Friday, July 29, 2011

മദ്യനയം കെപിസിസി തള്ളി; മുഖ്യമന്ത്രിക്ക് പരാതി

എക്സൈസ് മന്ത്രി കെ ബാബു പ്രഖ്യാപിച്ച മദ്യനയം കെപിസിസി തള്ളി. വിയോജിപ്പ് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. നേരത്തെ വി എം സുധീരനും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നയപരമായ പ്രഖ്യാപനങ്ങള്‍ മന്ത്രിമാര്‍ ഏകപക്ഷീയമായി നടത്തരുതെന്ന കെപിസിസി ഏകോപനസമിതിയുടെ തീരുമാനത്തിന് വിരുദ്ധമാണ് കെ ബാബുവിന്റെ നടപടിയെന്നാണ് സുധീരന്റെ അഭിപ്രായം. ഇക്കാര്യം അദ്ദേഹം ചെന്നിത്തലയെ ധരിപ്പിച്ചു. മദ്യഷാപ്പ് ലൈസന്‍സ് വിവേചനാധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കുക, ബാര്‍ പ്രവര്‍ത്തനസമയം മാറ്റുക, ബിവറേജസ് കോര്‍പറേഷന്‍ കടകള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയവയാണ് സുധീരന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ . മന്ത്രിസഭ അംഗീകരിച്ച നയമാണ് പ്രഖ്യാപിച്ചതെന്നാണ് ബാബുവിന്റെ നിലപാട്.

മദ്യനയം വകുപ്പുമന്ത്രി അറിയിക്കുമെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭ അംഗീകരിച്ചതും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പ്രകാരം വകുപ്പുമന്ത്രി പ്രഖ്യാപിച്ചതുമായ നയത്തോട് കെപിസിസി അതൃപ്തി അറിയിച്ചതിലൂടെ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനശൈലിക്കെതിരെ സംഘടനയില്‍നിന്നുള്ള ആദ്യവെടിയാണ് പൊട്ടിയിരിക്കുന്നത് സംസ്ഥാനഭരണവും സംഘടനയും തമ്മിലുള്ള ഏകോപനത്തിന് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയുടെ ആദ്യയോഗം 18 നു ചേര്‍ന്നപ്പോള്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായ പ്രവര്‍ത്തനം സര്‍ക്കാരില്‍നിന്നുണ്ടായി എന്നതാണ് കെപിസിസിയുടെ ആക്ഷേപം. നയപരമായ കാര്യങ്ങള്‍ ഏകോപനസമിതിയില്‍ ചര്‍ച്ചചെയ്ത് ധാരണയായശേഷം വേണം കോണ്‍ഗ്രസ് മന്ത്രിമാര്‍ പ്രഖ്യാപിക്കാനെന്നായിരുന്നു തീരുമാനം. സമാന രീതി മറ്റു കക്ഷികളുടെ മന്ത്രിമാരുടെ കാര്യത്തിലും ഉണ്ടാകുന്നതിന് മുന്നണിയില്‍ ധാരണയുണ്ടാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റുമാരായ സി വി പത്മരാജന്‍ , തെന്നല ബാലകൃഷ്ണപിള്ള, കെ മുരളീധരന്‍ , മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍ എന്നിവരും വി എം സുധീരനുമാണ് ഏകോപനസമിതി അംഗങ്ങള്‍ .

deshabhimani 290711

1 comment:

  1. എക്സൈസ് മന്ത്രി കെ ബാബു പ്രഖ്യാപിച്ച മദ്യനയം കെപിസിസി തള്ളി. വിയോജിപ്പ് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. നേരത്തെ വി എം സുധീരനും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നയപരമായ പ്രഖ്യാപനങ്ങള്‍ മന്ത്രിമാര്‍ ഏകപക്ഷീയമായി നടത്തരുതെന്ന കെപിസിസി ഏകോപനസമിതിയുടെ തീരുമാനത്തിന് വിരുദ്ധമാണ് കെ ബാബുവിന്റെ നടപടിയെന്നാണ് സുധീരന്റെ അഭിപ്രായം. ഇക്കാര്യം അദ്ദേഹം ചെന്നിത്തലയെ ധരിപ്പിച്ചു. മദ്യഷാപ്പ് ലൈസന്‍സ് വിവേചനാധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കുക, ബാര്‍ പ്രവര്‍ത്തനസമയം മാറ്റുക, ബിവറേജസ് കോര്‍പറേഷന്‍ കടകള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയവയാണ് സുധീരന്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ . മന്ത്രിസഭ അംഗീകരിച്ച നയമാണ് പ്രഖ്യാപിച്ചതെന്നാണ് ബാബുവിന്റെ നിലപാട്.

    ReplyDelete