Monday, September 26, 2011

30 വര്‍ഷത്തിനുശേഷം മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം

മാനന്തവാടി: വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ പതിച്ചുനല്‍കിയ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ അധികൃതരുടെ ശ്രമം. തിരുനെല്ലി പഞ്ചായത്തില്‍ തൃശിലേരി വില്ലേജിലെ കാട്ടിക്കുളം പാണ്ഡുരംഗ മിച്ചഭൂമിയാണ് വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. ആക്ഷേപങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നുള്ള മാനന്തവാടി തഹസില്‍ദാറുടെ നോട്ടീസ് സ്ഥലം ഉടമസ്ഥര്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ഭൂപരിഷ്കരണനിയമം നിലവില്‍വന്നശേഷം അധികഭൂമി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് റി.സ. 294ല്‍പ്പെട്ട പാണ്ഡുരംഗ എസ്റ്റേറ്റ് 1973 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂരഹിതരായവര്‍ക് പതിച്ചുനല്‍കുന്നതിന് 1974 ല്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. 1980-83 കാലത്ത് 74 പേര്‍ക്ക് ഭൂമി പതിച്ചുനല്‍കുകയും പട്ടയം നല്‍കുകയുംചെയ്തു. കര്‍ഷകതൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കുമാണ് സ്ഥലം ലഭിച്ചത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 സെന്റും മറ്റുള്ളവര്‍ക്ക് 44 സെന്റുമാണ് നല്‍കിയത്. ഏക്കറിന് രണ്ടുരൂപ പ്രകാരം അടക്കാനുള്ള നോട്ടീസും പിന്നീട് പട്ടയവും നല്‍കിയതല്ലാതെ ഭൂമി എവിടെയാണെന്ന് കാണിച്ചുകൊടുക്കുകയോ അളന്നുകൊടുക്കുകയോ ചെയ്തില്ല. കോടതിയില്‍ സ്ഥലം ഉടമ ജോണ്‍ ജോര്‍ജ് നല്‍കിയ പരാതിയായിരുന്നു ഇതിനുകാരണം. പതിച്ചുകിട്ടിയവര്‍ ഭൂമിയില്‍ പ്രവേശിക്കരുതെന്ന് പിന്നീട് സര്‍ക്കാര്‍തന്നെ നിര്‍ദേശിച്ചു. വില്ലേജ് ഓഫീസില്‍ നികുതിയടക്കാന്‍ പോയെങ്കിലും കേസുള്ളതിനാല്‍ നികുതിയും സ്വീകരിച്ചില്ല.

അടുത്തകാലത്ത് കേസ് തീര്‍ന്നതായാണ് സംശയമെന്ന് സ്ഥലം പതിച്ചുകിട്ടിയ വി കെ കുഞ്ഞപ്പന്‍ പറഞ്ഞു. എന്നല്‍ സര്‍ക്കാര്‍ ഇക്കാര്യം സ്ഥലം ഉടമകളെ അറിയിച്ചില്ല. കാണിച്ചുകൊടുത്ത സ്ഥലത്ത് പലരും അധ്വാനിക്കുകയും കൃഷിചെയ്യുകയും ചെയ്തു. കാപ്പിയും കുരുമുളകും കൃഷി ചെയ്തവരുണ്ട്. കോടതിയില്‍ കേസുള്ളതിനാല്‍ സ്ഥലം ലഭിച്ചവരില്‍ പലര്‍ക്കും ഭൂമിയില്‍ വീടു വെച്ച് താമസിക്കാനും സാധിച്ചില്ല. അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയില്ല. എന്നാല്‍ അധികം പേരും ഈ സ്ഥലത്ത് കൃഷിചെയുന്നുണ്ട്. വര്‍ഷങ്ങളോളം അധ്വാനിച്ച ഭൂമിയാണ് ഇപ്പോള്‍ വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശിച്ചിരിക്കുന്നത്. 31 വര്‍ഷത്തിനുശേഷം വന്ന ഉത്തരവ് തൊഴിലാളികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. 27ന് മാനന്തവാടി തഹസില്‍ദാര്‍ മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം. വര്‍ഷങ്ങളോളം അധ്വാനിച്ചാണ് ഭൂമിയില്‍ കാപ്പിയും കുരുമുളകും മറ്റും കൃഷിചെയ്തത്. അതെല്ലാം ഒരുദിവസംകൊണ്ട് ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് തൊഴിലാളികള്‍ . സ്ഥലം വിട്ടുകൊടുക്കാന്‍ ഒരു കാരണവശാലും ഒരുക്കമല്ലെന്ന് കുഞ്ഞപ്പന്‍ പറഞ്ഞു.

മിച്ചഭൂമി തിരിച്ചുപിടിച്ചാല്‍ പ്രക്ഷോഭം: കെഎസ്കെടിയു

കാട്ടിക്കുളം: തൊഴിലാളികള്‍ക്ക് നല്‍കിയ മിച്ചഭൂമി തിരിച്ചുപിടിച്ചാല്‍ ശക്തമായ സമരം നടത്തുമെന്ന് കെഎസ്കെടിയു വില്ലേജ് കമ്മിറ്റി വിളിച്ചുചേര്‍ത്ത മിച്ചഭൂമി പതിച്ചുകിട്ടിയവരുടെ കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. കാടത്തപരമായ സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. ഇത്രയുംകാലം ഭൂമിയില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താതെ ഒരു സുപ്രഭാതത്തില്‍ തിരിച്ചുപിടിക്കും എന്നുപറഞ്ഞാല്‍ അത് അനീതിയാണ്. ഭൂമിക്ക് നികുതി സ്വീകരിക്കാതിരിക്കാനും വീടുവെക്കാതിരിക്കാനും അധികൃതരാണ് ഉത്തരവാദികള്‍ . റോഡ്, വീട്, വൈദ്യുതി തുടങ്ങിയവ ഏര്‍പ്പെടുത്താനും നടപടിയെടുക്കണം- കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. സിപിഐ എം ഏരിയാസെക്രട്ടറി പി വി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കെ കുമാരന്‍ അധ്യക്ഷനായി. എം പി സൈനുദ്ദീന്‍ , എ കെ രാമുണ്ണിനായര്‍ , വി കെ കുഞ്ഞപ്പന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 260911

1 comment:

  1. വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍ക്കാര്‍ പതിച്ചുനല്‍കിയ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ അധികൃതരുടെ ശ്രമം. തിരുനെല്ലി പഞ്ചായത്തില്‍ തൃശിലേരി വില്ലേജിലെ കാട്ടിക്കുളം പാണ്ഡുരംഗ മിച്ചഭൂമിയാണ് വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന്റെ നീക്കം.

    ReplyDelete