Sunday, August 28, 2011

പാമൊലിന്‍ കേസ്: വിജിലന്‍സ് ഡയറക്ടര്‍ കേസ് ഫയലുകളും പൂഴ്ത്തി

പാമൊലിന്‍ കേസ് അട്ടിമറിക്കുന്നതിന് വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ കേസ് ഫയലുകള്‍ പൂഴ്ത്തിവയ്ക്കാനും നിര്‍ദേശം നല്‍കി. കേസന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്ന വിജിലന്‍സ് ഐജി എ സുരേന്ദ്രനെ കേസുമായി ബന്ധപ്പെട്ട ഒരു ഫയലും കാണിക്കരുതെന്നാണ് വിജിലന്‍സ് സൂപ്രണ്ട് വി എന്‍ ശശിധരന് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. മെയ് 13ന് കോടതിയില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം അവശേഷിക്കുന്ന ഫയലുകളെല്ലാം ഡയറക്ടര്‍ വിജിലന്‍സ് ആസ്ഥാനത്ത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പുനരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടിട്ട് മൂന്നാഴ്ചയായിട്ടും ഫയല്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാനും ഡയറക്ടര്‍ തയ്യാറായിട്ടില്ല. കോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നേരത്തെ ചെയ്തപോലെ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടാനാണ് ഉന്നതതലത്തില്‍നിന്നുള്ള നിര്‍ദേശം.

കേസിലെ പ്രതികളായ ടി എച്ച് മുസ്തഫ, സക്കറിയാ മാത്യു, പി ജെ തോമസ്, ജിജി തോംസണ്‍ എന്നിവരുടെ മൊഴികള്‍ തുടരന്വേഷണത്തിനും നിര്‍ണായകമാണ്. ഇതിനിടയിലാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പി ജെ തോമസും രഹസ്യ ചര്‍ച്ച നടത്തിയത്. ജിജി തോംസണെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിനയച്ച കത്ത് പിന്‍വലിക്കാനും ഗൂഢാലോചന തുടരുകയാണ്. ജിജി തോംസണെ പ്രോസിക്യൂട്ട് ചെയ്യരുതെന്നാണ് ഉമ്മന്‍ചണ്ടിയുടെ താല്‍പ്പര്യം. അതേസമയം, ടി എച്ച് മുസ്തഫയും സക്കറിയാ മാത്യുവും നിലപാട് മാറ്റിയിട്ടില്ല. തങ്ങള്‍ പ്രതികളാണെങ്കില്‍ ഉമ്മന്‍ചാണ്ടിയും പ്രതിയാണെന്ന വാദത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നു. പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള മന്ത്രിസഭാതീരുമാനത്തിനുള്ള ഫയല്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി തീരുമാനിച്ചത് ഉമ്മന്‍ചാണ്ടികൂടി ഫയലില്‍ ഒപ്പിട്ടതുകൊണ്ടാണ്. ഇതിനര്‍ഥം ഉമ്മന്‍ചാണ്ടിക്കും കേസില്‍ പങ്കുണ്ടെന്നാണ് മുസ്തഫയും സക്കറിയാ മാത്യുവും ഇപ്പോഴും പറയുന്നത്.

ഈ സാഹചര്യത്തില്‍ ഇവരുടെ മൊഴി എടുത്താല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്കറിയാം. ഇതെങ്ങനെ മറികടക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയും വിശ്വസ്തനായ വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡയറക്ടറും അവരുമായി അടുപ്പമുള്ള നിയമവിദഗ്ധരുമായി ആലോചിക്കുന്നത്. ഡയറക്ടര്‍ വിരമിക്കുന്നതിനുമുമ്പുതന്നെ പുനരന്വേഷണ റിപ്പോര്‍ട്ട് കോടതിയിലെത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനാവാവശ്യമായ നീക്കമാണ് ഡയറക്ടര്‍ ഇപ്പോള്‍ നടത്തുന്നത്.

ദേശാഭിമാനി 280811

1 comment:

  1. പാമൊലിന്‍ കേസ് അട്ടിമറിക്കുന്നതിന് വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോ കേസ് ഫയലുകള്‍ പൂഴ്ത്തിവയ്ക്കാനും നിര്‍ദേശം നല്‍കി. കേസന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്ന വിജിലന്‍സ് ഐജി എ സുരേന്ദ്രനെ കേസുമായി ബന്ധപ്പെട്ട ഒരു ഫയലും കാണിക്കരുതെന്നാണ് വിജിലന്‍സ് സൂപ്രണ്ട് വി എന്‍ ശശിധരന് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. മെയ് 13ന് കോടതിയില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം അവശേഷിക്കുന്ന ഫയലുകളെല്ലാം ഡയറക്ടര്‍ വിജിലന്‍സ് ആസ്ഥാനത്ത് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പുനരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടിട്ട് മൂന്നാഴ്ചയായിട്ടും ഫയല്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാനും ഡയറക്ടര്‍ തയ്യാറായിട്ടില്ല. കോടതി നല്‍കിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നേരത്തെ ചെയ്തപോലെ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടാനാണ് ഉന്നതതലത്തില്‍നിന്നുള്ള നിര്‍ദേശം.

    ReplyDelete