാ ആശുപത്രിയുടെ നില "അതീവ ഗുരുതര"മായിട്ടും സ്ഥലം എംഎല്‍എ കൂടിയായ പട്ടികവര്‍ഗ ക്ഷേമ മന്ത്രി ഒരു നടപടിയുംസ്വീകരിച്ചില്ല. രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ച യുവ എംഎല്‍എ മാര്‍ക്കൊപ്പം ഡല്‍ഹിയില്‍ "വിസ്മയയാത്ര" നടത്തുകയായിരുന്നു മന്ത്രി പി കെ ജയലക്ഷ്മി. ജില്ലാ ആശുപത്രിയുടെ ചരിത്രത്തിലാദ്യമായി പ്രസവവാര്‍ഡ് അടച്ചിട്ടതുപോലും മന്ത്രി പി കെ ജയലക്ഷ്മി അറിഞ്ഞതായി നടിച്ചിട്ടില്ല.

    ReplyDelete