Monday, August 29, 2011

സമരം നിര്‍ത്തുന്നത് തല്‍ക്കാലത്തേക്ക്: ഹസാരെ

ന്യൂഡല്‍ഹി: താന്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അടങ്ങിയ പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് നിരാഹാര സമരം നിര്‍ത്തിവയ്ക്കുന്നത് തല്‍ക്കാലത്തേക്കാണെന്ന് അന്നാ ഹസാരെ. പ്രക്ഷോഭം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പു പരിഷ്‌കാരത്തിനായി ഇതു തുടരുമെന്നും പന്ത്രണ്ടു ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചുകൊണ്ട് ഹസാരെ പറഞ്ഞു. ഇന്നലെ രാവിലെ 10.20ന് രണ്ടു പെണ്‍കുട്ടികളില്‍നിന്ന് തേന്‍ ചേര്‍ത്ത ഇളനീര്‍ കഴിച്ചാണ് ഹസാരെ സമരം നിര്‍ത്തിയത്. ഹസാരെ സമരം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് രാജ്യമെങ്ങും അനുയായികള്‍ വിജയാഘോഷം നടത്തി.

ഹസാരെയുടെ നിബന്ധനകള്‍ അടങ്ങിയ പ്രമേയം കഴിഞ്ഞ ദിവസം രാത്രി പാര്‍ലമെന്റിന്റെ ഇരുസഭകളും വോട്ടിംഗ് ഇല്ലാതെ അംഗീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇന്നലെ സമരം അവസാനിപ്പിക്കുമെന്ന് ഹസാരെ പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ രാംലീല മൈതാനിയിലെ സമരവേദിയില്‍ സിമ്രാന്‍, ഇക്ര എന്നീ ദലിത്, മുസ്‌ലിം പെണ്‍കുട്ടികളില്‍നിന്ന് തേന്‍ ചേര്‍ത്ത ഇളനീര്‍ സ്വീകരിച്ചാണ് 288 മണിക്കൂര്‍ നീണ്ട സത്യഗ്രഹം അവസാനിപ്പിച്ചത്. രാംലീല മൈതാനിയില്‍ തടിച്ചുകൂടിയ അനുയായികളോട് നടത്തിയ ഹ്രസ്വമായ പ്രസംഗത്തിനു ശേഷം ഹസാരെയെ ഗുഡ്ഗാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. നരേഷ് ട്രെഹാന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. സമരകാലത്തും ഹരാരെയെ ശുശ്രൂഷിച്ചിരുന്നത് ഇതേ വൈദ്യസംഘമാണ്. ഹസാരെയ്ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പു പരിഷ്‌കാരങ്ങള്‍ക്കായി സമരം തുടരുമെന്ന് രാംലീല മൈതാനിയില്‍ ഹസാരെ പറഞ്ഞു. താന്‍ ആഗ്രഹിക്കുന്ന നേട്ടങ്ങളുണ്ടാക്കും വരെ വിശ്രമിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ സമരം പാര്‍ലമെന്റിനും ഭരണഘടനയ്ക്കും എതിരാണെന്ന ആക്ഷേപം ഹസാരെ തള്ളി. ഭരണഘടനാപരമായ മാര്‍ഗത്തിലൂടെയാണ് മാറ്റങ്ങളുണ്ടാവേണ്ടതെന്ന് ഹസാരെ പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും രാംലീല മൈതാനിയില്‍ തടിച്ചുകൂടിയവരുടെയും വിജയമാണെന്ന് ഹസാരെ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പു പരിഷ്‌കാരങ്ങളിലൂടെ അഴിമതി ഒരു പരിധിവരെ ഇല്ലാതാക്കാനാവും. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും തിരസ്‌കരിക്കാനും ജനങ്ങള്‍ക്ക് അധികാരം വേണം. ബാലറ്റ് പേപ്പറിലുള്ള ആരെയും താന്‍ അംഗീകരിക്കുന്നില്ലെന്ന വോട്ടറുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കണം. മണ്ഡലത്തിലെ ഭൂരിപക്ഷം പേരും ഒരാളെ തിരസ്‌കരിക്കുകയാണെങ്കില്‍ ആ തിരഞ്ഞെടുപ്പു തന്നെ റദ്ദാക്കപ്പെടും. തിരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കിയവര്‍ക്ക് അപ്പോള്‍ എന്തുപറ്റും? തിരഞ്ഞെടുപ്പിനായി പത്തു കോടി രൂപ ചെലവഴിക്കുകയും എന്നിട്ടും തിരഞ്ഞെടുപ്പു റദ്ദായിപ്പോവുകയുമാണെങ്കില്‍ അതാണ് അവര്‍ക്കുള്ള മറുപടി.

ജനങ്ങളുടെ പാര്‍ലമെന്റ് ഡല്‍ഹിയിലെ പാര്‍ലമെന്റനേക്കാള്‍ വലുതാണെന്ന് ഹസാരെ പറഞ്ഞു. അതുകൊണ്ടാണ് പാര്‍ലമെന്റിന് ജനങ്ങളുടെ പാര്‍ലമെന്റിന്റെ ശബ്ദം കേള്‍ക്കേണ്ടിവരുന്നത്. അഴിമതിയെ ഇല്ലാതാക്കാമെന്ന് ഒരു വിശ്വാസമാണ് ഈ നിമിഷത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഭരണഘടനാ തത്വങ്ങളും നിയമങ്ങളും നടപ്പാക്കാമെന്ന വിശ്വാസവും അതിലൂടെ വന്നിരിക്കുന്നു. കര്‍ഷകരുടെയും വിദ്യാഭ്യാസ രംഗത്തെയും പ്രശ്‌നങ്ങളും തന്റെ അജന്‍ഡയിലുണ്ടെന്ന് ഹസാരെ പറഞ്ഞു. 

ലോക്പാല്‍ ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരു മാസത്തിനകം തന്നെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഹസാരെ നിരാഹാരം അവാസനിപ്പിച്ച ശേഷം സംഘത്തിലെ പ്രധാനിയായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകളില്‍ പൗരാവകാശ രേഖ പ്രദര്‍ശിപ്പിക്കുക, താഴെത്തട്ടിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലോക്പാലിനു കീഴില്‍ കൊണ്ടുവരിക, എല്ലാ സംസ്ഥാനങ്ങളിലും സമാനമായ ലോകായുക്ത നിയമം കൊണ്ടുവരിക എന്നിവയാണ് ഹസാരെ മുന്നോട്ടുവച്ചിരുന്ന നിബന്ധനകള്‍. ഇത് മൂന്നും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു. പ്രമേയം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടും. പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെയും പ്രമേയത്തിന്റെയും വിവരങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നലെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ച് ധരിപ്പിച്ചു.

janayugom 290811

3 comments:

  1. താന്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ അടങ്ങിയ പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് നിരാഹാര സമരം നിര്‍ത്തിവയ്ക്കുന്നത് തല്‍ക്കാലത്തേക്കാണെന്ന് അന്നാ ഹസാരെ. പ്രക്ഷോഭം തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്നും തിരഞ്ഞെടുപ്പു പരിഷ്‌കാരത്തിനായി ഇതു തുടരുമെന്നും പന്ത്രണ്ടു ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചുകൊണ്ട് ഹസാരെ പറഞ്ഞു. ഇന്നലെ രാവിലെ 10.20ന് രണ്ടു പെണ്‍കുട്ടികളില്‍നിന്ന് തേന്‍ ചേര്‍ത്ത ഇളനീര്‍ കഴിച്ചാണ് ഹസാരെ സമരം നിര്‍ത്തിയത്. ഹസാരെ സമരം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് രാജ്യമെങ്ങും അനുയായികള്‍ വിജയാഘോഷം നടത്തി.

    ReplyDelete
  2. വിദേശനാണയ വിനിമയ ചട്ടലംഘനത്തിന് ബാബാ രാംദേവിനും ഹരിദ്വാറിലെ അദ്ദേഹത്തിന്റെ ട്രസ്റ്റുകള്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. റിസര്‍വ് ബാങ്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ട്രസ്റ്റുകള്‍ നടത്തിയ സംശയകരമായ സാമ്പത്തിക ഇടപാട് സംബന്ധിച്ച് വിദേശത്തുനിന്ന് ലഭിച്ച വിവരവും കേസിന് കാരണമായി. രാംദേവിന്റെ ഹരിദ്വാറിലെ ആസ്ഥാനമായ പതഞ്ജലി യോഗപീഠം ട്രസ്റ്റ്, ദിവ്യ യോഗ മന്ദിര്‍ , ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്ക് വിദേശത്തുനിന്ന് ഫണ്ടുവരുന്നതിലാണ് ചട്ടലംഘനം കണ്ടെത്തിയത്. രാംദേവിന്റെ സ്ഥാപനങ്ങളിലേക്ക് വിദേശത്തുനിന്നുള്ള പണമൊഴുക്ക് ഡയറക്ടറേറ്റ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിദേശനാണയ വിനിമയ }ചട്ടത്തിലെ (ഫെമ)വ്യവസ്ഥപ്രകാരമാണ് നടപടിയെന്ന് ഇഡി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സ്കോട്ട്ലന്‍ഡില്‍ രാംദേവിന് സ്വന്തമായുള്ള ദ്വീപിന്റെ വിശദാംശങ്ങള്‍ ബ്രിട്ടീഷ് അധികൃതരില്‍നിന്ന് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. ആരാധകരായ വിദേശ ദമ്പതികള്‍ സമ്മാനമായി നല്‍കിയതാണ് ദ്വീപെന്നാണ് രാംദേവിന്റെ അവകാശവാദം. സ്കോട്ട്ലന്‍ഡിലെ ലാര്‍ഗ്സ് പട്ടണത്തിന് സമീപത്തുള്ള സ്വകാര്യ ദ്വീപായ ലിറ്റില്‍ കുംബ്രെ രാംദേവിന്റെ വിദേശത്താവളമായാണ് അറിയപ്പെടുന്നത്. ദ്വീപിലേക്കുള്ള പണമൊഴുക്കിന്റെ വിശദാംശങ്ങളാണ് ബ്രിട്ടീഷ് അധികൃതര്‍ കൈമാറിയത്. രാംദേവിന് ലഭിക്കുന്ന വിദേശഫണ്ടുകളുടെ വിവരം തേടി ദ്വീപുരാഷ്ട്രമായ മഡഗാസ്ക്കറുമായും ഇഡി അധികൃതര്‍ ബന്ധപ്പെടുന്നുണ്ട്.

    ReplyDelete
  3. ഒമ്പതു ലക്ഷം രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെയുടെ അടുത്ത അനുയായി അരവിന്ദ് കെജ്രിവാളിന് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. 2006 ഫെബ്രുവരിയില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്നും ജോലി രാജിവെച്ചെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടില്ല. ശമ്പള ഇനത്തിലും മറ്റ് ആനുകൂല്യത്തിനും കൈപ്പറ്റിയ തുകയുടെ ആദായ നികുതിയടച്ചിട്ടില്ലെന്നു കാട്ടിയാണ് നോട്ടീസയച്ചത്. പഠനത്തിനായി അവധിയെടുത്തെങ്കിലും സര്‍വീസില്‍ തിരികെ കയറാതെ നിയമനചട്ടം ലംഘിച്ചതായി പറയുന്നു. രണ്ടുവര്‍ഷത്തെ ശമ്പളവും പലിശയും കമ്പ്യൂട്ടര്‍ വാങ്ങാനെടുത്ത ലോണും കൂട്ടിച്ചേര്‍ത്ത് 9 ലക്ഷം തിരിച്ചടക്കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിട്ടുള്ളത്. താന്‍ അഴിമതിക്കെതിരെ സമരം നടത്തിയതിന്റെ പ്രതികാരമാണിതെന്നും ചട്ടം ലംഘിച്ചിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു

    ReplyDelete