Friday, July 29, 2011

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ഇന്നലെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന പ്രത്യേക അലവന്‍സിന്റെ 76 ശതമാനം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കും. 2009 ജൂലൈ ഒന്നുമുതല്‍ ഇതിനു മുന്‍കാലപ്രാബല്യം നല്‍കും. എന്നാല്‍, ഈ രണ്ടുവര്‍ഷ കാലയളവിലെ കുടിശ്ശിക അനുവദിക്കില്ല. ഇതുസംബന്ധിച്ച് ഡോക്ടര്‍മാരുമായി ധാരണയിലെത്തിയതായി ചര്‍ച്ചയ്ക്കുശേഷം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

സ്‌പെഷാലിറ്റി, അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലുള്ള ഡോക്ടര്‍മാര്‍ക്ക്  മൂന്ന് ഇന്‍ക്രിമെന്റ് നല്‍കും. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക്  രണ്ട് ഇന്‍ക്രിമെന്റ് നല്‍കാനും തീരുമാനമായി. 2011 ഓഗസ്റ്റ് ഒന്നുമുതല്‍ പുതുക്കിയ അലവന്‍സോടുകൂടിയ ശമ്പളം ലഭിക്കും. സ്‌പെഷല്‍ പേ ലയിപ്പിച്ചതോടെ അടുത്ത ശമ്പള പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2008 മെയ് 26 ന്  ഇറക്കിയ ഉത്തരവ് നടപ്പാക്കണമെന്നതായിരുന്നു ഡാക്ടര്‍മാരുടെ പ്രധാന ആവശ്യം.  എന്നാല്‍, അവരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന്  അറിയിച്ചിരുന്നു. സമരകാലയളവില്‍ ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാരെടുത്ത കേസുകള്‍ ഒഴിവാക്കും. സ്‌പെഷാലിറ്റി കേഡറുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കും. 

സമരം അവസാനിപ്പിച്ചതുവഴി സര്‍ക്കാരിനും ഡോക്ടര്‍മാര്‍ക്കും നേട്ടമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ പരിഹരിക്കും. പി എസ് സി ലിസ്റ്റ് അനുസരിച്ചുള്ള നിയമനം നടന്നുവരികയാണ്. ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിയമനം നല്‍കും. ജോലിക്ക്  പ്രവേശിച്ചശേഷം അനധികൃതമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ആശുപത്രികളില്‍ സോഷ്യല്‍ ഓഡിറ്റംഗ്  നടത്തുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 27 മുതല്‍ നടത്തിവന്ന നിസ്സഹകരണസമരവും വരുന്ന 30 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരവും പിന്‍വലിച്ചതായി കെ ജി എം ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ. പ്രമീളാ ദേവി അറിയിച്ചു. കോമണ്‍ സ്‌പെഷല്‍ അലവന്‍സ് പൂര്‍ണമായി നല്‍കിയില്ല. സ്‌പെഷാലിറ്റി കേഡര്‍ അലവന്‍സില്‍ കുറവ് വരുത്തി. ജനറല്‍ കേഡറിലുള്ള 60 ശതമാനം ഡോക്ടര്‍മാരുടെ കാര്യം പരിഗണിച്ചില്ല. പകര്‍ച്ചപ്പനിയുടെ സാഹചര്യത്തില്‍ സാമൂഹികപ്രതിബദ്ധത കണക്കിലെടുത്താണ് സമരത്തില്‍നിന്നും പിന്‍മാറുന്നതെന്നും കെ ജി എം ഒ എ  വ്യക്തമാക്കി.

janayugom 290711

1 comment:

  1. ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. ഇന്നലെ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന പ്രത്യേക അലവന്‍സിന്റെ 76 ശതമാനം അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കും. 2009 ജൂലൈ ഒന്നുമുതല്‍ ഇതിനു മുന്‍കാലപ്രാബല്യം നല്‍കും. എന്നാല്‍, ഈ രണ്ടുവര്‍ഷ കാലയളവിലെ കുടിശ്ശിക അനുവദിക്കില്ല. ഇതുസംബന്ധിച്ച് ഡോക്ടര്‍മാരുമായി ധാരണയിലെത്തിയതായി ചര്‍ച്ചയ്ക്കുശേഷം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.

    ReplyDelete