Thursday, August 25, 2011

ശ്രേയാംസ്‌കുമാറിന്റെ കൈവശമുള്ള അനധികൃത ഭൂമി: ജില്ലാ ഭരണകൂടം നിയമോപദേശം തേടി

കല്‍പറ്റ: സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയുടെ കൈവശത്തില്‍ വയനാട്ടിലെ കൃഷ്ണഗിരി വില്ലേജിലുള്ള അനധികൃത ഭൂമിയുടെ തുടര്‍നടപടി സംബന്ധിച്ച് ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാറിനോട് നിയമോപദേശം തേടി. ശ്രേയാംസ്‌കുമാറിന്റെ പക്കല്‍ കൃഷ്ണഗിരിയിലുള്ള തോട്ടത്തിനുള്ളിലാണ് സര്‍ക്കാര്‍ തണ്ടപ്പേരിലുള്ള 14.78 ഏക്കര്‍ ഭൂമിയുള്ളത്. ഈ ഭൂമി പിടിച്ചെടുത്ത് ആദിവാസികളടക്കമുള്ള ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഭൂമി കയ്യേറി പാര്‍പ്പുറപ്പിച്ച ആദിവാസികളെ കുടിയിറക്കി ഈ ഭൂമിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകയെന്ന ബോര്‍ഡ് ജില്ലാ ഭരണകൂടം സ്ഥാപിച്ചതാണ്. പിന്നീട് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബോര്‍ഡ് നീക്കം ചെയ്തു. ഈ ഭൂമിയില്‍ ഒരുകാരണവശാലും പട്ടയം കൊടുക്കാനോ കൈവശക്കാരന് പതിച്ചുനല്‍കാനോ കഴിയില്ലെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഭൂ രഹിതര്‍ ഭൂമി കയ്യേറുന്നതിനും സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതിനും എതിരെ ശ്രേയാംസ്‌കുമാര്‍ ബത്തേരി സബ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൈവശക്കാരനെ ബുദ്ധിമുട്ടിക്കരുതെന്ന് ഇഞ്ചങ്ഷന്‍ ഉത്തരവുണ്ട്.

എന്നാല്‍ ഇതേ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ശ്രേയാംസ്‌കുമാറിന് എതിരാണ്. ഭൂമി സര്‍ക്കാറിന് വിട്ടുകൊടുക്കാനും അഥവാ വിട്ടുകൊടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനകം പിടിച്ചെടുക്കാനുമായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും സിംഗിള്‍ ബഞ്ച് വിധി നടപ്പാക്കിയ ശേഷമേ ഹര്‍ജി സ്വീകരിക്കാനാവൂ എന്നാണ് ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടത്.  ഒരു മാസത്തിനകം ഭൂമി വിട്ടുകൊടുക്കണമെന്ന ഉത്തരവ് ശ്രേയാംസ്‌കുമാര്‍ പാലിച്ചിട്ടില്ല. വിട്ടുകൊടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനം ഭൂമി പിടിച്ചെടുക്കണമെന്ന ഹൈക്കോടതി വിധിപ്പകര്‍പ്പ് കഴിഞ്ഞ ജൂലൈ 14നാണ് ചീഫ് സെക്രട്ടറി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ബത്തേരി തഹസില്‍ദാര്‍ എന്നിവര്‍ക്ക് അഡ്വക്കറ്റ് ജനറല്‍ ഓഫീസില്‍ നിന്ന് അയച്ചിട്ടുള്ളത്.

ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം സര്‍ക്കാറിനോടും ഗവണ്മെന്റ് പ്ലീഡറോടും നിയമോപദേശം തേടിയത്. കൈവശക്കാരനെ ശല്യപ്പെടുത്തരുതെന്ന സബ് കോടതി ഇഞ്ചങ്ഷന്‍ നിലനില്‍ക്കെ ഹൈക്കോടതി വിധി നടപ്പാക്കാന്‍ ജില്ലാഭരണകൂടം ബാധ്യസ്ഥമാണോ എന്ന സംശയമാണ് കത്തില്‍ ഉന്നയിച്ചിട്ടുള്ളത്.

ഇതിനിടെ കഴിഞ്ഞ ദിവസം വില്ലേജ് അധികൃതര്‍ ഈ ഭൂമിയുടെ അതിരടയാളങ്ങള്‍ വീണ്ടും രേഖപ്പെടുത്തി. നേരത്തേ തയ്യാറാക്കിയ സ്‌കെച്ചില്‍ വ്യത്യാസമുണ്ടോയെന്ന പരിശോധന മാത്രമാണ് റവന്യൂ അധികൃതര്‍ നടത്തിയത്. കേസില്‍ നിയമപ്രശ്‌നങ്ങളും സംശയങ്ങളും ഉന്നയിച്ച് നടപടിക്രമങ്ങള്‍ വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ബോധപൂര്‍വ ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ഡി സി സി ജനറല്‍ സെക്രട്ടറി കൈയേറിയ ഭൂമിയടക്കം 125 ഏക്കര്‍ തിരിച്ചുപിടിച്ചു

അടിമാലി: നേര്യമംഗലം റേഞ്ചില്‍ പരിശക്കല്ല് വനമേഖലയില്‍ കോണ്‍ഗ്രസ് നേതാവ് കൈയേറിയ 125 ഏക്കര്‍ വനഭൂമി വനപാലകസംഘം തിരിച്ചുപിടിച്ചു.
അടിമാലി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ഡി സി സി ജനറല്‍ സെക്രട്ടറിയുമായ ബാബു പി കുര്യാക്കോസ് കൈയേറിയ 40 ഏക്കര്‍ സ്ഥലം ഉള്‍പ്പെടെയാണ് തിരിച്ചെടുത്തത്. നേര്യമംഗലം റിസര്‍വ് വനഭൂമിയില്‍ പെടുന്ന പരിശക്കല്ല്, ഒഴുവത്തടം, തണ്ട്, പഴംപള്ളിച്ചാല്‍, പടിക്കപ്പ് എന്നിവിടങ്ങളിലായിട്ടാണ് മൂന്നാര്‍ ഡി എഫ് ഒ ഇന്ദുചൂഡന്റെ നേതൃത്വത്തില്‍ ഭൂമി തിരിച്ചുപിടിച്ചത്. നാല് വശങ്ങളും കുടിയേറ്റ ഭൂമിയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശത്താണ് കൈയേറ്റം ഉണ്ടായിരിക്കുന്നത്. മൂന്നാര്‍ ഭൂമി കയ്യേറ്റത്തിലും ആരോപണ വിധേയനായ ബാബു പി കുര്യാക്കോസ് ഇവിടെ ഭൂമി കൈയേറിയതിന്റെ ബലത്തില്‍ പ്രദേശവാസികളും കൈയേറ്റം നടത്തിയിരുന്നു. ഇദ്ദേഹത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മൂന്ന് ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു.

ഇതിന്റെ മറവിലാണ് 40 ഏക്കര്‍ വനഭൂമി കൈയേറിയത്. അതീവ ജൈവപ്രാധാന്യമുള്ള മേഖലയാണ് ഇവിടം.

കൈയേറിയ 40 ഏക്കര്‍ ഭൂമി കമ്പി വേലി ഇട്ട് തിരിച്ച നിലയിലായിരുന്നു. ഇത് വനപാലകര്‍ തകര്‍ത്തു. സ്ഥലത്തെ കൃഷിയും വെട്ടിനശിപ്പിച്ചു. കോടതിയില്‍ കേസ് നിലനില്‍ക്കുന്ന മൂന്ന് ഏക്കര്‍ ഭൂമിയിലേയ്ക്ക് വനപാലകര്‍ പ്രവേശിച്ചില്ല. ഈ കൈയേറ്റഭൂമിയിലേയ്ക്ക് വാഹനസൗകര്യം എത്തിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി റോഡ് നിര്‍മാണവും നടക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡി എഫ് ഒയ്ക്ക് പുറമെ റേഞ്ച് ഓഫീസര്‍മാരായ പി എസ് സുനില്‍, സനല്‍കുമാര്‍, ശിവപ്രസാദ്, ജോഷി സെബാസ്റ്റ്യന്‍, എം വി തോമസ്, ജയചന്ദ്രന്‍, എ എസ് ഐ; ജോയി ജോസഫ് എന്നിവരും നടപടിയില്‍ പങ്കെടു

janayugom 250811

1 comment:

  1. സോഷ്യലിസ്റ്റ് ജനതാദള്‍ നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എയുടെ കൈവശത്തില്‍ വയനാട്ടിലെ കൃഷ്ണഗിരി വില്ലേജിലുള്ള അനധികൃത ഭൂമിയുടെ തുടര്‍നടപടി സംബന്ധിച്ച് ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാറിനോട് നിയമോപദേശം തേടി. ശ്രേയാംസ്‌കുമാറിന്റെ പക്കല്‍ കൃഷ്ണഗിരിയിലുള്ള തോട്ടത്തിനുള്ളിലാണ് സര്‍ക്കാര്‍ തണ്ടപ്പേരിലുള്ള 14.78 ഏക്കര്‍ ഭൂമിയുള്ളത്. ഈ ഭൂമി പിടിച്ചെടുത്ത് ആദിവാസികളടക്കമുള്ള ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഭൂമി കയ്യേറി പാര്‍പ്പുറപ്പിച്ച ആദിവാസികളെ കുടിയിറക്കി ഈ ഭൂമിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകയെന്ന ബോര്‍ഡ് ജില്ലാ ഭരണകൂടം സ്ഥാപിച്ചതാണ്. പിന്നീട് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബോര്‍ഡ് നീക്കം ചെയ്തു. ഈ ഭൂമിയില്‍ ഒരുകാരണവശാലും പട്ടയം കൊടുക്കാനോ കൈവശക്കാരന് പതിച്ചുനല്‍കാനോ കഴിയില്ലെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

    ReplyDelete