Sunday, September 25, 2011

2ജി: പ്രധാനമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന രേഖ പുറത്ത്

2ജി സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന കത്തിടപാടുകള്‍ പുറത്തായി. വിവരാവകാശപ്രവര്‍ത്തകന്‍ വിവേക് ഗാര്‍ഗിന് ലഭിച്ച രേഖയിലാണ് സ്പെക്ട്രം വിലനിര്‍ണയാധികാരം മന്ത്രിതല സമിതിയുടെ അധികാരപരിധിയില്‍നിന്ന് എടുത്തുമാറ്റുന്നതിന് മന്‍മോഹന്‍സിങ് നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തായത്. 2006ല്‍ ടെലികോംമന്ത്രിയായിരുന്ന ദയാനിധി മാരന്റെ ആവശ്യപ്രകാരമായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടല്‍ . മന്‍മോഹന്‍സിങ്ങിന്റെ അറിവോടെയാണ് സ്പെക്ട്രം ഇടപാട് നടന്നതെന്ന ആക്ഷേപം മാത്രമായിരുന്നു ഇതുവരെ. എന്നാല്‍ , ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മന്‍മോഹന്‍സിങ്ങിന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്നു. ഇതോടെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനൊപ്പം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സ്പെക്ട്രം കുരുക്കില്‍ കുടുങ്ങുകയാണ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ പങ്കുകൂടി അന്വേഷിക്കാന്‍ കോടതി ഉത്തരവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതിരോധമന്ത്രാലയത്തിന്റെ പക്കലുള്ള അധിക സ്പെക്ട്രത്തിന്റെ വിതരണം എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നതിന് 2006 ഫെബ്രുവരി 23നാണ് കേന്ദ്രസര്‍ക്കാര്‍ പ്രണബ് മുഖര്‍ജി തലവനായി ജിഒഎമ്മിന് രൂപം നല്‍കിയത്. സ്പെക്ട്രത്തിന്റെ വിലനിര്‍ണയവും ജിഒഎമ്മിന്റെ പരിഗണനാവിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജിഒഎം രൂപീകരിച്ച് മൂന്നുദിവസത്തിനകം അന്ന് ടെലികോംമന്ത്രിയായിരുന്ന ദയാനിധി മാരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പരിഗണനാവിഷയങ്ങളില്‍നിന്ന് സ്പെക്ട്രം വിലനിര്‍ണയം എടുത്തുകളയണമെന്നായിരുന്നു ആവശ്യം. നടപടിയുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് 2006 നവംബര്‍ 16ന് വീണ്ടും മാരന്‍ കത്തയച്ചു. ഈ കത്തിന് പെട്ടെന്ന് പ്രതികരണമുണ്ടായി. മന്‍മോഹന്‍സിങ്ങിന്റെ നിര്‍ദേശത്തെതുടര്‍ന്ന് ജിഒഎമ്മിന്റെ പരിഗണനാവിഷയങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ജിഒഎമ്മിന് കൈമാറിയ സ്പെക്ട്രം വിലനിര്‍ണയാധികാരം എടുത്തുകളയുന്നതായിരുന്നു ഭേദഗതി. ഭേദഗതി അറിയിച്ചുള്ള വിജ്ഞാപനം 2006 ഡിസംബര്‍ ഏഴിന് ക്യാബിനറ്റ് സെക്രട്ടറിയറ്റ് പുറത്തിറക്കി. സ്പെക്ട്രം ഇടപാടില്‍ വഴിത്തിരിവ് വരുത്തിയ വിജ്ഞാപനമായിരുന്നു ഇത്.
വിലനിര്‍ണയാധികാരം ജിഒഎമ്മിന് തിരികെ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ധനമന്ത്രാലയം പിന്നീട് പലവട്ടം ടെലികോംമന്ത്രാലയത്തിനും ക്യാബിനറ്റ് സെക്രട്ടറിക്കും കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ജിഒഎമ്മിന്റെ പരിഗണനാവിഷയങ്ങളില്‍ മാറ്റം വന്നെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്നുമായിരുന്നു ടെലികോംമന്ത്രാലയത്തിന്റെ മറുപടി. ക്യാബിനറ്റ് സെക്രട്ടറിയാകട്ടെ തര്‍ക്കമുണ്ടെങ്കില്‍ ടെലികോം സെക്രട്ടറിയും ധനസെക്രട്ടറിയും ചര്‍ച്ച ചെയ്ത് സമവായത്തിലെത്താന്‍ നിര്‍ദേശിച്ച് ഒഴുക്കന്‍ മറുപടി നല്‍കി. ഇതിനുശേഷമാണ് അന്ന് ധനമന്ത്രിയായ ചിദംബരം നിലപാട് മാറ്റിയതും 2001ലെ നിരക്കില്‍ സ്പെക്ട്രം അനുവദിക്കാമെന്ന് ധാരണയിലെത്തിയതും. ധനസെക്രട്ടറിയുടെ നിലപാടിന് വിരുദ്ധമായാണ് ചിദംബരം ഈ തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെ പങ്ക് വെളിപ്പെട്ട സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രിയടക്കം സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന എല്ലാവരും സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി)ക്കു മുമ്പില്‍ ഹാജരായി നിലപാട് വിശദീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 250911

1 comment:

  1. 2ജി സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന കത്തിടപാടുകള്‍ പുറത്തായി. വിവരാവകാശപ്രവര്‍ത്തകന്‍ വിവേക് ഗാര്‍ഗിന് ലഭിച്ച രേഖയിലാണ് സ്പെക്ട്രം വിലനിര്‍ണയാധികാരം മന്ത്രിതല സമിതിയുടെ അധികാരപരിധിയില്‍നിന്ന് എടുത്തുമാറ്റുന്നതിന് മന്‍മോഹന്‍സിങ് നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തായത്. 2006ല്‍ ടെലികോംമന്ത്രിയായിരുന്ന ദയാനിധി മാരന്റെ ആവശ്യപ്രകാരമായിരുന്നു പ്രധാനമന്ത്രിയുടെ ഇടപെടല്‍ . മന്‍മോഹന്‍സിങ്ങിന്റെ അറിവോടെയാണ് സ്പെക്ട്രം ഇടപാട് നടന്നതെന്ന ആക്ഷേപം മാത്രമായിരുന്നു ഇതുവരെ. എന്നാല്‍ , ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മന്‍മോഹന്‍സിങ്ങിന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്നു. ഇതോടെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിനൊപ്പം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും സ്പെക്ട്രം കുരുക്കില്‍ കുടുങ്ങുകയാണ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ പങ്കുകൂടി അന്വേഷിക്കാന്‍ കോടതി ഉത്തരവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

    ReplyDelete