Monday, August 29, 2011

മില്‍മയില്‍ കോടികളുടെ കോഴ നിയമനം

കൊല്ലം: മില്‍മ എറണാകുളം മേഖലാ യൂണിയനില്‍ ചെയര്‍മാന്റെ കാര്‍ഡ്രൈവര്‍ക്കും ആശ്രിതനും സൂപ്പര്‍വൈസറുടെ ഭാര്യക്കും അടക്കം കൂട്ട നിയമനം. നിയമനത്തിന് തടസ്സം നിന്ന ക്ഷീരവികസന ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കാനും നീക്കമുണ്ട്. ലക്ഷങ്ങള്‍ കോഴവാങ്ങുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍സര്‍ക്കാര്‍ തടഞ്ഞ നിയമന നടപടികളാണ് യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പൂര്‍ത്തിയാക്കിയത്. കെ പി ധനപാലന്‍ എംപിയുടെ അനുയായിയായ എം ടി ജയനാണ് മേഖലാ യൂണിയന്‍ ചെയര്‍മാന്‍ . 136 പേര്‍ക്ക് നിയമനം നല്‍കിയതില്‍ 80 ശതമാനവും ചാലക്കുടി, അങ്കമാലി, പറവൂര്‍ മേഖലയിലുള്ളവരാണ്. ചെയര്‍മാന്റെ കാര്‍ ഓടിക്കുന്ന പ്രദീപിന് അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം നല്‍കി. ഇതിനുശേഷവും ഇയാള്‍ ചെയര്‍മാന്റെ ഡ്രൈവറായി തുടരുന്നു.

ചെയര്‍മാന്‍ പ്രതിനിധാനം ചെയ്യുന്ന എളന്തിക്കര ക്ഷീരസംഘത്തിന്റെ സെക്രട്ടറിക്ക് ഇടപ്പള്ളി പ്രൊഡക്ട്സ് ഡെയറിയില്‍ പ്ലാന്റ് അറ്റന്‍ഡറായാണ് നിയമനം. നിയമന ലിസ്റ്റില്‍പ്പെടാതെ തന്നെ ചെയര്‍മാന്റെ ഒരു ആശ്രിതനെ ഹെഡ്ഓഫീസില്‍ അറ്റന്‍ഡറാക്കി. മില്‍മയിലെ പി ആന്‍ഡ് ഐ സൂപ്പര്‍വൈസറുടെ ഭാര്യ തൃശൂര്‍ ഓഫീസില്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലാണ് നിയമനം നേടിയത്. ഇവരെ ഉള്‍പ്പെടുത്താന്‍ രണ്ടാമതും വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്ക് 40 വയസ്സായിരുന്നു ആദ്യ വിജ്ഞാപനത്തില്‍ പറഞ്ഞ പ്രായപരിധി. പിന്നീട് പ്രായപരിധി 43 ആക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. 40 കഴിഞ്ഞ ഈ ഉദ്യോഗാര്‍ഥിക്കും അതോടെ വഴി തെളിഞ്ഞു. സിഎ പാസായവരെ വരെ പിന്തള്ളിയാണ് ഇവര്‍ റാങ്ക്ലിസ്റ്റില്‍ കടന്നുകൂടിയത്. മില്‍മയുടെ പേഴ്സണല്‍ മാനേജര്‍ ജോര്‍ജ് ജേക്കബ് വൈസ് ചെയര്‍മാനായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്റാണ് എഴുത്തുപരീക്ഷ നടത്തിയത്. ഇതും ചട്ടവിരുദ്ധമാണ്.

എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷ 13000ല്‍ ഏറെപ്പേര്‍ എഴുതി. വേണ്ടപ്പെട്ടവര്‍ക്ക് പരീക്ഷയ്ക്കു മുമ്പേ ചോദ്യം ചോര്‍ന്നുകിട്ടിയതായും ഒഎംആര്‍ ഷീറ്റില്‍ കൃത്രിമം നടന്നതായും ആരോപണം ഉയര്‍ന്നിരുന്നു. വിവിധ തസ്തികകളിലായി 136 പേര്‍ക്കാണ് നിയമനം നല്‍കിയിരുന്നത്. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന ക്ഷീരവകുപ്പ് ഉദ്യേഗസ്ഥന്‍ അമീര്‍ഖാന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ഷീരവികസന ഡയറക്ടര്‍ കെ ടി സരോജനി കൂട്ടനിയമനം തടഞ്ഞു. എന്നാല്‍ , ഉന്നതര്‍ നേരിട്ട് ഇടപെട്ട് അത് പിന്‍വലിപ്പിച്ചു. അതിനിടെ, നിയമനം തടഞ്ഞ ക്ഷീരവികസന ഡയറക്ടര്‍ക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.
(ആര്‍ സാംബന്‍)

deshabhimani 290811

2 comments:

  1. മില്‍മ എറണാകുളം മേഖലാ യൂണിയനില്‍ ചെയര്‍മാന്റെ കാര്‍ഡ്രൈവര്‍ക്കും ആശ്രിതനും സൂപ്പര്‍വൈസറുടെ ഭാര്യക്കും അടക്കം കൂട്ട നിയമനം. നിയമനത്തിന് തടസ്സം നിന്ന ക്ഷീരവികസന ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കാനും നീക്കമുണ്ട്. ലക്ഷങ്ങള്‍ കോഴവാങ്ങുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍സര്‍ക്കാര്‍ തടഞ്ഞ നിയമന നടപടികളാണ് യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പൂര്‍ത്തിയാക്കിയത്. കെ പി ധനപാലന്‍ എംപിയുടെ അനുയായിയായ എം ടി ജയനാണ് മേഖലാ യൂണിയന്‍ ചെയര്‍മാന്‍ . 136 പേര്‍ക്ക് നിയമനം നല്‍കിയതില്‍ 80 ശതമാനവും ചാലക്കുടി, അങ്കമാലി, പറവൂര്‍ മേഖലയിലുള്ളവരാണ്. ചെയര്‍മാന്റെ കാര്‍ ഓടിക്കുന്ന പ്രദീപിന് അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം നല്‍കി. ഇതിനുശേഷവും ഇയാള്‍ ചെയര്‍മാന്റെ ഡ്രൈവറായി തുടരുന്നു.

    ReplyDelete
  2. did you raise a single hand for VS Arunkumars appointments? all are same..

    ReplyDelete