Thursday, August 25, 2011

വോട്ടിന് കോഴ: കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി കുറ്റപത്രം

ന്യൂഡല്‍ഹി: വോട്ടിന് കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും എം പിയുമായ അമര്‍സിംഗ്, ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ സഹായി സുധീന്ദ്ര കുല്‍ക്കര്‍ണി എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേരെ പ്രതികളാക്കിയാണ് ഡല്‍ഹി കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലന്ന് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച 80 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

ബി ജെ പി മുന്‍ എം പിമാരായ ഫഗ്ഗന്‍ സിംഗ് കുലസ്‌തെ, മഹാവീര്‍ സിംഗ് ഭഗോര എന്നിവരുടെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമര്‍സിംഗിന്റെ സഹായിയായിരുന്ന സഞ്ജീവ് സക്‌സേന, ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബി ജെ പി നേതാവ് സുഹൈല്‍ ഹിന്ദുസ്ഥാനി എന്നിവരെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. അശോക് അര്‍ഗലിനെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചശേഷം അനുബന്ധമായി കുറ്റപത്രം ഫയല്‍ ചെയ്യുമെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.
വോട്ടിനു കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് ഡല്‍ഹി പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. സമാജ് വാദി പാര്‍ട്ടി എം പി രേവതി രമണും പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കി.

2008ല്‍ നടന്ന കേസില്‍ പരാമവധി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജ്യസഭ ചെയര്‍മാനില്‍ നിന്നും അമര്‍സിംഗിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള അനുവാദം പൊലീസ് നേരത്തെ വാങ്ങിയിരുന്നു. എന്നാല്‍ അശോക് അര്‍ഗലിന്റെ കാര്യത്തില്‍ ലോകസഭ സ്പീക്കര്‍ക്ക് അനുവാദം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് സമര്‍പ്പിച്ചിട്ടേയുള്ളൂ. വിശ്വാസ വോട്ടെടുപ്പ് വേളയില്‍ യു പി എ സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ മൂന്ന് ബി ജെ പി എം പിമാരെ പണം നല്‍കി സ്വാധീനിച്ചു എന്നാണ് കേസ്. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണമല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി കഴിഞ്ഞ മാസം ഡല്‍ഹി പൊലീസിനെ കുറ്റപ്പെടുത്തിയിരുന്നു.

janayugom 250811

1 comment:

  1. വോട്ടിന് കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു. സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും എം പിയുമായ അമര്‍സിംഗ്, ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ സഹായി സുധീന്ദ്ര കുല്‍ക്കര്‍ണി എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേരെ പ്രതികളാക്കിയാണ് ഡല്‍ഹി കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലന്ന് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച 80 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.

    ReplyDelete