Saturday, September 24, 2011

പ്ലാന്റ് നിശ്ചലം; എന്നിട്ടും ഉല്‍പ്പാദനമുണ്ടെന്ന് മാരുതി

മനേസര്‍ : ബഹുഭൂരിപക്ഷം തൊഴിലാളികളും പണിമുടക്കിയിട്ടും മനേസറിലെ മാരുതി-സുസൂകി പ്ലാന്റില്‍ കാറുല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് വ്യാജപ്രചാരണം. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് സമരം പൊളിക്കാന്‍ മാനേജ്മെന്റ് കള്ളക്കഥ പ്രചരിപ്പിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ , കമ്പനിക്ക് കാവലേര്‍പ്പെടുത്തിയിരിക്കുന്ന ഗുണ്ടകളെ ഉപയോഗിച്ച് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

"അങ്ങനെ പെട്ടെന്ന് ആര്‍ക്കെങ്കിലും വന്ന് പ്ലാന്റില്‍ പണിയെടുക്കാന്‍ കഴിയില്ല. നട്ടും ബോള്‍ട്ടും എടുത്തുകൊടുക്കുന്നത് ഞങ്ങളാണ്. വേറൊരാള്‍ വന്ന് പെട്ടെന്ന് ആ പണി ചെയ്താല്‍ ഒരിക്കലും ശരിയാവില്ല. അത്തരത്തിലാണ് കാറ് ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ ഇവിടെനിന്ന് പോകുന്ന കാറുകളുടെ ഗുണനിലവാരം എന്താവും."- മെക്കാനിക്കായ അരുണ്‍കുമാര്‍ ചോദിക്കുന്നു.
സമരം രൂക്ഷമായപ്പോഴാണ് കമ്പനിയുടെ പ്രധാനഗേറ്റ് ഉള്‍പ്പെടെ മൂന്ന് ഗേറ്റ് ഹരിയാന സര്‍ക്കാര്‍ ടിന്‍ഷീറ്റ് കൊണ്ട് മറച്ചത്. ഗേറ്റുകളില്‍ പന്തല്‍ കെട്ടി സെക്യൂരിറ്റിക്കാരുടെ വേഷത്തില്‍ ഗുണ്ടകളെ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ സമരനേതാക്കളെ ഗുണ്ടകള്‍ മര്‍ദിച്ചു. "എന്നാല്‍ , ദേശീയചാനലുകളിലടക്കം വാര്‍ത്ത വന്നത് തൊഴിലാളികള്‍ മാനേജ്മെന്റ് ഉദ്യോഗസ്ഥരെ മര്‍ദിച്ചുവെന്നാണ്. അണ്ണ ഹസാരെ സമരം 24 മണിക്കൂറും തത്സമയം സംപ്രേഷണംചെയ്ത ചാനലുകള്‍ 2500 തൊഴിലാളികള്‍ നടത്തുന്ന സമരത്തിനെതിരെയാണ് വാര്‍ത്ത നല്‍കുന്നത്."- സമരനേതാവ് സോനു പറഞ്ഞു. ഹരിയാനയിലെ ചില പ്രാദേശികപത്രങ്ങള്‍ മാത്രമാണ് സമരവാര്‍ത്ത കൊടുക്കുന്നത്.

വ്യവസായങ്ങള്‍ വരുംമുമ്പ് തടയുകയാണ് യൂണിയനുകളെന്ന് വന്‍പ്രചാരണം നടത്തുമ്പോഴും മാരുതി സുസൂകി എംപ്ലോയീസ് യൂണിയന് താങ്ങാവുന്നത് കേന്ദ്ര ട്രേഡ്യൂണിയനുകളും തൊഴിലാളികളുടെ കുടുംബങ്ങളുമാണ്. സമരം ചെയ്യുന്നവരില്‍ പകുതിപേരും വിവാഹിതരാണ്. ഗുഡ്ഗാവിലും മനേസറിലും മറ്റും വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നവര്‍ . ശമ്പളം കിട്ടാത്തതിനാല്‍ പല കുടുംബങ്ങളും കഷ്ടപ്പാടിലാണെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പക്ഷേ, വീട്ടുകാര്‍ ആരും സമരത്തിനെതിരല്ല. സുസൂകി കമ്പനി അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍ അവര്‍ക്കുമറിയാം. പട്ടിണിയായാലും അനീതിക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് അവരുടെയും നിലപാട്.

മാരുതി-സുസൂകി കമ്പനി മാനേജ്മെന്റ് ഒത്താശയോടെ രൂപീകരിച്ച മാരുതി ഉദ്യോഗ് കാംഗാര്‍ യൂണിയന്‍ (എംയുകെയു) മാത്രം മതിയെന്നും എല്ലാവരും അതില്‍ ചേരണമെന്നുമാണ് നിര്‍ദേശം. നേതാക്കളെ മാനേജ്മെന്റ് നിശ്ചയിക്കും. ഇതില്‍ ചേര്‍ന്ന ചിലര്‍ കമ്പനി തയ്യാറാക്കിയ ബോണ്ടില്‍ ഒപ്പുവച്ചിരുന്നു. ഇതോടെ എല്ലാവരും ബോണ്ട് ഒപ്പിടണമെന്ന നിബന്ധന മുന്നോട്ടു വച്ചു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാണ് ബോണ്ട് തയ്യാറാക്കിയതെന്നും ഒപ്പിടാന്‍ കഴിയില്ലെന്നും തൊഴിലാളികള്‍ രൂപീകരിച്ച മാരുതി എംപ്ലോയീസ് യൂണിയന്‍ വ്യക്തമാക്കി. അവര്‍ പണിക്കു കയറാനും തയ്യാറായില്ല. ഇതോടെ 50 പേരെ പിരിച്ചുവിട്ടു. ഇതോടെയാണ് പ്രത്യക്ഷസമരം തുടങ്ങിയത്.
(ദിനേശ്വര്‍മ)

deshabhimani 240911

1 comment:

  1. ബഹുഭൂരിപക്ഷം തൊഴിലാളികളും പണിമുടക്കിയിട്ടും മനേസറിലെ മാരുതി-സുസൂകി പ്ലാന്റില്‍ കാറുല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് വ്യാജപ്രചാരണം. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് സമരം പൊളിക്കാന്‍ മാനേജ്മെന്റ് കള്ളക്കഥ പ്രചരിപ്പിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ , കമ്പനിക്ക് കാവലേര്‍പ്പെടുത്തിയിരിക്കുന്ന ഗുണ്ടകളെ ഉപയോഗിച്ച് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

    ReplyDelete