Friday, August 26, 2011

ആദിവാസി വഞ്ചനക്കെതിരെ ജനകീയ സമ്മര്‍ദ്ദം ഉയരണം

അട്ടപ്പാടിയിലെ ആദിവാസിഭൂമി നിയമവിരുദ്ധമായി വെട്ടിപ്പിടിച്ചും കയ്യേറിയും സ്വന്തമാക്കി അവിടെ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദനം തുടങ്ങിയ സുസ്‌ലോണ്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണാധികാരമുപയോഗിച്ച് നിയമവിധേയമാക്കാന്‍ ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റ് എടുത്ത തീരുമാനം ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണ്. സുസ്‌ലോണ്‍ ഭൂമി കയ്യേറ്റത്തിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ചന്ദ്രഹാസമിളക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടങ്ങുന്ന യു ഡി എഫ് സംഘം ഇപ്പോള്‍ കമ്പനിക്കുവേണ്ടി മറുകണ്ടം ചാടുന്നത് എന്തിന്റെ പേരിലാണെന്ന് ആദിവാസികളോടും കേരള ജനതയോടും പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്.

ആദിവാസി ഭൂമി തട്ടിയെടുത്തവര്‍ എന്ന് അവര്‍ തന്നെ ആവര്‍ത്തിച്ചാരോപിച്ച കമ്പനിയില്‍ നിന്നും വൈദ്യുതി ഉല്‍പാദനത്തില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതമെന്ന നക്കാപ്പിച്ച നല്‍കി ആദിവാസികളുടെ വായടപ്പിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരും. എല്‍ ഡി എഫ് ഭരണ കാലത്ത് ഭൂമിതട്ടിപ്പു വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് നല്ലശിങ്ക, വരണംപാടി ഊരുകളിലെ 100 ഏക്കര്‍ ആദിവാസി ഭൂമിയും 50 ഏക്കര്‍ വനഭൂമിയും ഉന്നതതലത്തിലുള്ള അറിവോടെ തട്ടിയെടുത്തെന്ന ആരോപണമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്ന് നിയമസഭയില്‍ അടിയന്തര പ്രമേയത്തില്‍ ഉന്നയിച്ചത്. ഭൂമി നിയമം ലംഘിച്ച് രജിസ്റ്റര്‍ ചെയ്തു, ഊര്‍ജ വകുപ്പില്‍ നിന്നും സബ്‌സിഡി തട്ടിയെടുത്തു, സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും വായ്പകരസ്ഥമാക്കി എന്നീ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. അന്നത്തെ ഊര്‍ജവകുപ്പ് മന്ത്രി എ കെ ബാലന് തന്റേടമുണ്ടെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സഭാതലത്തില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ആരോപണങ്ങളും വെല്ലുവിളികളും മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും വിഴുങ്ങിയിരിക്കുന്നു.

കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ആദിവാസി പ്രേമത്തിന്റെ തനിനിറമാണ് സുസ്‌ലോണ്‍ കമ്പനിക്ക് ഒത്താശ ചെയ്ത് ആദിവാസി സമൂഹത്തെ വഞ്ചിച്ച് തുറന്നുകാട്ടിയിരിക്കുന്നത്. ആദിവാസികളോടുള്ള കോണ്‍ഗ്രസിന്റെ വഞ്ചന പുതിയ കഥയല്ല. സ്വാതന്ത്ര്യത്തിന്റെ കഴിഞ്ഞ 64 വര്‍ഷങ്ങളില്‍ അനുസ്യൂതം തുടര്‍ന്നു വരുന്ന കബളിപ്പിക്കലിന്റെ കഥയാണിത്. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് തിരുവനന്തപുരത്ത് അരങ്ങേറിയ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയുടെ കോല്‍ക്കളിയും തുടര്‍ന്നു മുത്തങ്ങയില്‍ ആദിവാസി ജോഗിയെ വെടിവെച്ചു കൊന്നതും ആദിവാസി നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദിച്ച് തുറങ്കിലടച്ചതും ആദിവാസി പ്രേമത്തിന്റെ കേരളം മറക്കാത്ത ബാക്കിപത്രങ്ങളാണ്. നൂറുകണക്കിന് ആദിവാസികളെയും അവരുടെ അവകാശസമരത്തില്‍ പങ്കാളികളായ ഇടതു-ജനാധിപത്യ ശക്തികളെയും കൂട്ടക്കൊലചെയ്തു രാജ്യത്ത് ആദിവാസി മേഖലയിലുടനീളം ഭരണകൂട ഭീകരത അഴിച്ചുവിടുന്ന നയപരിപാടികളും കോണ്‍ഗ്രസിന്റെ ആദിവാസി പ്രേമത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്.

കോണ്‍ഗ്രസ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന നവ ഉദാരീകരണ നയങ്ങളാണ് ഒറീസയിലും ചത്തീസ്ഗഢിലും ഝാര്‍ക്കണ്ഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുമെല്ലാം ആദിവാസി ഭൂമി കയ്യടക്കാന്‍ സര്‍ക്കാരുകളുടെ സജീവ പിന്തുണയോടെ നടന്നുവരുന്നത്. സുപ്രിംകോടതി പിരിച്ചയക്കാന്‍ നിര്‍ദേശിച്ച സാല്‍വ ജൂദും പോലെയുള്ള നിയമ വിരുദ്ധ കൊലയാളി സംഘങ്ങളെ നിലനിര്‍ത്താന്‍ സമുന്നത നീതിപീഠത്തിനു മുമ്പില്‍ കേന്ദ്ര സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയതിന്റെ പിന്നിലെ ചേതോവികാരവും മറിച്ചൊന്നല്ല. മേല്‍പറഞ്ഞ സംസ്ഥാനങ്ങളിലെല്ലാം കോര്‍പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് പിന്തുടരുന്ന ദാസ്യമനോഭാവം തന്നെയാണ് കേരളത്തില്‍ സുസ്‌ലോണിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും സംഘവും അവലംബിക്കുന്നത്.

സ്വന്തം ഭൂമി തട്ടിയെടുക്കപ്പെട്ടത് തിരിച്ചറിയാന്‍പോലും യഥാസമയം കഴിയാതെയിരുന്ന, പരിഷ്‌കൃതമെന്നവകാശപ്പെടുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ നിരന്തരമായ കബളിപ്പിക്കലിനു ഇരകളായ ആദിവാസി സമൂഹത്തിന്, അവര്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കാതെ ലാഭവിഹിതം കമ്പനിയില്‍ നിന്നു തരപ്പെടുത്തി നല്‍കുമെന്ന് ഉമ്മന്‍ചാണ്ടിയും സംഘവും പറയുന്നത് ആരാണ് വിശ്വസിക്കുക? അതിന് നിയമപരവും ഔപചാരികവുമായ എന്തു സംവിധാനവും ഉറപ്പുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കേരള സമൂഹത്തിനുമുന്നില്‍ വെക്കാനുള്ളത്? അട്ടപ്പാടിയിലെ പവപ്പെട്ട ആദിവാസിയുടെ തട്ടി എടുക്കപ്പെട്ട ഭൂമി അവര്‍ക്കു നിയമവിധേയമായി തിരിച്ചു നല്‍കുമെന്ന് ഉറപ്പു വരുത്താന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്. സുസ്‌ലോണ്‍ കയ്യേറിയ അമ്പതേക്കര്‍ വനഭൂമി അവരില്‍ നിന്നു തിരിച്ചു പിടിച്ചേ മതിയാവൂ.

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി തിരിച്ചുപിടിച്ച് അതിന്മേല്‍ അവരുടെ അവകാശം ഉറപ്പുവരുത്താനും സുസ്‌ലോണ്‍ കവര്‍ന്നെടുത്ത വനഭൂമി തിരിച്ചെടുക്കാനും ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്മേല്‍ ശക്തമായ ജനകീയ സമ്മര്‍ദ്ദം ഉയര്‍ന്നുവരണം.


janayugom editorial 260811

1 comment:

  1. അട്ടപ്പാടിയിലെ ആദിവാസിഭൂമി നിയമവിരുദ്ധമായി വെട്ടിപ്പിടിച്ചും കയ്യേറിയും സ്വന്തമാക്കി അവിടെ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദനം തുടങ്ങിയ സുസ്‌ലോണ്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഭരണാധികാരമുപയോഗിച്ച് നിയമവിധേയമാക്കാന്‍ ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റ് എടുത്ത തീരുമാനം ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണ്. സുസ്‌ലോണ്‍ ഭൂമി കയ്യേറ്റത്തിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ചന്ദ്രഹാസമിളക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടങ്ങുന്ന യു ഡി എഫ് സംഘം ഇപ്പോള്‍ കമ്പനിക്കുവേണ്ടി മറുകണ്ടം ചാടുന്നത് എന്തിന്റെ പേരിലാണെന്ന് ആദിവാസികളോടും കേരള ജനതയോടും പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്.

    ReplyDelete