Friday, September 30, 2011

വച്ചാത്തി കേസ്; 269 പേരും കുറ്റക്കാര്‍, ജീവിച്ചിരിക്കുന്ന 215 പേര്‍ക്കും ശിക്ഷ

ചെന്നൈ: വിവാദമായ വാച്ചാത്തി കൂട്ടമാനഭംഗ കേസില്‍ ജീവിച്ചിരിക്കുന്ന പ്രതികളായ 215 പേരും കുറ്റക്കാരാണെന്ന് ധര്‍മപുരി പ്രത്യേക സെഷന്‍സ് കോടതി വിധിച്ചു. മനുഷ്യ മനസാക്ഷിയെ നടുക്കിയ വാച്ചാത്തി കൂട്ടബലാല്‍സംഗക്കേസില്‍ മരിച്ചുപോയ 54 പേര്‍ ഉള്‍പ്പെടെ 269 പ്രതികളും കുറ്റക്കാരാണെന്നാണ് സെഷന്‍സ് കോടതി ജഡ്ജി കുമരഗുരു വിധിച്ചത്. പൊലീസ്, വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥന്മാര്‍ ചന്ദനക്കട്ടികള്‍ ഉണ്ടെന്ന കാരണം പറഞ്ഞ് വച്ചാത്തി ഗ്രാമത്തില്‍ റെയ്ഡ് നടത്താനെന്ന പേരില്‍ വന്ന് പെണ്‍കുട്ടികളും വീട്ടമ്മമാരുമടക്കം 18 സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. എസ് സി-എസ് ടി അട്രോസിറ്റി വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 269 ഉദ്യോഗസ്ഥര്‍ക്കെതിരെ 1996 ഏപ്രില്‍ 23 നാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ധര്‍മപുരി പ്രത്യേക കോടതി ഇന്നലെ പറഞ്ഞ വിധിന്യായത്തില്‍ ആദ്യത്തെ 17 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവും ഇതില്‍ അഞ്ച് പേര്‍ക്ക് പത്ത് വര്‍ഷം അധിക കഠിനതടവും 198 പേര്‍ക്ക് ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ വെറും തടവും 2000 രൂപ വീതം പിഴയും ആണ് ശിക്ഷവിധിച്ചത്.

1992 ജൂണ്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്ദനക്കട്ടികള്‍ തേടി എത്തിയ വനം-പൊലീസ്-റവന്യൂ ഉദ്യോഗസ്ഥന്മാര്‍ പുരുഷന്‍മാരെ അടിച്ചു തുരത്തിയശേഷം 18 സ്ത്രീകളെ ഭീഷണിപ്പെടുത്തി കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. വച്ചാത്തി ഗ്രാമത്തിലെ ആടുകളേയും കോഴികളേയും പിടിച്ചു കൊണ്ടുപോയി ഉദ്യോഗസ്ഥന്‍മാര്‍ കൊന്നു തിന്നതായും അന്ന് പരാതി ഉണ്ടായി. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസിന് വിധി ഉണ്ടായതെങ്കിലും ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അക്രമ-അതിക്രമ സംഭവത്തില്‍ നാടാകെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഒരു നീതിപീഠം വിധി പറയുന്ന ആദ്യത്തെ കേസെന്ന നിലയില്‍ വച്ചാത്തി കേസ് ഇന്ത്യയുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ലോക്കല്‍ പൊലീസ് ആദ്യം അന്വേഷിച്ച കേസ് എങ്ങുമെങ്ങുമെത്താത്ത അവസ്ഥയിലുള്ളപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളാണ് വച്ചാത്തി സ്വദേശികളുടെ രക്ഷയ്ക്കായി എത്തിയത്. സി പി എം-സി പി ഐ പാര്‍ട്ടികളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണ ചുമതല സി ബി ഐക്ക് കൈമാറിയത്. 269 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വച്ചാത്തി ഗ്രാമത്തില്‍ പൊലീസ് വനം-റവന്യു ഉദ്യോഗസ്ഥര്‍ അഴിഞ്ഞാടിയതില്‍ 155 വനം വകുപ്പ് ജീവനക്കാരും 108 പൊലീസ് ഉദ്യോഗസ്ഥരും ആറ് റവന്യു ഉദ്യോസ്ഥന്മാരുമാണ് പങ്കാളികളായത്. ധര്‍മപുരി കലക്ടര്‍, പൊലീസ് സൂപ്രണ്ട്, രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെ നാല് ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉദ്യോഗസ്ഥന്മാരും പ്രതികളാണ്. കേസിന്റെ വിധി കേള്‍ക്കാന്‍ വച്ചാത്തി ഗ്രാമവാസികള്‍ ഒന്നടങ്കം കോടതി മുറ്റത്തെത്തിയിരുന്നു. അതേസമയം കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ മേല്‍കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

janayugom 300911

1 comment:

  1. വിവാദമായ വാച്ചാത്തി കൂട്ടമാനഭംഗ കേസില്‍ ജീവിച്ചിരിക്കുന്ന പ്രതികളായ 215 പേരും കുറ്റക്കാരാണെന്ന് ധര്‍മപുരി പ്രത്യേക സെഷന്‍സ് കോടതി വിധിച്ചു. മനുഷ്യ മനസാക്ഷിയെ നടുക്കിയ വാച്ചാത്തി കൂട്ടബലാല്‍സംഗക്കേസില്‍ മരിച്ചുപോയ 54 പേര്‍ ഉള്‍പ്പെടെ 269 പ്രതികളും കുറ്റക്കാരാണെന്നാണ് സെഷന്‍സ് കോടതി ജഡ്ജി കുമരഗുരു വിധിച്ചത്. പൊലീസ്, വനം വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥന്മാര്‍ ചന്ദനക്കട്ടികള്‍ ഉണ്ടെന്ന കാരണം പറഞ്ഞ് വച്ചാത്തി ഗ്രാമത്തില്‍ റെയ്ഡ് നടത്താനെന്ന പേരില്‍ വന്ന് പെണ്‍കുട്ടികളും വീട്ടമ്മമാരുമടക്കം 18 സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.

    ReplyDelete