Thursday, July 28, 2011

ഉത്തരവാദിത്തം മന്ത്രിസഭയ്ക്കെന്ന് മുന്‍ ടെലികോം സെക്രട്ടറി

2ജി സ്പെക്ട്രം ഇടപാടുകളുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രമന്ത്രിസഭയ്ക്കാണെന്ന് മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹൂര. സ്പെക്ട്രം അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ക്കഴിയുന്ന ബെഹൂര പ്രത്യേക സിബിഐ കോടതി മുമ്പാകെ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2ജി ലൈസന്‍സ് വിലനിര്‍ണയത്തെ ആദ്യം എതിര്‍ത്ത ധനമന്ത്രാലയം പിന്നീട് നിലപാട് മാറ്റിയെന്ന് ബെഹൂര വാദത്തിനിടെ പറഞ്ഞു. ഇതുസംബന്ധിച്ച്, ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറും അന്ന് ധനസെക്രട്ടറിയുമായിരുന്ന ഡി സുബ്ബറാവു നടത്തിയ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്ന മട്ടിലായിരുന്നു ബെഹൂരയുടെ വാദം. മുന്‍ ടെലികോം മന്ത്രി രാജയുടെ രണ്ടുദിവസം നീണ്ട വാദം പൂര്‍ത്തിയായ ശേഷമാണ് ബെഹൂര വാദമാരംഭിച്ചത്.

കേസില്‍ തന്റെ കക്ഷിയെ ബലിയാടാക്കുകയായിരുന്നെന്ന് ബെഹുരയുടെ അഭിഭാഷകന്‍ അമന്‍ ലേഖി പറഞ്ഞു. 2ജി ലൈസന്‍സ് വിതരണകാര്യത്തില്‍ കേന്ദ്ര മന്ത്രിസഭയ്ക്ക് കൂട്ടായ ഉത്തരവാദിത്തമുണ്ട്. ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണനയെന്ന നയത്തെ യുപിഎ സര്‍ക്കാര്‍ പരസ്യമായി പിന്തുണച്ചിരുന്നു. താനൊരു ഉദ്യോഗസ്ഥന്‍ മാത്രമാണ്. നയ രൂപീകരണകാര്യങ്ങളില്‍ പങ്കില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്ന നയം നടപ്പാക്കുക മാത്രമാണ് തന്റെ ഉത്തരവാദിത്തം. നയം തെറ്റോ ശരിയോ എന്ന് ആദ്യം തീരുമാനിക്കണം. അതിനു ശേഷം മാത്രമേ ആരെങ്കിലും തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടോയെന്ന് പരിശോധിക്കാനാകൂ. നയം ശരിയോ തെറ്റോ എന്നത് കോടതിയുടെ അധികാരപരിധിക്ക് പുറത്താണ്-ബെഹൂര വാദിച്ചു.
2ജി ലൈസന്‍സ് നിരക്കുകള്‍ വര്‍ധിപ്പിക്കാതിരുന്നതില്‍ അന്ന് ധനസെക്രട്ടറിയായിരുന്ന ഡി സുബ്ബറാവുവിന് ഉത്തരവാദിത്തമുണ്ട്. 2ജി ലൈസന്‍സിന് 1659 കോടി പ്രവേശന ഫീസായി നിശ്ചയിച്ചതില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടായിരുന്നു സുബ്ബറാവുവിന്റേത്. അദ്ദേഹത്തെ കേസില്‍ പ്രതിയാക്കുന്നില്ലെങ്കില്‍ , തന്നെയും വിചാരണ ചെയ്യാനാവില്ല. ലൈസന്‍സ് ഫീസ് ചര്‍ച്ച ചെയ്യുന്നതിന് 2007 ഡിസംബര്‍ നാലിന് യോഗം ചേര്‍ന്നിരുന്നു. നിരക്ക് കൂട്ടണമെന്ന് ഈ യോഗത്തില്‍ ധനസെക്രട്ടറി സുബ്ബറാവു ആവശ്യപ്പെട്ടു. അന്ന് ടെലികോം സെക്രട്ടറിയായിരുന്ന ഡി എസ് മാഥൂര്‍ പഴയ നിരക്കുതന്നെ തുടരണമെന്ന് അഭിപ്രായപ്പെട്ടു. ചിദംബരവും യോഗത്തില്‍ സന്നിഹിതനായിരുന്നു. എന്തെങ്കിലും എതിര്‍പ്പ് യോഗത്തില്‍ ഉന്നയിച്ചിരുന്നെങ്കില്‍ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോകുമായിരുന്നു. എന്നാല്‍ , സുബ്ബറാവു തന്റെ എതിര്‍പ്പ് പിന്‍വലിച്ചു. തുടര്‍ന്ന് പഴയ നിരക്കില്‍ തന്നെ ലൈസന്‍സ് അനുവദിക്കാമെന്ന് തീരുമാനിച്ചുള്ള നയരേഖയില്‍ എല്ലാവരും ഒപ്പുവച്ചു. ഈ നയം നടപ്പാക്കുക മാത്രമാണ് പിന്നീട് ടെലികോം സെക്രട്ടറിയായി വന്ന താന്‍ ചെയ്തത്. ഖജനാവിന് നഷ്ടമുണ്ടാകത്തക്കവിധം ഒരു തെറ്റും ചെയ്തിട്ടില്ല. തന്നെ സാക്ഷിയാക്കുക മാത്രമാണ് പരമാവധി ചെയ്യേണ്ടിയിരുന്നത്. 2008 ജനുവരിയിലാണ് താന്‍ ടെലികോം വകുപ്പില്‍ എത്തിയത്. അപ്പോഴേയ്ക്കും 2ജി ലൈസന്‍സ് വിലനിര്‍ണയത്തിന്റെയും പ്രവേശനഫീസിന്റെയുമൊക്കെ കാര്യത്തില്‍ എല്ലാ നയതീരുമാനങ്ങളും എടുത്തുകഴിഞ്ഞിരുന്നു. തികച്ചും പക്ഷപാതപരമായ വിധത്തിലാണ് ആളുകളെ പ്രതികളും സാക്ഷികളുമാക്കിയിരിക്കുന്നത്. ഏറെ കാര്യങ്ങള്‍ സിബിഐക്ക് വിശദീകരിക്കേണ്ടി വരും- ബെഹൂരയ്ക്കു വേണ്ടി അമന്‍ ലേഖി പറഞ്ഞു.

ബെഹൂരയുടെ വാദം അടുത്ത ദിവസവും തുടരും. രാജയടക്കമുള്ള ചില പ്രതികളെ ചെന്നൈയില്‍ നിന്നെത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് ചോദ്യംചെയ്യാനായി പട്യാലഹൗസ് കോടതി ലോക്കപ്പിലേക്ക് മാറ്റിയതിനാല്‍ ബുധനാഴ്ച വാദം നേരത്തെ അവസാനിച്ചു.
(എം പ്രശാന്ത്)

deshabhimani 280711

1 comment:

  1. 2ജി സ്പെക്ട്രം ഇടപാടുകളുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രമന്ത്രിസഭയ്ക്കാണെന്ന് മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെഹൂര. സ്പെക്ട്രം അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ക്കഴിയുന്ന ബെഹൂര പ്രത്യേക സിബിഐ കോടതി മുമ്പാകെ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2ജി ലൈസന്‍സ് വിലനിര്‍ണയത്തെ ആദ്യം എതിര്‍ത്ത ധനമന്ത്രാലയം പിന്നീട് നിലപാട് മാറ്റിയെന്ന് ബെഹൂര വാദത്തിനിടെ പറഞ്ഞു. ഇതുസംബന്ധിച്ച്, ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറും അന്ന് ധനസെക്രട്ടറിയുമായിരുന്ന ഡി സുബ്ബറാവു നടത്തിയ നീക്കങ്ങളില്‍ ദുരൂഹതയുണ്ടെന്ന മട്ടിലായിരുന്നു ബെഹൂരയുടെ വാദം. മുന്‍ ടെലികോം മന്ത്രി രാജയുടെ രണ്ടുദിവസം നീണ്ട വാദം പൂര്‍ത്തിയായ ശേഷമാണ് ബെഹൂര വാദമാരംഭിച്ചത്.

    ReplyDelete