Sunday, August 28, 2011

സിപിഐ എം പ്രവര്‍ത്തന ഫണ്ട് വിജയിപ്പിക്കുക

സിപിഐ എം പ്രവര്‍ത്തനഫണ്ട് സെപ്തംബര്‍ ഒന്നുമുതല്‍ പത്തുവരെ ശേഖരിക്കും. രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തനഫണ്ട് വിജയമാക്കണമെന്ന് പാര്‍ടി സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു. വിവിധ ഘടകങ്ങളുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചപ്രകാരമാണ്, സെപ്തംബര്‍ ഒന്നുമുതല്‍ പത്തുവരെയുള്ള ദിവസങ്ങളില്‍ ഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ പാര്‍ടി ഘടകങ്ങളും സഖാക്കളും രംഗത്തുവരുന്നത്.

സോവിയറ്റ് യൂണിയന്റെ തിരിച്ചടിയെതുടര്‍ന്ന് സോഷ്യലിസം കാലഹരണപ്പെട്ടെന്നും മുതലാളിത്തം ശക്തിയാര്‍ജിച്ച് മുന്നേറുമെന്നും പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ആഘാതം നല്‍കി ആഗോള മുതലാളിത്തപ്രതിസന്ധി രൂക്ഷമാകുകയാണ്. ഈ പ്രതിസന്ധിയില്‍ തങ്ങളുടെ സമ്പദ്ഘടന സംരക്ഷിച്ചുനിര്‍ത്തുന്നതിന് അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ പാടുപെടുകയാണ്. ഈ സംഭവങ്ങള്‍ , മുതലാളിത്തത്തെ സംബന്ധിച്ചും ലോകത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് ശാസ്ത്രീയമാണെന്ന് തെളിയിക്കുന്നു. ലോകത്ത് ഈ പ്രതിസന്ധി രൂപപ്പെട്ടപ്പോള്‍ അതില്‍നിന്ന് ഇന്ത്യ പരിധിവരെ രക്ഷപ്പെട്ടുനിന്നത് ശക്തമായ പൊതുമേഖലയുടെ സാന്നിധ്യം ഉണ്ടായിരുന്നതുകൊണ്ടും ആഗോളവല്‍ക്കരണനയങ്ങളെ ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായി ഒരളവോളം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞതുകൊണ്ടുമായിരുന്നു. എന്നാല്‍ , ആഗോള മുതലാളിത്ത പ്രതിസന്ധിയില്‍നിന്ന് പാഠം പഠിക്കാതെ ആഗോളവല്‍ക്കരണനയങ്ങളുമായി മുന്നോട്ടുപോകുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുന്നതിനുള്ള നയസമീപനങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വവുമായി വിദേശനയങ്ങളില്‍ ഉള്‍പ്പെടെ യോജിച്ചുള്ള ചങ്ങാത്തവും അതാണ് തെളിയിക്കുന്നത്. ഇത്തരം നയങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന സ്വകാര്യവല്‍ക്കരണനടപടികള്‍മൂലം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുംവിധം അഴിമതി വ്യാപകമായിരിക്കുകയാണ്. വിലക്കയറ്റംപോലുള്ള ജനജീവിതം ദുസ്സഹമാക്കുന്ന അനുഭവങ്ങളും ഇത്തരം നയങ്ങളുടെ ഭാഗമായി ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്.

ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദലുയര്‍ത്തി ജനക്ഷേമപദ്ധതികളുമായി മുന്നോട്ടുപോകുന്ന നയം മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ , ഇത്തരം നീക്കങ്ങളെയെല്ലാം തകര്‍ക്കുംവിധമാണ് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഭൂപരിഷ്കരണനടപടികള്‍പോലും അട്ടിമറിക്കുകയാണ്. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഒന്നിനുപുറകെ ഒന്നായി തകര്‍ക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി ചുമതലകളില്‍ പാര്‍ശ്വവര്‍ത്തികളെ തിരുകിക്കയറ്റുന്നു. കേരളത്തില്‍ മുമ്പ് ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവരാത്തവിധം കോടതിതന്നെ പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയിരിക്കുകയാണ്. ജനദ്രോഹകരമായ നയങ്ങളെ മുഴുവന്‍ പ്രതിരോധിച്ചും ആഗോളവല്‍ക്കരണ നയസമീപനങ്ങളെ എതിര്‍ത്തും ജനകീയതാല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാര്‍ടി പോരാടുകയാണ്. അതുകൊണ്ടുതന്നെ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശക്തമായ ഇടപെടല്‍ സാമ്രാജ്യത്വശക്തികള്‍ ഉള്‍പ്പെടെ നടത്തുന്നു. ബംഗാളില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധ അക്രമങ്ങളും ഇതിന്റെ ഭാഗമാണ്.

ഈ സാഹചര്യത്തില്‍ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയെന്നത് രാജ്യതാല്‍പ്പര്യത്തിന് അനിവാര്യമാണ്. ഇതിനായി സിപിഐ എമ്മിന്റെ വിവിധ നിലവാരങ്ങളിലുള്ള ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വര്‍ഗ- ബഹുജനപ്രസ്ഥാനങ്ങള്‍ കരുത്തുറ്റതാക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനഫണ്ട് പിരിവിനായി പാര്‍ടിപ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ ഉദാരമായി സംഭാവന നല്‍കി ഫണ്ടുപ്രവര്‍ത്തനം വിജയിപ്പിക്കണമെന്ന് എല്ലാ ബഹുജനങ്ങളോടും സിപിഐ എം അഭ്യര്‍ഥിച്ചു.

deshabhimani 280811

1 comment:

  1. സിപിഐ എം പ്രവര്‍ത്തനഫണ്ട് സെപ്തംബര്‍ ഒന്നുമുതല്‍ പത്തുവരെ ശേഖരിക്കും. രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തനഫണ്ട് വിജയമാക്കണമെന്ന് പാര്‍ടി സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു. വിവിധ ഘടകങ്ങളുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചപ്രകാരമാണ്, സെപ്തംബര്‍ ഒന്നുമുതല്‍ പത്തുവരെയുള്ള ദിവസങ്ങളില്‍ ഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ പാര്‍ടി ഘടകങ്ങളും സഖാക്കളും രംഗത്തുവരുന്നത്.

    ReplyDelete