Friday, July 29, 2011

വിവാദ ധനവിനിയോഗ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി

വോട്ടെടുപ്പ് തര്‍ക്കത്തിലൂടെ വിവാദമായ ധനവിനിയോഗ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നിവേദനം തള്ളിയാണ് ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ബില്‍ ഒപ്പിട്ടത്. വോട്ടെടുപ്പ് തര്‍ക്കത്തില്‍ തീരുമാനമെടുക്കേണ്ടത് നിയമസഭാ സ്പീക്കറാണെന്നാണ് ഗവര്‍ണറുടെ നിലപാട്. ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെ ധനവിനിയോഗത്തിന് അനുമതി തേടിയാണ് ബില്‍ അവതരിപ്പിച്ചത്. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ ബില്ലിന്റെ നടപടി പൂര്‍ത്തിയായി. നിയമസഭാ സെക്രട്ടറി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ബില്ലിനോടൊപ്പം സഭാ നടപടികളുടെ സംഗ്രഹവും ഉള്‍പ്പെടുത്തിയിരുന്നു. 69 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയെന്നാണ് ഇതില്‍ പറഞ്ഞിട്ടുള്ളത്. ഇതു പരിഗണിച്ചാണ് ഗവര്‍ണര്‍ ബില്ലിന് അംഗീകാരം നല്‍കി ഒപ്പിട്ടത്.

വോട്ടെടുപ്പ് സമയത്ത് ഭരണപക്ഷത്ത് ഭൂരിപക്ഷം ഉണ്ടായിരുന്നില്ലെന്നും ചില അംഗങ്ങള്‍ കള്ളവോട്ട് ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. ബില്ലിന് അനുമതി നല്‍കരുതെന്നും ബില്‍ പാസാക്കാന്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വോട്ടെടുപ്പ് വിവാദമായ പശ്ചാത്തലത്തില്‍ , ഗവര്‍ണര്‍ക്ക് ബില്ലിന് അനുകൂലമായി നിയമോപദേശം ലഭിച്ചിരുന്നുവെന്നാണ് സൂചന. നിയമസഭയ്ക്കുള്ളില്‍ നടന്ന നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്നും ഇതില്‍ ഇടപെടാന്‍ കോടതിക്കു പോലും പരിമിതികളുണ്ടെന്നുമാണ് ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശം.

ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ ഇനി കള്ളവോട്ട് പ്രശ്നത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. വിദേശത്തുള്ള സ്പീക്കര്‍ വെള്ളിയാഴ്ച തിരിച്ചെത്തും. അതിനുശേഷം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതു സംബന്ധിച്ച് തീരുമാനിച്ചേക്കും. ബില്ലിന് ഗവര്‍ണറുടെ അനുമതി കിട്ടിയതോടെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നിന്ന് തല്‍ക്കാലം കരകയറി. ഗവര്‍ണര്‍ അംഗീകാരം നല്‍കാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ ആഗസ്ത് ഒന്നുമുതല്‍ വിവിധ വകുപ്പുകള്‍ക്ക് ദൈനംദിന ചെലവുചെയ്യാന്‍ പോലും കഴിയാതെ വരും. ബില്‍ പരിഗണിക്കാന്‍ വീണ്ടും സഭ വിളിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചാല്‍ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധിയിലും ആകുമായിരുന്നു.
(കെ ശ്രീകണ്ഠന്‍)

deshabhimani 290711

1 comment:

  1. വോട്ടെടുപ്പ് തര്‍ക്കത്തിലൂടെ വിവാദമായ ധനവിനിയോഗ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. അംഗീകാരം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നിവേദനം തള്ളിയാണ് ഗവര്‍ണര്‍ ആര്‍ എസ് ഗവായ് ബില്‍ ഒപ്പിട്ടത്. വോട്ടെടുപ്പ് തര്‍ക്കത്തില്‍ തീരുമാനമെടുക്കേണ്ടത് നിയമസഭാ സ്പീക്കറാണെന്നാണ് ഗവര്‍ണറുടെ നിലപാട്. ആഗസ്ത് മുതല്‍ ഒക്ടോബര്‍ വരെ ധനവിനിയോഗത്തിന് അനുമതി തേടിയാണ് ബില്‍ അവതരിപ്പിച്ചത്. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ ബില്ലിന്റെ നടപടി പൂര്‍ത്തിയായി. നിയമസഭാ സെക്രട്ടറി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ബില്ലിനോടൊപ്പം സഭാ നടപടികളുടെ സംഗ്രഹവും ഉള്‍പ്പെടുത്തിയിരുന്നു. 69 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയെന്നാണ് ഇതില്‍ പറഞ്ഞിട്ടുള്ളത്. ഇതു പരിഗണിച്ചാണ് ഗവര്‍ണര്‍ ബില്ലിന് അംഗീകാരം നല്‍കി ഒപ്പിട്ടത്.

    ReplyDelete