Friday, August 26, 2011

ഹസാരെയ്ക്കു വേണ്ടി പ്രമേയം

ന്യൂഡല്‍ഹി: ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാരസമരം നടത്തുന്ന അണ്ണ ഹസാരെയുടെ ആവശ്യങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന പ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. ഹസാരെ സംഘത്തിന്റെ ജന്‍ലോക്പാല്‍ ബില്ലുള്‍പ്പെടെ ഫലപ്രദമായ ലോക്പാലിനു വേണ്ടിയുള്ള നിര്‍ദേശമടങ്ങിയ കരടും ചര്‍ച്ചചെയ്യും. രണ്ടുദിവസത്തെ ചര്‍ച്ചയ്ക്കുശേഷം ;ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരണം എന്ന പ്രമേയം പാര്‍ലമെന്റ് പാസാക്കി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. പ്രമേയം പാസായാല്‍ സമരം നിര്‍ത്തുമെന്ന് ഹസാരെ സംഘത്തിലുള്ള കിരണ്‍ബേദി അറിയിച്ചു. പ്രമേയം ചര്‍ച്ചചെയ്യുന്നതിന് ശനിയാഴ്ച കൂടി സഭ ചേരാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഹസാരെയുടെ സമരം ശനിയാഴ്ച വൈകിട്ട് അവസാനിപ്പിക്കും.

സര്‍ക്കാര്‍ ലോക്പാല്‍ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. മറ്റൊരു ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാനാകില്ല. ഈ സാഹചര്യത്തിലാണ് മറ്റ് ബില്ലുകളിലെയും പ്രസക്തമായ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്ത് പ്രമേയമായി പാസാക്കി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിച്ചത്. ജന്‍ലോക്പാല്‍ ബില്‍ കൂടാതെ സര്‍ക്കാര്‍ ബില്ലും ചര്‍ച്ചയ്ക്കു വരും. അരുണാറോയ്, ജയപ്രകാശ്നാരായണ്‍ എന്നിവരുടെ ബില്ലുകളിലെ വ്യവസ്ഥകളും ചര്‍ച്ചയില്‍ ഉന്നയിക്കാം.

ഹസാരെയുടെ നിരാഹാരം പത്തുദിവസം പിന്നിട്ട സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ ഹസാരെസംഘത്തിന്റെ കോര്‍കമ്മിറ്റി തീരുമാനിച്ചു. ഹസാരെയുടെ ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ മെച്ചമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യപ്രശ്നമില്ലെന്നും നിരാഹാരസമരത്തിന് അനുവദിച്ച സെപ്തംബര്‍ മൂന്ന് എന്ന സമയപരിധി നീട്ടിനല്‍കണമെന്നും ഹസാരെ ആവശ്യപ്പെട്ടു. ജന്‍ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കാമെന്നുപറഞ്ഞ ബിജെപി അവസാനം കാലുമാറിയതായി വ്യാഴാഴ്ച അണ്ണ ഹസാരെ കുറ്റപ്പെടുത്തി. അതെസമയം, ജന്‍ലോക്പാലിനെ പിന്തുണക്കുന്നതായി ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി പ്രതികരിച്ചു.

ബുധനാഴ്ചത്തെ സര്‍വകക്ഷിയോഗം സമവായത്തിലെത്താതെ പിരിഞ്ഞതിനെ തുടര്‍ന്ന് സമരം നീളുമെന്ന പ്രതീതിയാണ് വ്യാഴാഴ്ച രാവിലെ രാംലീലാ മൈതാനിയില്‍ കണ്ടത്. രാവിലെ ചേര്‍ന്ന ഹസാരെ സംഘം കോര്‍കമ്മിറ്റിയോഗം ഇനി സര്‍ക്കാരുമായി ചര്‍ച്ചതന്നെ വേണ്ടെന്ന് തീരുമാനിക്കാനും ആലോചിച്ചു. സര്‍ക്കാരിന്റെ സമീപനം പോലെയാകാമെന്നായി തീരുമാനം. പകല്‍ 12 ന് പ്രധാനമന്ത്രി ലോക്സഭയില്‍ പ്രസ്താവന നടത്തി. ഹസാരെ സംഘത്തിന്റെ ജന്‍ലോക്പാല്‍ ബില്ലിലെ പ്രധാനവ്യവസ്ഥകള്‍ പരിഗണിക്കാമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. അറസ്റ്റുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പാകപ്പിഴകളില്‍ ഖേദം പ്രകടിപ്പിച്ച പ്രധാനമന്ത്രി ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരുമെന്ന് സഭയ്ക്ക് ഉറപ്പുനല്‍കി. മഹാരാഷ്ട്ര സ്വദേശിയായ കേന്ദ്രമന്ത്രി വിലാസ്റാവു ദേശ്മുഖ് രാംലീലാ മൈതാനിയിലെത്തി ഹസാരെയെ കണ്ട് പ്രധാനമന്ത്രിയുടെ സന്ദേശം അറിയിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹസാരെ പ്രധാനമന്ത്രിക്ക് കത്ത് കൊടുത്തുവിട്ടു. മൂന്നു കാര്യങ്ങളാണ് കത്തില്‍ ആവശ്യപ്പെട്ടത്. താഴേക്കിടയിലുള്ള ഉദ്യോഗസ്ഥര്‍മുതല്‍ മേല്‍ത്തട്ടിലുള്ളവര്‍ വരെ ബില്ലിന്റെ പരിധിയില്‍ വരണം. ലോകായുക്തകള്‍ക്ക് ലോക്പാലിന് സമാനമായ അധികാരം നല്‍കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ പൗരാവകാശരേഖ കൊണ്ടുവരണം. സര്‍ക്കാരുമായി തര്‍ക്കമുണ്ടായിരുന്നത് ഇക്കാര്യങ്ങളിലാണ്. കത്ത് വിലാസ്റാവു ദേശ്മുഖ് പ്രധാനമന്ത്രിക്ക് നല്‍കി. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി ആറുമണിക്ക് ഉന്നതതലയോഗം വിളിച്ചു. പ്രണബ്മുഖര്‍ജി, പി ചിദംബരം, എ കെ ആന്റണി, സല്‍മാന്‍ഖുര്‍ഷിദ് എന്നിവരാണ് പങ്കെടുത്തത്. പിന്നീട് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍ കുമാര്‍ബന്‍സലും ചേര്‍ന്നു.
(ദിനേശ്വര്‍മ)

deshabhimani 260811

1 comment:

  1. ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാരസമരം നടത്തുന്ന അണ്ണ ഹസാരെയുടെ ആവശ്യങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന പ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. ഹസാരെ സംഘത്തിന്റെ ജന്‍ലോക്പാല്‍ ബില്ലുള്‍പ്പെടെ ഫലപ്രദമായ ലോക്പാലിനു വേണ്ടിയുള്ള നിര്‍ദേശമടങ്ങിയ കരടും ചര്‍ച്ചചെയ്യും. രണ്ടുദിവസത്തെ ചര്‍ച്ചയ്ക്കുശേഷം ;ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരണം എന്ന പ്രമേയം പാര്‍ലമെന്റ് പാസാക്കി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. പ്രമേയം പാസായാല്‍ സമരം നിര്‍ത്തുമെന്ന് ഹസാരെ സംഘത്തിലുള്ള കിരണ്‍ബേദി അറിയിച്ചു. പ്രമേയം ചര്‍ച്ചചെയ്യുന്നതിന് ശനിയാഴ്ച കൂടി സഭ ചേരാന്‍ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഹസാരെയുടെ സമരം ശനിയാഴ്ച വൈകിട്ട് അവസാനിപ്പിക്കും.

    ReplyDelete