Thursday, September 29, 2011

വാരിക്കുഴിയൊരുക്കി അടൂര്‍ പ്രകാശ്; കണ്ണീരണിഞ്ഞ് മന്ത്രിമുഖ്യന്‍

ആരോഗ്യമന്ത്രി മനസ്സുവച്ചപ്പോള്‍ അതും നടന്നു. സാക്ഷാല്‍ മുഖ്യന് ഒരു പണികൊടുക്കണമെന്നുള്ള മോഹം അങ്ങനെ പൂവണിഞ്ഞു. അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം നടത്തിയ 'മദ്യപാനത്തെ തുടര്‍ന്നുള്ള പനി മരണ' മാണ് സഭയെ ഇളക്കിമറിച്ചത്. നിരുത്തരവാദപരമായ പ്രസ്താവന നടത്തുകവഴി സ്വയം കുഴിയില്‍ ചാടുകമാത്രമല്ല ആരോഗ്യമന്ത്രി ചെയ്തത്. തന്റെ ടീമിന്റെ ക്യാപ്റ്റനെ തന്നെ വാരിക്കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു. പനി ബാധിച്ചു മരിച്ചവരെയും അവരുടെ കുടുംബാംഗങ്ങളെയും അവഹേളിച്ച അടൂര്‍ പ്രകാശ് തന്റെ പ്രസ്താവനയെ ന്യായീകരിക്കാന്‍ ശ്രമിച്ചതാണ് പ്രതിപക്ഷത്തെ കൂടുതല്‍ ചൊടിപ്പിച്ചത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി. ടീമംഗമായ ആരോഗ്യമന്ത്രി നടത്തിയ അബദ്ധ പ്രസ്താവനയും തുടര്‍ന്നുണ്ടായ ജനരോഷവും നന്നേ മനസ്സിലാക്കിയ മുഖ്യമന്ത്രിക്ക് മുന്നില്‍ പരസ്യമായ ഖേദപ്രകടനമല്ലാതെ വേറെ വഴിയില്ലായിരുന്നു. മുഖ്യന്റെ ക്ഷമാപണത്തോടെ ബഹളം കെട്ടടങ്ങി.

കാര്‍ഷിക വികസനബാങ്കുകളിലെ ഭരണസമിതി പിരിച്ചുവിട്ട വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിച്ച ഇ പി ജയരാജന്‍ വര്‍ധിത വീര്യത്തിലായിരുന്നു. പ്രതിപക്ഷ സഹകരണം വേണം എന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി എന്ത് മണ്ണാങ്കട്ടയാണ് ഈ പറയുന്നതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എസ് ശര്‍മക്ക് ഈ സര്‍ക്കാരിന്റേത് ഭരണ റൗഡിസമാണെന്ന കാര്യത്തില്‍ സംശയമില്ല. ചീഫ് വിപ്പ് പി സി ജോര്‍ജും ഉമ്മന്‍ചാണ്ടിയും കള്ളനും പൊലീസും കളിക്കുന്നുവെന്ന് അറിയാമെങ്കിലും ഇതില്‍ പൊലീസ് ആരാണെന്ന കാര്യം ശര്‍മക്ക് പിടികിട്ടിയിട്ടില്ല.

വൈദ്യുതാഘാതമേറ്റ കേന്ദ്രസര്‍ക്കാരിന്റെ കാലില്‍ സംസ്ഥാന സര്‍ക്കാര്‍ തൂങ്ങിനില്‍ക്കുകയാണെന്ന് സി ദിവാകരന് അറിയാം. കോണ്‍ഗ്രസുകാര്‍ പേറ്റന്റ് നേടിയ 'മുണ്ടുരിയല്‍' ആയുധം ഇപ്പോള്‍ പൊലീസിന് കൈമാറിയോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. പാറശാലയിലും കെ പി സി സി ആസ്ഥാനത്തും കോണ്‍ഗ്രസുകാര്‍ ഈ ആയുധം വിജയകരമായി പരീക്ഷിച്ച കാര്യം എല്ലാവര്‍ക്കുമറിയാം. വിദ്യാര്‍ഥി സമരങ്ങളില്‍ തല തല്ലിപ്പൊളിച്ച് ചോര ചീന്തിക്കുന്നതിനൊപ്പം മുണ്ടുരിയല്‍ ആയുധവും പൊലീസ് ഉപയോഗിക്കുന്നണ്ടത്രേ. മാര്‍ക്‌സിനെയും ലെനിനെയും ഉദ്ധരിച്ച് പ്രസംഗം തുടങ്ങിയ അഹമ്മദ് കബീര്‍ ഇടതു ലൈനിലേക്കാണോ എന്ന് ഒരു നേരം സംശയം ജനിപ്പിച്ചു. ഈ സര്‍ക്കാരിനെ ചൈനയിലെ മുളച്ചെടിയോടാണ് കബീര്‍ താരതമ്യപ്പെടുത്തിയത്. ഈ മുളയ്ക്ക് ഒരു പ്രത്യേകത ഉണ്ടത്രേ. എണ്ണിക്കൊണ്ട് അഞ്ചുവര്‍ഷം മുടങ്ങാതെ വെള്ളമൊഴിച്ചാല്‍ മാത്രമേ ഇത് 90 അടി ഉയരത്തില്‍ വളര്‍ന്നു പൊങ്ങൂ.  അഹമ്മദ് കബീറും കൂട്ടരും ഇപ്പോള്‍ വെള്ളം കോരുന്ന തിരക്കിലാണ് . ഏതുവിധേനയും ഈ സര്‍ക്കാരിനെ വടവൃക്ഷമാക്കാനാണ് പദ്ധതി.

മലപ്പുറം ജില്ല ആരുടേയെങ്കിലും തറവാട്ടു സ്വത്താണോ എന്നതാണ് ശ്രീരാമകൃഷ്ണന് സംശയം. കോവൂര്‍ കുഞ്ഞുമോന്‍ മലപ്പുറം ജില്ലയെ അവഹേളിച്ചുവെന്നാരോപിച്ച് ലീഗ് എം എല്‍ എമാര്‍ എഴുന്നേറ്റതാണ് സന്ദര്‍ഭം. കുഞ്ഞാലിക്കുട്ടി, മലപ്പുറം എന്നൊക്ക കേട്ടാല്‍ ലീഗുകാര്‍ സ്പ്രിംഗ് പോലെ ചാടിയെഴുന്നേല്‍ക്കുന്നതെന്തിനാണെന്ന് പി അയിഷാപോറ്റിക്ക് പിടികിട്ടിയിട്ടില്ല. പി സി ജോര്‍ജിന് ആരോ കുത്തിവെയ്പ് എടുത്തെന്നും അയിഷാ പോറ്റി കണ്ടെത്തി. അല്ലെങ്കില്‍ പിന്നെ സഭയിലെ ഗര്‍ജിക്കുന്ന സിംഹത്തിന് രണ്ട് നാളായി മിണ്ടാട്ടമില്ലാത്തതെന്താണ്. ഉമ്മന്‍ചാണ്ടി പൊലീസിന്റെ കാര്യക്ഷമതയുടെ കാര്യത്തില്‍  എം എ വാഹിദിന് നൂറുനാവാണ്. തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ പൊലീസ് കയറി വിദ്യാര്‍ഥികളുടെ തല തല്ലിപ്പൊളിച്ചില്ലേ. വേറെന്തുവേണം. സമരം നടത്തുന്ന വിദ്യാര്‍ഥികളെല്ലാം ദേശവിരുദ്ധ ശക്തികാളാണോ എന്നും വാഹിദിന് സംശയമുണ്ട്. 

വി ശിവന്‍കുട്ടി കുറച്ചു നാളുകളായി ഗവേഷണത്തിലായിരുന്നു.100 ദിനവിസ്മയത്തിന്റെ പേരില്‍ നല്‍കിയ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ മനോഹര ചിത്രം എത്ര തവണ പ്രത്യക്ഷപ്പെട്ടുവെന്നാതാണ് ഗവേഷണ വിഷയം. ഒടുവില്‍ ഏറെ പണിപ്പെട്ടാണെങ്കിലും  ശിവന്‍കുട്ടി അത് കണ്ടേത്തി. 1552 ഉമ്മന്‍ചാണ്ടി ചിത്രങ്ങളാണ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഭരണപക്ഷത്താണെങ്കിലും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കുഞ്ഞുങ്ങളായ ജനമൈത്രിപൊലിസിനോടും സ്റ്റുഡന്റ്‌സ് പൊലിസിനോടും എന്‍ എ നെല്ലിക്കുന്നിന് കടുത്ത വാത്സല്യമാണ്.

100 ദിന പരീക്ഷയില്‍ ഉമ്മന്‍ചാണ്ടി 100ല്‍ 101 മാര്‍ക്ക് നേടിയതെങ്ങനെയെന്നതാണ് ഇ എസ് ബിജിമോളെ കുഴയ്ക്കുന്നത്. മോഡറേഷനാണെങ്കിലും നൂറേ കിട്ടൂ. മാജിക്കായതിനാല്‍ 101 കിട്ടുമായിരിക്കും.  മാര്‍ക്കിലും കള്ളത്തരമാണോ എന്ന്  സംശയിക്കേണ്ട.  കോപ്പിയടിച്ചതല്ലെന്ന് ബെന്നിബഹന്നാന്‍ ആണയിട്ടു പറഞ്ഞു. പശുവിനെ മോഷ്ടിച്ചയാളുടെ കഥയും ബിജിമോള്‍ പറഞ്ഞു. പശുവിനെയല്ല, വഴിയില്‍ കിടന്ന കയറാണ് മോഷ്ടിച്ചതെന്നും തുമ്പത്ത് പശു ഉള്ളത് അറിഞ്ഞില്ലെന്നും കള്ളന്റെ മൊഴി. ഇതു പോലെ ചീഫ്‌വിപ്പ്  എടുത്ത കയറിന്റെ തുമ്പത്ത് ഉമ്മന്‍ചാണ്ടിയുടെ തലയാണെന്നാണ് ബിജിമോള്‍ പറഞ്ഞത്.

janayugom 290911

1 comment:

  1. ആരോഗ്യമന്ത്രി മനസ്സുവച്ചപ്പോള്‍ അതും നടന്നു. സാക്ഷാല്‍ മുഖ്യന് ഒരു പണികൊടുക്കണമെന്നുള്ള മോഹം അങ്ങനെ പൂവണിഞ്ഞു. അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം നടത്തിയ 'മദ്യപാനത്തെ തുടര്‍ന്നുള്ള പനി മരണ' മാണ് സഭയെ ഇളക്കിമറിച്ചത്. നിരുത്തരവാദപരമായ പ്രസ്താവന നടത്തുകവഴി സ്വയം കുഴിയില്‍ ചാടുകമാത്രമല്ല ആരോഗ്യമന്ത്രി ചെയ്തത്. തന്റെ ടീമിന്റെ ക്യാപ്റ്റനെ തന്നെ വാരിക്കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു. പനി ബാധിച്ചു മരിച്ചവരെയും അവരുടെ കുടുംബാംഗങ്ങളെയും അവഹേളിച്ച അടൂര്‍ പ്രകാശ് തന്റെ പ്രസ്താവനയെ ന്യായീകരിക്കാന്‍ ശ്രമിച്ചതാണ് പ്രതിപക്ഷത്തെ കൂടുതല്‍ ചൊടിപ്പിച്ചത്.

    ReplyDelete