Tuesday, September 13, 2011

100 ദിന കര്‍മപരിപാടിയില്‍ ജില്ലകള്‍ക്ക് വട്ടപ്പൂജ്യം

ആലപ്പുഴയുടെ വികസനം അട്ടിമറിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ 100 ദിനം

ആലപ്പുഴ: നൂറു ദിനങ്ങള്‍ കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ആലപ്പുഴയുടെ വികസനപദ്ധതികള്‍ അട്ടിമറിച്ചു. പൊതുമേഖലാ വ്യവസായങ്ങളായ കെഎസ്ഡിപി, ഓട്ടോകാസ്റ്റ്, കേരള സ്പിന്നേഴ്സ്, ഹോംകോ ഉള്‍പ്പെടെ ജില്ലയിലെ പൊതുമേഖലസ്ഥാപനങ്ങളെയെല്ലാം തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിവിധ റോഡുകള്‍ക്കും പാലങ്ങള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ പണം അനുവദിച്ചെങ്കിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും നടപടിയില്ല. കന്നിബജറ്റില്‍ ആലപ്പുഴയ്ക്ക് കടുത്ത അവഗണന നല്‍കിയുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറാംനാള്‍ പിന്നിടുന്നത്. ആറുവര്‍ഷമായി അടഞ്ഞുകിടന്ന കോമളപുരം സ്പിന്നേഴ്സില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കി ടെക്സ്റ്റൈല്‍ കോര്‍പറേഷനെക്കൊണ്ട് ഏറ്റെടുപ്പിച്ച് പുതിയ കമ്പനി ആരംഭിച്ചു. 40 കോടി രൂപ ഇതിനായി ചെലവഴിച്ചു. 400 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടന്നു. എന്നാല്‍ ഈ സ്ഥാപനത്തെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ ഒരുനടപടിയും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല.

2001ലെ യുഡിഎഫ് സര്‍ക്കാര്‍ വില്‍ക്കാന്‍ നിശ്ചയിച്ച കലവൂരിലെ കെഎസ്ഡിപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ ലാഭത്തിലാക്കി. 70 ഇനം മരുന്നും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും ഉണ്ടാക്കുന്ന ഫാക്ടറിയായി ഉയര്‍ത്തി അടുത്ത മൂന്നുവര്‍ഷംകൊണ്ട് 100 കോടി രൂപയുടെ ഉല്‍പ്പാദനം എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിട്ടു. 36 കോടി മുടക്കി ഒരു ബിറ്റാലാക്ട്രം സ്ഥാപിച്ചു. നോണ്‍ ബിറ്റാലാക്ട്രംപ്ലാന്റ് സ്ഥാപിച്ചതും പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയില്ല. തുടര്‍പ്രവര്‍ത്തനത്തിനു യുഡിഎഫ് സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാത്തത് കെഎസ്ഡിപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനമായ ഹോംകോ നവീകരിച്ചതും ഇടതുസര്‍ക്കാരിന്റെ കാലത്താണ്. പുതിയതായി ആരംഭിച്ച ഹോമിയോ നേഴ്സിങ് കോളേജിനും പുതിയ പ്ലാന്റിനും പണം അനുവദിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. പാതിരപ്പള്ളിയിലെ എക്സല്‍ ഗ്ലാസ് ഫാക്ടറി തുറക്കുന്നതിനും നടപടിയില്ല.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കണിച്ചുകുളങ്ങരയിലെ ഓട്ടോകാസ്റ്റ് കമ്പനി റെയില്‍വേയ്ക്കു കൈമാറുന്നതിന് ഒപ്പുവച്ചു. കരാര്‍ നടപ്പാക്കാന്‍ തയ്യാറാകാതെ വീണ്ടും സ്ഥലമെടുക്കാനാണ് നീക്കം. ഓട്ടോകാസ്റ്റ് പദ്ധതി അട്ടിമറിക്കാനാണ് ശ്രമം. ആലപ്പുഴയിലെ ടുറിസം മേഖലയിലും ഒരു പദ്ധതിയും നടപ്പാക്കിയില്ല. കനാല്‍ നവീകരണവും ആലപ്പുഴ മറീനാബീച്ചും സ്വപ്നങ്ങളായി തുടരുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രിക്കും മെഡിക്കല്‍ കോളേജിനും സഹകരണ ആശുപത്രിക്കും ജില്ലാ ആശുപത്രിക്കും അവഗണന. ആശുപത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരെയോ നേഴ്സുമാരടക്കമുള്ള ജീവനക്കാരെയോ നിയമിക്കാനും നടപടിയില്ല. ജില്ലയ്ക്ക് ആരോഗ്യപാക്കേജ് പ്രഖ്യാപിച്ച് തടിതപ്പുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആലപ്പുഴ, കുട്ടനാട് വിനോദസഞ്ചാരമേഖലയെയും അവഗണിച്ചു. കയര്‍ അടക്കം പരമ്പരാഗത വ്യവസായ മേഖലക്കും അവഗണന. 1920 കോടിയുടെ സംസ്ഥാന ഹൈവെ പാക്കേജില്‍ ഉള്‍പ്പെടുത്തിയുള്ള അമ്പലപ്പുഴ-തിരുവല്ല, തണ്ണീര്‍മുക്കം-വൈക്കം റോഡ് വികസനം, 765 കോടിയുടെ ജില്ലാ റോഡ് പാക്കേജിന്റെ ഭാഗമായുള്ള കായംകുളം-കാര്‍ത്തികപ്പള്ളി റോഡിന്റെ രണ്ടു ലൈനായുള്ള വികസനം, 1000 കോടിയുടെ ബൈപാസിന്റെ ഭാഗമായുള്ള ആലപ്പുഴയുടെ കിഴക്കന്‍ ബൈപാസ് എന്നിവയെല്ലാം അട്ടിമറിച്ചു.

100 ദിന കര്‍മപരിപാടിയില്‍ ജില്ലയ്ക്ക് വട്ടപ്പൂജ്യം

തൃശൂര്‍ : ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച നൂറുദിന കര്‍മപരിപാടിയില്‍ ജില്ലയ്ക്ക് വട്ടപ്പൂജ്യം. എടുത്തുപറയാവുന്ന പദ്ധതികളൊന്നുപോലും ഇക്കാലയളവില്‍ ജില്ലയില്‍ തുടക്കംകുറിക്കാനായില്ല. ചില പദ്ധതികളുടെ ഉദ്ഘാടനം നടന്നതുതന്നെ എല്‍ഡിഎഫ് തുടക്കം കുറിച്ചവ. ഓണക്കാലത്തുപോലും ദുര്‍ബല വിഭാഗങ്ങളുടെയടക്കം ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ യുഡിഎഫ് സര്‍ക്കാര്‍ സമസ്ത മേഖലയിലും ജനങ്ങളെ കബളിപ്പിച്ച ഖ്യാതിയോടെയാണ് നൂറാംദിനം ആഘോഷിക്കുന്നത്.
കര്‍ഷകത്തൊഴിലാളികള്‍ക്കടക്കം ക്ഷേമ പെന്‍ഷനുകളും കയര്‍ മത്സ്യത്തൊഴിലാളി പെന്‍ഷനും 400 രൂപയായി വര്‍ധിപ്പിച്ചത് പ്രഖ്യാപനത്തിലൊതുക്കി. ആറുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ചതായി അറിയിപ്പുണ്ടായെങ്കിലും ഭൂരിഭാഗത്തിനും ഓണത്തിനുമുമ്പ് കിട്ടിയില്ല. തഴപ്പായ തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷം ജില്ലയില്‍ 45 ലക്ഷം രൂപ ഓണത്തിനു മുമ്പ് നല്‍കിയപ്പോള്‍ ഇക്കുറി ഒന്നും കൊടുത്തില്ല. "ഒരു രൂപ അരി" തുടക്കത്തിലേ പാളി. ബിപിഎല്ലുകാര്‍ക്ക് 25 കിലോ അരി കൊടുക്കേണ്ടിടത്ത് അഞ്ചുകിലോ വീതമാണ് പലയിടത്തും വിതരണം ചെയ്തത്. എപിഎല്‍ , ബിപില്‍ വ്യത്യാസമില്ലാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടു രൂപ അരി പദ്ധതി അട്ടിമറിച്ചത് വഴി ആയിരങ്ങളുടെ അന്നം മുടക്കി. ഓണത്തിന് സൗജന്യമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ള അഞ്ചു കിലോ അരിയും മുടങ്ങി.

അപേക്ഷിച്ച അന്നുതന്നെ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തത് നേട്ടമായി പ്രചരിപ്പിക്കുമ്പോള്‍ കോളനികളിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കടക്കം ബിപില്‍ കാര്‍ഡ് നിഷേധിച്ച കാര്യത്തെക്കുറിച്ച് മിണ്ടുന്നില്ല. എപില്‍ കാര്‍ഡുകാരായതിനാല്‍ പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ചികിത്സയും കിട്ടാതായി. പട്ടയമേള നടത്തിയെങ്കിലും മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കിയില്ല. ഇത് ആയിരക്കണക്കിന് മലയോര കര്‍ഷകര്‍ക്ക് തിരിച്ചടിയായി. എല്‍ഡിഎഫ് സര്‍ക്കാര്‍ സൂപ്രീംകോടതിവരെ പോയി പോരാടിയതിനാലാണ് ഉപാധിരഹിത പട്ടയം നല്‍കിത്തുടങ്ങിയിരുന്നത്. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായങ്ങളും മറ്റുമാണ് പട്ടയമേളയില്‍ വിതരണം ചെയ്തത്.

തൃശൂര്‍ മൃഗശാലയുടെ കാര്യത്തില്‍ തിരുവനന്തപുരത്ത് യോഗം നടത്തിയതല്ലാതെ മറ്റൊരനക്കവും ഉണ്ടായില്ല. പൊയ്യയില്‍ കരിമീന്‍ പദ്ധതി ഉദ്ഘാടനമാണ് മുഖ്യമന്ത്രി പങ്കെടുത്ത ജില്ലയിലെ പ്രധാന പരിപാടി. ഇവിടെ ഫിഷ്ഫാമിന്റെ പ്രവര്‍ത്തനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. കുഴൂരില്‍ മൃഗസരംഷണ വകുപ്പിന്റെ കോഴിത്തീറ്റ ഫാക്ടറി രണ്ടാംഘട്ട ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തിയിരുന്നു. ഈ ഫാക്ടറി പ്രവര്‍ത്തനക്ഷമമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ചാലക്കുടിയിലെ വളരെ കാലത്തെ ആവശ്യമായ സ്റ്റേഡിയത്തെക്കുറിച്ചും മിണ്ടാട്ടമില്ല. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് ഫീഷറീസ് വകുപ്പിന്റെ മാരിടൈം അക്കാദമി ഉപകേന്ദ്രം ഉദ്ഘാടനം നടത്തിയെങ്കിലും ഇതിന്റെ പ്രവര്‍ത്തനമെന്തെന്ന കാര്യം വ്യക്തമല്ല. ആഭരണ നിര്‍മാണം, ഓട് തുടങ്ങി ജില്ലയിലെ തൊഴില്‍ മേഖലകളില്‍ നൂതന പദ്ധതി കൊണ്ടുവരുമെന്ന യുഡിഎഫ് വാഗ്ദാനങ്ങളില്‍ ഒന്നും ഫലവത്തായില്ല. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും പുതിയതൊന്നും യുഡിഎഫിന്റേതായി വന്നില്ല. റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതായിട്ടും പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കിയിട്ടില്ല. കൃഷി, വൈദ്യുതി മേഖലകളും അവഗണിക്കപ്പെട്ടു.

മുഖ്യമന്ത്രി അറിയണം...ജില്ലയുടെ പ്രശ്നങ്ങള്‍


പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഒരിക്കല്‍ക്കൂടി ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്് സംഘടനാ തലത്തിലും ഭരണതലത്തിലും പരിഹരിക്കാനുള്ള നിരവധി പ്രശ്നങ്ങളാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഭരണതലത്തില്‍ പരിഹരിക്കേണ്ട വിവിധ വികസനപ്രശ്നങ്ങളും ഉമ്മന്‍ചാണ്ടിക്ക് മുന്നിലുണ്ട്. നൂറ്ദിന കര്‍മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. ഓണത്തിന് പോലും കര്‍ഷകത്തൊഴിലാളികളുടെ കുടിശ്ശിക പെന്‍ഷന്‍ കൊടുത്തിട്ടില്ല.

ജില്ലയില്‍ 110 ഡോക്ടര്‍മാരുടെ ഒഴിവ് നിലവിലുണ്ട്. ജില്ലാ ആരോഗ്യവകുപ്പ് ഇത് മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടിയുണ്ടായിട്ടില്ല.സിആര്‍എസ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. 140കൃഷി അസിസ്റ്റന്റുമാരുടെ ഒഴിവും നികത്തിയിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച അട്ടപ്പാടി പാക്കേജിനെതിരെ ആദിവാസികളില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. ആദിവാസികള്‍ക്ക് അര്‍ഹമായ ഭൂമി ലഭ്യമാക്കലും യഥാര്‍ഥ കൈയേറ്റക്കാരെ കണ്ടെത്തുക എന്നതും സര്‍ക്കാരിന് വെല്ലുവിളിയാവും. കഞ്ചിക്കോട് നിര്‍ദ്ദിഷ്ട കോച്ച്ഫാക്ടറിക്ക് വേണ്ടി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 430 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ട് ഒരു വര്‍ഷത്തോളമായില്ലെങ്കിലും അതിന് ശിലയിടാനുള്ള നടപടി പോലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നെല്ലറയിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ കൃഷി നശിപ്പിക്കുമ്പോള്‍ അതിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കാട്ടാനയുടെ ആക്രമണം തടയാന്‍ ദ്രുതപ്രതികരണ സംഘത്തെ നിയോഗിച്ചെങ്കിലും കൃഷിയിടങ്ങളില്‍ കാട്ടാനകളുടെ ആക്രമണം തുടരുകയാണ്.

ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും സ്ഥാനം മോഹിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ രംഗത്തുണ്ട്. സ്ഥാനമാനങ്ങള്‍ക്കായി ഗ്രൂപ്പ് തിരിഞ്ഞ് ഓരോ നേതാക്കളും ചരട്വലി തുടങ്ങിയിട്ടുണ്ട്. ഇവരെ എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നത് സംഘടനയ്ക്ക് കടുത്ത വെല്ലുവിളിയാവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റ് ലഭിക്കാത്തതിനാല്‍ ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കണമെന്ന് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് പങ്കെടുത്ത യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ ഘടകകക്ഷി നേതൃത്വവും ഇടഞ്ഞു നില്‍ക്കുകയാണ്. ജില്ലയില്‍ ദുര്‍ബലരായ കേരള കോണ്‍ഗ്രസ് മാണിക്കും ജേക്കബ് വിഭാഗത്തിനും സീറ്റ് നല്‍കിയതാണ് ജില്ലയില്‍ ഇ യുഡിഎഫ് പരാജയപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു. ഇത് ഈ പാര്‍ടിയിലെ നേതൃത്വത്തെ ചൊടിപ്പിച്ചു. ഇത് പരസ്പരം വിഴുപ്പലക്കലില്‍വരെയെത്തിയിരുന്നു. തിങ്കളാഴ്ച പട്ടാമ്പിയില്‍ ചേരുന്ന യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. എന്നാല്‍ യോഗം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മാണിവിഭാഗം ജില്ലാ പ്രസിഡന്റ് കെ വി മാണി പറഞ്ഞു. സംഘടനാതലത്തിലെയും യുഡിഎഫിലെയും ഇത്തരം പ്രശ്നങ്ങള്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യില്ലെങ്കിലും നേതാക്കള്‍ തനിച്ചും ഗ്രൂപ്പായും ഈ വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

ദേശാഭിമാനി 130911

1 comment:

  1. നൂറു ദിനങ്ങള്‍ കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ആലപ്പുഴയുടെ വികസനപദ്ധതികള്‍ അട്ടിമറിച്ചു. പൊതുമേഖലാ വ്യവസായങ്ങളായ കെഎസ്ഡിപി, ഓട്ടോകാസ്റ്റ്, കേരള സ്പിന്നേഴ്സ്, ഹോംകോ ഉള്‍പ്പെടെ ജില്ലയിലെ പൊതുമേഖലസ്ഥാപനങ്ങളെയെല്ലാം തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വിവിധ റോഡുകള്‍ക്കും പാലങ്ങള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ പണം അനുവദിച്ചെങ്കിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും നടപടിയില്ല. കന്നിബജറ്റില്‍ ആലപ്പുഴയ്ക്ക് കടുത്ത അവഗണന നല്‍കിയുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൂറാംനാള്‍ പിന്നിടുന്നത്. ആറുവര്‍ഷമായി അടഞ്ഞുകിടന്ന കോമളപുരം സ്പിന്നേഴ്സില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കി ടെക്സ്റ്റൈല്‍ കോര്‍പറേഷനെക്കൊണ്ട് ഏറ്റെടുപ്പിച്ച് പുതിയ കമ്പനി ആരംഭിച്ചു. 40 കോടി രൂപ ഇതിനായി ചെലവഴിച്ചു. 400 ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടന്നു. എന്നാല്‍ ഈ സ്ഥാപനത്തെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ ഒരുനടപടിയും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചില്ല.

    ReplyDelete