Monday, August 29, 2011

കലിക്കറ്റില്‍ നോമിനേറ്റഡ് സിന്‍ഡിക്കേറ്റിന് നിയമവിരുദ്ധനീക്കം

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലയില്‍ നിയമോപദേശം നിലനില്‍ക്കെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് രൂപീകരിക്കാന്‍ നീക്കം. സെനറ്റ് പുനഃസംഘടിപ്പിക്കുംവരെ നിലവിലെ സെനറ്റിനും സിന്‍ഡിക്കേറ്റിനും തുടരാമെന്ന സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ നിയമോപദേശം അവഗണിച്ചാണ് യുഡിഎഫുകാരെ തിരുകിക്കയറ്റി സിന്‍ഡിക്കേറ്റ് രൂപീകരിക്കാന്‍ നീക്കം നടക്കുന്നത്. സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സലായ സന്തോഷ് മാത്യുവാണ് നിയമോപദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ വന്നയുടന്‍ താല്‍ക്കാലിക വി സിയായി ചുമതലയേറ്റ ടോം ജോസ് നിയമിച്ചയാളാണ് സന്തോഷ് മാത്യു.

സര്‍വകലാശാല ആക്ടിലെ സെക്ഷന്‍ 23 എ പ്രകാരം സെനറ്റ് അംഗങ്ങളുടെ കാലാവധി തീര്‍ന്നാലും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സെനറ്റിന്റെകൂടി അധികാരം ഉപയോഗപ്പെടുത്തി തുടരാമെന്ന് സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടുന്നതില്‍ നിയമതടസ്സമുണ്ടെന്നും വേണമെങ്കില്‍ ചാന്‍സലറുടെ അധികാരം ഉപയോഗിച്ച് സിന്‍ഡിക്കേറ്റിനെയും സെനറ്റിനെയും പിരിച്ചുവിടാമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് തിരക്കിട്ട് നോമിനേറ്റഡ് സിന്‍ഡിക്കേറ്റിനെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നത്. സര്‍വകലാശാല ആക്ട് അധ്യായം നാലിലെ സെക്ഷന്‍ 18(3) അനുസരിച്ച് സെനറ്റ് അംഗങ്ങള്‍ക്ക് അടുത്ത പുനഃസംഘടനവരെ തുടരാം. സെക്ഷന്‍ 22 2005ലെ പ്രകാരം സിന്‍ഡിക്കേറ്റിന്റെയും സെനറ്റിന്റെയും കാലാവധി ഒരേ സമയമാണ് തീരുക. അതിനാല്‍ അടുത്ത പുനഃസംഘടനവരെ സെനറ്റ് അംഗങ്ങള്‍ക്ക് തുടരാന്‍ നിയമമുള്ളതിനാല്‍ സിന്‍ഡിക്കേറ്റംഗങ്ങള്‍ക്കും തുടരാവുന്നതാണ്. സെക്ഷന്‍ 23 എ പ്രകാരം എല്ലാ സെനറ്റ് അംഗങ്ങളുടെയും കാലാവധി അവസാനിച്ചാലും സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് അധികാരത്തില്‍ തുടരാം ചാന്‍സലറുടെ പരമാധികാരത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നോമിനേറ്റഡ് സിന്‍ഡിക്കേറ്റിനെ കൊണ്ടുവരാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായാണ് അറിയുന്നത്. മുമ്പ് പിഎസ്സി അംഗങ്ങളായവരും വി സിയാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നേതാക്കളും സര്‍വകലാശാലയിലെ കെഎസ്യു നേതാവും ലിസ്റ്റിലുണ്ട്.

deshabhimani 290811

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയില്‍ നിയമോപദേശം നിലനില്‍ക്കെ നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് രൂപീകരിക്കാന്‍ നീക്കം. സെനറ്റ് പുനഃസംഘടിപ്പിക്കുംവരെ നിലവിലെ സെനറ്റിനും സിന്‍ഡിക്കേറ്റിനും തുടരാമെന്ന സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ നിയമോപദേശം അവഗണിച്ചാണ് യുഡിഎഫുകാരെ തിരുകിക്കയറ്റി സിന്‍ഡിക്കേറ്റ് രൂപീകരിക്കാന്‍ നീക്കം നടക്കുന്നത്. സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സലായ സന്തോഷ് മാത്യുവാണ് നിയമോപദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ വന്നയുടന്‍ താല്‍ക്കാലിക വി സിയായി ചുമതലയേറ്റ ടോം ജോസ് നിയമിച്ചയാളാണ് സന്തോഷ് മാത്യു.

    ReplyDelete