Monday, September 26, 2011

ചതുര്‍ശക്തി നിര്‍ദേശം പലസ്തീന്‍ തള്ളി

റമല്ല: ഐക്യരാഷ്ട്രസഭയില്‍ പലസ്തീന്‍ ജനതയുടെ രാഷ്ട്രസ്വപ്നം അവതരിപ്പിച്ച് തിരിച്ചെത്തിയ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് വീരോചിതമായ സ്വീകരണം. ആയിരക്കണക്കിനാളുകളാണ് അബ്ബാസിനെ സ്വീകരിക്കാന്‍ റമല്ലയിലെ ആസ്ഥാനത്തിനടുത്ത് തടിച്ചുകൂടിയത്. അമ്മാനില്‍നിന്ന് ഞായറാഴ്ച വൈകിട്ട് നാലരയോടെ എത്തിയ അബ്ബാസ് ഔപചാരിക സ്വീകരണത്തിനുശേഷം പലസ്തീന്‍ അതോറിറ്റി ആസ്ഥാനത്ത് അനശ്വര നായകന്‍ യാസര്‍ അറഫാത്തിന്റെ കബറിടത്തില്‍ പുഷ്പചക്രം വച്ച് വണങ്ങി. തുടര്‍ന്ന് ജനസഹസ്രങ്ങളെ അഭിവാദ്യംചെയ്ത അബ്ബാസ്, പലസ്തീന്‍വസന്തം പിറവിയെടുത്തതായി പ്രഖ്യാപിച്ചു.

പലസ്തീനെ അടിച്ചമര്‍ത്തുന്ന ഇസ്രയേലിന്റെ വക്കാലത്തെടുത്ത് അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടങ്ങുന്ന ചതുര്‍ശക്തികള്‍ മുന്നോട്ടുവച്ച നിര്‍ദേശം തള്ളുമെന്ന് വ്യക്തമായ സൂചന നല്‍കിയ അദ്ദേഹം, ഇസ്രയേല്‍ കുടിയേറ്റ നിര്‍മാണം നിര്‍ത്താതെ ഒരു ചര്‍ച്ചയുമില്ലെന്ന് പ്രഖ്യാപിച്ചു. ഒരു മാസത്തിനകം ഇസ്രയേലും പലസ്തീനും നിരുപാധികം ചര്‍ച്ച പുനരാരംഭിക്കണമെന്നാണ് ചതുര്‍ശക്തികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചര്‍ച്ചയ്ക്ക് പലസ്തീന്‍ മുന്നോട്ടുവച്ചിട്ടുള്ള ഉപാധികള്‍ മാനിക്കാത്ത ഒരു നിര്‍ദേശവും അംഗീകരിക്കില്ലെന്ന് അബ്ബാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചതുര്‍ശക്തികളുടെ നിര്‍ദേശം പഠിക്കുകയാണ്. ഇസ്രയേലി കുടിയേറ്റ നിര്‍മാണം നിര്‍ത്തിവയ്ക്കാനോ "67നുമുമ്പുള്ള അതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്താനോ ആവശ്യപ്പെടാത്ത ഒരു ശ്രമത്തോടും സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വൈകി പലസ്തീന്‍ നേതൃത്വം അനന്തരനടപടികള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണി അവഗണിച്ച് യുഎന്നില്‍ പലസ്തീന്‍ രാഷ്ട്ര ആവശ്യം ഉന്നയിച്ച അബ്ബാസിന്റെ ജനപിന്തുണ പെട്ടെന്ന് കുതിച്ചുയര്‍ന്നു. പലസ്തീന്‍ വര്‍ക്കേഴ്സ് യൂണിയനും പിഎല്‍ഒ ഘടകങ്ങളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തണമെന്ന് അംഗങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

ഇസ്രയേലിന്റെ ആണവപരിപാടിക്ക് അറബ് രാഷ്ട്രങ്ങളുടെ വിമര്‍ശം

വിയന്ന: ഇസ്രയേലിന്റെ അപ്രഖ്യാപിത ആണവപരിപാടി അന്താരാഷ്ട്രപരിശോധനയ്ക്ക് തുറന്നുകൊടുക്കണമെന്ന് അറബ് രാഷ്ട്രങ്ങള്‍ . ഇത് സമാധാനത്തിന് വിഘാതമാണെന്നും അറബ് രാഷ്ട്രങ്ങള്‍ അഭിപ്രായപ്പെട്ടു. 151 രാഷ്ട്രങ്ങള്‍ പങ്കെടുത്ത അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പൊതുസഭയിലാണ് അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ വിമര്‍ശിച്ചത്.

മധ്യ പൗരസ്ത്യദേശത്തെ എല്ലാ രാജ്യങ്ങളും ആണവ നിര്‍വ്യാപന ഉടമ്പടി അംഗീകരിക്കണമെന്ന പ്രമേയവും സമ്മേളനം പാസാക്കി. മേഖലയില്‍ ഇസ്രയേല്‍ മാത്രമാണ് ഉടമ്പടി അംഗീകരിക്കാത്തത്. അതേസമയം, ഇസ്രയേലിനും പലസ്തീനുമിടയില്‍ മധ്യസ്ഥ വേഷമഭിനയിക്കുന്ന അമേരിക്ക 2009ല്‍ ഇസ്രയേലുമായി രഹസ്യമായി ആയുധക്കരാറില്‍ ഒപ്പുവച്ച വിവരം പുറത്തായി. ഇസ്രയേലിന് ഉഗ്രശേഷിയുള്ള 55 ബങ്കര്‍ബസ്റ്റര്‍ ബോംബുകള്‍ (ജിബിയു-28) വില്‍ക്കാനുള്ള കരാറിനാണ് പ്രസിഡന്റ് ബറാക് ഒബാമ അംഗീകാരം നല്‍കിയത്. ഗാസയില്‍ ഇസ്രയേല്‍ ആയിരത്തിലധികം പലസ്തീന്‍കാരെ കൊന്നൊടുക്കിയതിന് പിന്നാലെ ഒപ്പിട്ട കരാര്‍ ന്യൂസ്വീക്ക് മാസികയാണ് പുറത്തുവിട്ടത്. പ്രസിഡന്റായി അധികാരമേറ്റ് ഏതാനും മാസത്തിനകമാണ് ഒബാമ കരാറില്‍ ഒപ്പുവച്ചത്. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നത്രെ കരാര്‍ . പലസ്തീന് അവകാശപ്പെട്ട വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ആയുധക്കച്ചവടം.

deshabhimani 260911

1 comment:

  1. ഐക്യരാഷ്ട്രസഭയില്‍ പലസ്തീന്‍ ജനതയുടെ രാഷ്ട്രസ്വപ്നം അവതരിപ്പിച്ച് തിരിച്ചെത്തിയ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് വീരോചിതമായ സ്വീകരണം. ആയിരക്കണക്കിനാളുകളാണ് അബ്ബാസിനെ സ്വീകരിക്കാന്‍ റമല്ലയിലെ ആസ്ഥാനത്തിനടുത്ത് തടിച്ചുകൂടിയത്. അമ്മാനില്‍നിന്ന് ഞായറാഴ്ച വൈകിട്ട് നാലരയോടെ എത്തിയ അബ്ബാസ് ഔപചാരിക സ്വീകരണത്തിനുശേഷം പലസ്തീന്‍ അതോറിറ്റി ആസ്ഥാനത്ത് അനശ്വര നായകന്‍ യാസര്‍ അറഫാത്തിന്റെ കബറിടത്തില്‍ പുഷ്പചക്രം വച്ച് വണങ്ങി. തുടര്‍ന്ന് ജനസഹസ്രങ്ങളെ അഭിവാദ്യംചെയ്ത അബ്ബാസ്, പലസ്തീന്‍വസന്തം പിറവിയെടുത്തതായി പ്രഖ്യാപിച്ചു.

    ReplyDelete