Friday, September 30, 2011

രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ജനീവ: അടുത്ത വര്‍ഷമാകുമ്പോഴേക്കും ലോകരാഷ്ട്രങ്ങള്‍ തൊഴിലില്ലായ്മയുടെ അതി ഭീകരമായ ഒരു സ്ഥിതിവിശേഷത്തെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്.

സാമ്പത്തിക പ്രതിസന്ധിയുടെ രണ്ടാം തരംഗം അനുഭവപ്പെടുന്ന 2012 ല്‍ രണ്ട് കോടി ആള്‍ക്കാര്‍ക്ക് കൂടി തൊഴില്‍ നഷ്ടപ്പെടുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ എല്‍ ഒ) യുടെയും സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള സംഘടന (ഒ ഇ സി ഡി)യുടെയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2008 ല്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതിനുശേഷം രണ്ട് കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ലോകത്താകെ തൊഴില്‍രഹിതരുടെ എണ്ണം ഇരുപത് കോടിയാണ്. വികസിത-വികസ്വര രാഷ്ട്രങ്ങള്‍ ഒന്നുപോലെ നേരിടുന്ന സ്ഥിതിവിശേഷമാണിത്.

വികസിത രാജ്യങ്ങളില്‍ തൊഴിലവസരങ്ങളുടെ ഇപ്പോഴുള്ള വളര്‍ച്ചാനിരക്ക് തൊഴിലില്ലായ്മയുടെ പ്രശ്‌നം പരിഹരിക്കാന്‍ തീര്‍ത്തും അപര്യാപ്തമാണ്. ജി-20 രാഷ്ട്രങ്ങളില്‍ തൊഴിലവസരങ്ങളുടെ വളര്‍ച്ചാനിരക്ക് പ്രതിവര്‍ഷം ഒരു ശതമാനമാണ്. അടുത്ത നാല് വര്‍ഷക്കാലം തുടര്‍ച്ചയായി 1.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചാല്‍ മാത്രമെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് കുറച്ചെങ്കിലും ശമനമുണ്ടാവുകയുള്ളൂ.

യൂറോപ്പിലെ സ്ഥിതി വളരെ സങ്കീര്‍ണമാണ്. യൂറോ മേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയായ ജര്‍മനിയില്‍ മാത്രമാണ് സ്ഥിതി അല്‍പമെങ്കിലും മെച്ചമായുള്ളത്. രണ്ടാമത്തെ ശക്തിയായ ഫ്രാന്‍സ് വലിയ കുഴപ്പത്തിലാണ്. ഇറ്റലിയില്‍ രണ്ടില്‍ ഒരാള്‍ക്ക് വീതം തൊഴിലില്ല. ദക്ഷിണാഫ്രിക്കയില്‍ ഇത് മൂന്നില്‍ രണ്ട് പേരാണ്.

പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിലവസരങ്ങളുടെ നഷ്ടമാണ് ഇന്ത്യയിലും ചൈനയിലും തൊഴിലവസരങ്ങളുടെ വര്‍ധനവിന് ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നഷ്ടപ്പെടുന്ന തൊഴിലുകളുടെ ഏറ്റവും വലിയ ഇര യുവാക്കളാണ്. സമൂഹത്തില്‍ ''അധികപ്പറ്റുകാര്‍'' എന്നൊരു പുതിയ സങ്കല്‍പംതന്നെ തൊഴില്‍രഹിതരെക്കുറിച്ച് ഉടലെടുത്തിരിക്കുന്നു.

പൗരന്മാര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ നടപടികള്‍ എല്ലാ രാജ്യങ്ങളും ശക്തിപ്പെടുത്തണമെന്നാണ് ഐ എല്‍ ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

janayugom 300911

1 comment:

  1. അടുത്ത വര്‍ഷമാകുമ്പോഴേക്കും ലോകരാഷ്ട്രങ്ങള്‍ തൊഴിലില്ലായ്മയുടെ അതി ഭീകരമായ ഒരു സ്ഥിതിവിശേഷത്തെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്.

    ReplyDelete