Monday, August 29, 2011

ഹസാരെ സമരം വിജയിക്കുമ്പോള്‍

പതിമൂന്നു ദിവസത്തെ നിരാഹാരസമരം അണ്ണ ഹസാരെ അവസാനിപ്പിച്ചപ്പോള്‍ , അഴിമതിക്കെതിരായ ഒരു സുപ്രധാന മുന്നേറ്റം കൈവരിച്ചു എന്ന പ്രതീതിയാണ് രാജ്യത്താകെയുള്ളത്. ഈ സമരത്തില്‍ ആര് ജയിച്ചു; ആര് തോറ്റു എന്ന ചര്‍ച്ച സജീവമായി നടക്കുന്നു. ജനങ്ങളുടെ വിജയമാണ്; തന്റെ സമരം ഭരണഘടനയെ രക്ഷിക്കാനാണ് എന്ന് ഹസാരെ പറയുന്നു. ഹസാരെ സംഘത്തിന്റെ വിജയാഘോഷത്തേക്കാള്‍ പ്രകടമാകുന്നത് യുപിഎ സര്‍ക്കാരിന്റെ ദയനീയ മുഖവും ഒപ്പം ആശ്വാസനിശ്വാസവുമാണ്. ഹസാരെ മുന്നോട്ടുവച്ച മൂന്നു നിര്‍ദേശവും ഉള്‍പ്പെടുത്തി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭയും അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. പ്രമേയമനുസരിച്ച് താഴെത്തട്ടുവരെയുള്ള സര്‍ക്കാര്‍ജീവനക്കാര്‍ ലോക്പാല്‍ പരിധിയില്‍വരും. സംസ്ഥാനങ്ങളില്‍ ഭരണഘടനയ്ക്കനുസൃതമായി ലോകായുക്ത രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസിലും പൗരാവകാശരേഖ പ്രദര്‍ശിപ്പിക്കും.

സമരത്തോട് അപക്വമായിമാത്രം പ്രതികരിച്ച യുപിഎ നേതൃത്വത്തിന് മറ്റു വഴികളില്ലാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തേണ്ടിവന്നത് എന്നതില്‍ തര്‍ക്കമില്ല. ഹസാരെ സംഘമാകട്ടെ, ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അഴിമതി വിരുദ്ധ വികാരത്തെ സമരരൂപത്തില്‍ തെരുവിലേക്കെത്തിക്കുന്നതില്‍ ഗണ്യമായ അളവില്‍ വിജയിച്ചു. രാഷ്ട്രീയത്തോടോ പൊതുകാര്യങ്ങളോടോ ഒട്ടും താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന ഒട്ടനവധിപ്പേര്‍ അഴിമതിവിരുദ്ധ മുദ്രാവാക്യവുമായി തെരുവിലേക്കിറങ്ങാന്‍ കാരണമായി എന്ന അര്‍ഥത്തില്‍ ഹസാരെ സമരം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. അഴിമതിയില്‍ കുളിച്ചുനില്‍ക്കുന്ന യുപിഎ സര്‍ക്കാരിനെ പൊതുജനമധ്യത്തില്‍ വിചാരണചെയ്യുന്നതുകൂടിയായി ഈ സമരനാളുകള്‍ . അഴിമതിക്കാരെ സംരക്ഷിച്ചേ അടങ്ങൂ എന്ന കോണ്‍ഗ്രസിന്റെയും ഏറ്റവുമൊടുവില്‍ നിലവിലുള്ള യുപിഎ നേതൃത്വത്തിന്റെയും പിടിവാശിയാണ് ലോക്പാല്‍ ബില്‍ നിയമമാകുന്നതിന് ഇത്രയും കാലം തടസ്സമായത്.

1968ല്‍ ആദ്യലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വന്നതാണ്. ലോക്സഭയുടെ കാലാവധി കഴിഞ്ഞതിനാല്‍ അന്നത് പാസാക്കിയില്ല. അതുകഴിഞ്ഞ് നാലു പതിറ്റാണ്ട് പിന്നിട്ടു. ഇന്നുവരെ ലോക്പാല്‍ നിയമം വന്നിട്ടില്ല. ഇപ്പോഴാകട്ടെ, തീര്‍ത്തും ദുര്‍ബലമായ ബില്ലാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രിയെ അടക്കം ഉള്‍പ്പെടുത്തി ശക്തമായ ലോക്പാല്‍ വേണമെന്ന നിലപാടിന് യുപിഎ സര്‍ക്കാര്‍ ചെവികൊടുത്തില്ല. അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ ജന്‍ലോക്പാലിനുവേണ്ടി സമരമാരംഭിച്ചപ്പോഴും സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം തുടര്‍ന്നു. ബാബാ രാംദേവ് നിരാഹാരം നടത്തിയപ്പോള്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ സംഘത്തെ അയച്ച് ആദരിച്ച സര്‍ക്കാര്‍ ഹസാരെയെ തുടക്കത്തില്‍ അവഗണിക്കുകയായിരുന്നു. ഹസാരെയുടെ സമരരീതികളോടും സാമൂഹ്യപ്രശ്നങ്ങളിലെ ഒട്ടുമിക്ക കാഴ്ചപ്പാടുകളോടും വിയോജിച്ചുകൊണ്ടുതന്നെ, സമഗ്രവും ശക്തവുമായ ലോക്പാല്‍ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷം നിലകൊണ്ടത്. ഹസാരെ സമരം അരാഷ്ട്രീയതയുടെ പ്രചാരണമായി മാറിയെങ്കിലും അതിനുപിന്നിലെ സംഘപരിവാര്‍ താല്‍പ്പര്യങ്ങള്‍ ഇന്ന് രഹസ്യമല്ല. ജീവിതത്തില്‍ കടുത്ത പിന്തിരിപ്പന്‍ ആശയങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മതമൗലിക വാദത്തിന്റെയും പ്രചാരകര്‍ ആ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. അഴിമതിക്കെതിരായ അടങ്ങാത്ത രോഷത്തോടെ ജനങ്ങള്‍ ഇളകിവന്നപ്പോള്‍ അതില്‍ ആവേശംമൂത്ത് നാടകം കളിച്ചവരും പരിഹാസ്യരായവരും അക്കൂട്ടത്തിലുണ്ട്. പാര്‍ലമെന്റും ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളും ഭരണഘടനയും അവരാല്‍ പരിഹസിക്കപ്പെട്ടു; അവമതിക്കപ്പെട്ടു. അഴിമതി കണ്ട് അക്ഷമരായ ജനങ്ങളുടെ പ്രതികരണമാണ് തങ്ങളുടെ സമരത്തിനു ലഭിക്കുന്ന പ്രാധാന്യത്തിന്റെ അടിത്തറ എന്നു മനസിലാക്കാതെ അത്തരക്കാര്‍ നടത്തിയ പ്രകടനങ്ങള്‍ ഹസാരെ സംഘത്തില്‍ കടുത്ത ഭിന്നത ഉടലെടുക്കാന്‍ ഇടയാക്കി. ജന്‍ലോക്പാല്‍ വരുന്നതോടെ അഴിമതി ഇല്ലാതാകുമെന്ന് തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗവും ഈ സമരത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അഴിമതിക്കാരെ സൃഷ്ടിക്കുകയും അഴിമതിക്ക് വളംവയ്ക്കുകയുംചെയ്യുന്ന നയങ്ങളെ തൊടാതെ ഒരു നിയമത്തിന്റെ കാര്യംമാത്രം ചര്‍ച്ചചെയ്യപ്പെട്ടതും ബില്‍ എന്ന ഏക വിഷയത്തില്‍ സമരത്തിന് പരിസമാപ്തിയായതും ഇന്ന് രാജ്യത്ത് നടക്കുന്ന അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ശക്തി കുറയ്ക്കുമോ എന്ന ആശങ്ക അര്‍ഥവത്താണ്. ഹസാരെസമരം തീരുമ്പോള്‍ കോണ്‍ഗ്രസിനുണ്ടാകുന്ന ആശ്വാസം ആ അര്‍ഥത്തിലുമാണ്. പുതിയ ലോക്പാല്‍ നിയമത്തിന്റെ കാര്യത്തില്‍ സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളാകെയും വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ലോക്പാലില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണം, അതിന്റെ പരിധിയില്‍ ചില മാനദണ്ഡങ്ങളോടെ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം, അഴിമതിയുടെ നിര്‍വചനം മാറ്റി അഴിമതിക്ക് വഴിയൊരുക്കുംവിധം തീരുമാനമെടുക്കുന്നതിനെയും അതില്‍ കൊണ്ടുവരണം, ദേശീയ ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിക്കണം, പാര്‍ലമെന്റിനുള്ളിലെ എംപിമാരുടെ നടപടികള്‍ ലോക്പാല്‍ പരിധിയില്‍ വരണമോയെന്ന കാര്യത്തില്‍ വിശദചര്‍ച്ച നടത്തണം, സംസ്ഥാനങ്ങളിലെ ലോകായുക്തയ്ക്ക് കേന്ദ്രം മാതൃകാനിയമമുണ്ടാക്കണം, അഴിമതി പുറത്തുകൊണ്ടു വരുന്നവര്‍ക്ക് ശക്തമായ സംരക്ഷണം നല്‍കുന്നതിന് നിയമഭേദഗതിവേണം, പരാതി സ്വീകരിക്കാന്‍ നിയമപരമായ സംവിധാനമുണ്ടാക്കണം, കോര്‍പറേറ്റുകളെയും കോര്‍പറേറ്റ് മാധ്യമങ്ങളെയും ലോക്പാലിന് കീഴില്‍ കൊണ്ടുവരണം എന്നിങ്ങനെയുള്ള സുപ്രധാന ആവശ്യങ്ങളാണ് പാര്‍ലമെന്റില്‍ ഇടതുപക്ഷം മുന്നോട്ടുവച്ചത്. ഇത്തരം നിര്‍ദേശങ്ങള്‍ ഇനി പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധിക്കേണ്ടതുണ്ട്.

ഹസാരെയുടെ നിരാഹാരസമരംമാത്രമേ അവസാനിച്ചിട്ടുള്ളൂ. അഴിമതിക്കെതിരായ പോരാട്ടം രാജ്യത്ത് ഇനിയും ശക്തമായി തുടരേണ്ടിയിരിക്കുന്നു. അതാകട്ടെ, തികഞ്ഞ രാഷ്ട്രീയ പോരാട്ടമാണ്. രാജ്യം അഴിമതിയുടെ കൊടുമുടിയിലാണ്; അതിനു കാരണം ഭരണവര്‍ഗത്തിന്റെ ജനവിരുദ്ധ നയങ്ങളാണ്; ആഗോളവല്‍ക്കരണ പാതയാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ സമരത്തിലൂടെയേ രാജ്യത്തെ രക്ഷപ്പെടുത്താനാവൂ. ആ സമരത്തിന് ജനങ്ങളെ സജ്ജരാക്കാനുള്ള പ്രചാരണപരമായ ദൗത്യം ഹസാരെയുടെ നിരാഹാരസമരത്തിലൂടെ അറിഞ്ഞുകൊണ്ടല്ലെങ്കിലും ഒരു പരിധിവരെ നിര്‍വഹിക്കപ്പെട്ടിട്ടുണ്ട്. അഴിമതിയുടെ ഭീകരത ജനങ്ങള്‍ക്ക് ബോധ്യപ്പെടാനും അത് കാരണമായിട്ടുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കാന്‍ മറയില്ലാതെ നിലകൊണ്ട യുപിഎ സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഹസാരെയ്ക്ക് അഭിമാനിക്കാം. അഴിമതി മാത്രമല്ല, ഹസാരെ സംഘം ശ്രദ്ധിക്കാത്ത വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കമുള്ള പ്രശ്നങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുനില്‍പ്പുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ വിപല്‍ക്കരമായി രാജ്യത്തെ ബാധിച്ചിരിക്കുന്നു. ഈ യാഥാര്‍ഥ്യങ്ങളെല്ലാം കണ്ടുകൊണ്ടുള്ള യോജിച്ച പോരാട്ടമാണ് ഇന്ത്യന്‍ ജനതയ്ക്കു മുന്നിലുള്ള വഴി.

ദേശാഭിമാനി മുഖപ്രസംഗം 290811

1 comment:

  1. പതിമൂന്നു ദിവസത്തെ നിരാഹാരസമരം അണ്ണ ഹസാരെ അവസാനിപ്പിച്ചപ്പോള്‍ , അഴിമതിക്കെതിരായ ഒരു സുപ്രധാന മുന്നേറ്റം കൈവരിച്ചു എന്ന പ്രതീതിയാണ് രാജ്യത്താകെയുള്ളത്. ഈ സമരത്തില്‍ ആര് ജയിച്ചു; ആര് തോറ്റു എന്ന ചര്‍ച്ച സജീവമായി നടക്കുന്നു. ജനങ്ങളുടെ വിജയമാണ്; തന്റെ സമരം ഭരണഘടനയെ രക്ഷിക്കാനാണ് എന്ന് ഹസാരെ പറയുന്നു. ഹസാരെ സംഘത്തിന്റെ വിജയാഘോഷത്തേക്കാള്‍ പ്രകടമാകുന്നത് യുപിഎ സര്‍ക്കാരിന്റെ ദയനീയ മുഖവും ഒപ്പം ആശ്വാസനിശ്വാസവുമാണ്. ഹസാരെ മുന്നോട്ടുവച്ച മൂന്നു നിര്‍ദേശവും ഉള്‍പ്പെടുത്തി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭയും അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. പ്രമേയമനുസരിച്ച് താഴെത്തട്ടുവരെയുള്ള സര്‍ക്കാര്‍ജീവനക്കാര്‍ ലോക്പാല്‍ പരിധിയില്‍വരും. സംസ്ഥാനങ്ങളില്‍ ഭരണഘടനയ്ക്കനുസൃതമായി ലോകായുക്ത രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസിലും പൗരാവകാശരേഖ പ്രദര്‍ശിപ്പിക്കും.

    ReplyDelete