Sunday, July 31, 2011

ശ്രീധരന്‍പിള്ളക്കെതിരെ ജന്മഭൂമിയില്‍ കത്ത്; പിന്നില്‍ ആര്‍എസ്എസ്

പാലക്കാട്: ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി എസ് ശ്രീധരന്‍പിള്ളയെ അവസരവാദിയെന്ന് വിശേഷിപ്പിച്ച് "ജന്മഭൂമി" പത്രത്തില്‍ കത്തിന്റെ രൂപത്തില്‍ വന്ന ലേഖനം ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ. തുടക്കം മുതലേ ആര്‍എസ്എസ് നേതൃത്വത്തിന് അനഭിമതനായിരുന്ന ശ്രീധരന്‍പിള്ള മാറാട് കലാപത്തോടെ ആര്‍എസ്എസുമായി കൂടുതല്‍ അകന്നിരുന്നു. മുസ്ലിംസമുദായ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ ആര്‍എസ്എസ് നേരത്തേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാറാട് സംഭവക്കാലത്ത് സംഘ്പരിവാറിന്റെ എതിര്‍പ്പ് അവഗണിച്ച് പി കെ കുഞ്ഞാലിക്കുട്ടിയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് ശ്രീധരന്‍പിള്ളയാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്. ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പിള്ളക്കെതിരെ നടപടിയെടുക്കുന്നതിന് ആര്‍എസ്എസിന് തടസ്സമായിരുന്നു. ഇപ്പോള്‍ പാര്‍ടിയുടെ നിയന്ത്രണം പൂര്‍ണമായും പിടിയിലായതോടെ ആരേയും ഒതുക്കാമെന്ന അവസ്ഥയിലാണ് ആര്‍എസ്എസ്.

പി പി മുകുന്ദനെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയശേഷം "ജന്മഭൂമി" പത്രത്തിന്റെ നിയന്ത്രണവും ആര്‍എസ്എസിനാണ്. ബിജെപിയിലെ ആരും ഡയറക്ടര്‍ബോര്‍ഡിലില്ല. കടുത്ത ആര്‍എസ്എസുകാരായ കുമ്മനം രാജശേഖരനെ ചെയര്‍മാനും കിഷോര്‍ ഭാര്‍ഗവിനെ എംഡിയുമാക്കി. ശ്രീധരന്‍ പിള്ളക്കെതിരായ കത്ത് പത്രത്തില്‍ വരുന്നതിനുമുമ്പേ ആര്‍എസ്എസിന്റെ പ്രമുഖനേതാക്കളെല്ലാം അറിഞ്ഞിരുന്നുവെന്ന് സൂചനയുണ്ട്. ബിജെപിസംസ്ഥാന പ്രസിഡന്റ് വി മുരളീധരനും സെക്രട്ടറി കെ സുരേന്ദ്രനും ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നു. അതിനിടെ, പോഷകസംഘടനാ സംസ്ഥാന നേതാവിന്റെ പേരില്‍ പത്രത്തില്‍ വന്ന കത്ത് മറ്റാരോ എഴുതിയതാണെന്നും ആക്ഷേപമുണ്ട്. മാറാടുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന നേതാവിന്റെ പേരില്‍ നല്‍കുകയായിരുന്നു. കേന്ദ്ര നിര്‍വാഹകസമിതി അംഗത്തിനെതിരെ പാര്‍ടി പത്രത്തില്‍ വാര്‍ത്ത വന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. ഒ രാജഗോപാല്‍ , സി കെ പത്മനാഭന്‍ , പി കെ കൃഷ്ണദാസ് തുടങ്ങി എ എന്‍ രാധാകൃഷ്ണന്‍ , എം ടി രമേശ് വരെയുള്ളവര്‍ ഇക്കാര്യം പാര്‍ടിയില്‍ ഉന്നയിച്ചു. അതേസമയം മാറാട് വിഷയത്തിലെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശ്രീധരന്‍പിള്ള.
(ഇ എസ് സുഭാഷ്)

ദേശാഭിമാനി 310711

1 comment:

  1. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹകസമിതി അംഗവുമായ പി എസ് ശ്രീധരന്‍പിള്ളയെ അവസരവാദിയെന്ന് വിശേഷിപ്പിച്ച് "ജന്മഭൂമി" പത്രത്തില്‍ കത്തിന്റെ രൂപത്തില്‍ വന്ന ലേഖനം ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെ. തുടക്കം മുതലേ ആര്‍എസ്എസ് നേതൃത്വത്തിന് അനഭിമതനായിരുന്ന ശ്രീധരന്‍പിള്ള മാറാട് കലാപത്തോടെ ആര്‍എസ്എസുമായി കൂടുതല്‍ അകന്നിരുന്നു. മുസ്ലിംസമുദായ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ ആര്‍എസ്എസ് നേരത്തേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മാറാട് സംഭവക്കാലത്ത് സംഘ്പരിവാറിന്റെ എതിര്‍പ്പ് അവഗണിച്ച് പി കെ കുഞ്ഞാലിക്കുട്ടിയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് ശ്രീധരന്‍പിള്ളയാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്. ബിജെപിയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പിള്ളക്കെതിരെ നടപടിയെടുക്കുന്നതിന് ആര്‍എസ്എസിന് തടസ്സമായിരുന്നു. ഇപ്പോള്‍ പാര്‍ടിയുടെ നിയന്ത്രണം പൂര്‍ണമായും പിടിയിലായതോടെ ആരേയും ഒതുക്കാമെന്ന അവസ്ഥയിലാണ് ആര്‍എസ്എസ്.

    ReplyDelete