Saturday, September 24, 2011

കുട്ടനാട് പാക്കേജ്: പശുക്കളെ നല്‍കിയതില്‍ വന്‍ ക്രമക്കേട്

കുട്ടനാട് പാക്കേജില്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ വിതരണം ചെയ്തതില്‍ വന്‍ക്രമക്കേട്. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ തമിഴ്നാട് ലോബിക്ക് ചോര്‍ത്തി നല്‍കിയതായും ആരോപണം. 10 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് പറഞ്ഞുനല്‍കിയ കറവപ്പശുവില്‍ നിന്ന് ലഭിച്ചത് 4 ലിറ്റര്‍ മാത്രം. പത്തുദിവസത്തിനകം പ്രസവിക്കുമെന്ന് വെറ്റിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ പശുക്കള്‍ ഒന്നരമാസം പിന്നിട്ടിട്ടും പ്രസവിച്ചില്ല. പാക്കേജിന്റെ ഭാഗമായി കുട്ടനാട്ടിലെ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയിലാണ് വന്‍ തിരിമറി. പശുക്കളില്‍ നിന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറഞ്ഞ അളവിലുള്ള പാല്‍ ലഭിക്കുന്നില്ലെന്നതാണ് സ്ഥിതി. വെറ്റിനറി ഡോക്ടര്‍മാരും തമിഴ്നാട് ലോബിയും തമ്മിലുള്ള ഒത്തുകളിയാണ് ഈ അഴിമതിക്കുപിന്നിലെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.

തമിഴ് ഏജന്റുമാര്‍ക്ക് പദ്ധതി വിശദാംശങ്ങള്‍ ചോര്‍ത്തി നല്‍കിയാണ് വന്‍ അഴിമതിക്ക് കളമൊരുക്കിയത്. വെറ്റിനറി ഡോക്ടര്‍മാരും ഗുണഭോക്തൃ സമിതിയുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്നാട്ടില്‍ നിന്ന് പശുക്കളെ വാങ്ങാന്‍ പോയത്. പശുക്കളെ പരിശോധിച്ച് ഗുണമേന്മ ഉറപ്പുവരുത്തേണ്ട ചുമതല വെറ്റിനറി ഡോക്ടര്‍ക്കാണ്. പശുക്കളെ പരിശോധിക്കുന്ന സമയത്ത് ഏജന്റ് പതിനഞ്ച് ലിറ്ററോളം പാല്‍ കറന്നുകാണിച്ചു. എന്നാല്‍ ഇവയെ നാട്ടിലെത്തിച്ച് കറന്നപ്പോള്‍ ആകെ ലഭിച്ചത് പറഞ്ഞതിന്റെ പകുതിയില്‍താഴെ പാലാണ്. പലരും പരാതിയുമായി മൃഗാശുപത്രിയില്‍ എത്തിയെങ്കിലും അധികൃതര്‍ കൈയൊഴിഞ്ഞു. ഡോക്ടറുടെ ഒത്താശയില്ലാതെ ഈ തട്ടിപ്പ് നടക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പദ്ധതിയില്‍പ്പെടുത്തി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി രണ്ടായിരത്തോളം പശുക്കളെയാണ് വിതരണം ചെയ്തത്. ആലപ്പുഴയില്‍ മാത്രം ആയിരം പശുക്കളെ നല്‍കി. പദ്ധതിഅടങ്കലില്‍ അമ്പതു ശതമാനം തുക ഗുണഭോക്താക്കള്‍ നല്‍കി. ബാങ്ക് വായ്പ തരപ്പെടുത്തിയാണ് പലരും വിഹിതം അടച്ചത്. പാലിന്റെ അളവ് കുറഞ്ഞതോടെ പശുവിന് തീറ്റയിനത്തിലും മറ്റും ചെലവഴിക്കാന്‍ വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കര്‍ഷകര്‍ .

വെള്ളപ്പൊക്ക നിയന്ത്രണപദ്ധതിയില്‍പ്പെടുത്തി പാടശേഖരബണ്ടിന് സ്ലാബ്ഭിത്തി നിര്‍മിക്കുന്നതിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ആദ്യഘട്ടമായി തെരഞ്ഞെടുത്ത നാലു പാടങ്ങളില്‍ റാണി, ചിത്തിര കായലുകളില്‍ നിലവില്‍ കൃഷിയില്ല. എന്നാല്‍ ഇതിനോടു ചേര്‍ന്നുകിടക്കുന്ന കൃഷിയുള്ള മാര്‍ത്താണ്ഡം കായല്‍ രണ്ടാം ഘട്ടത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഒന്നാം ഘട്ടത്തില്‍ 66 കിലോമീറ്ററാണ് സ്ലാബ് നിര്‍മിക്കുന്നത്. ഇ ബ്ലോക്ക്, എച്ച് ബ്ലോക്ക്, ഐ ബ്ലോക്ക്, ഡി ബ്ലോക്ക് തെക്ക്, വടക്ക് എന്നീ പാടങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. സ്ലാബ് കായലിന്റെ അടിത്തട്ടുവരെ എത്തുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് ഡി ബ്ലോക്കിലെ നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണ്.

deshabhimani 240911

2 comments:

  1. കുട്ടനാട് പാക്കേജില്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ വിതരണം ചെയ്തതില്‍ വന്‍ക്രമക്കേട്. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ തമിഴ്നാട് ലോബിക്ക് ചോര്‍ത്തി നല്‍കിയതായും ആരോപണം. 10 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് പറഞ്ഞുനല്‍കിയ കറവപ്പശുവില്‍ നിന്ന് ലഭിച്ചത് 4 ലിറ്റര്‍ മാത്രം. പത്തുദിവസത്തിനകം പ്രസവിക്കുമെന്ന് വെറ്റിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ പശുക്കള്‍ ഒന്നരമാസം പിന്നിട്ടിട്ടും പ്രസവിച്ചില്ല. പാക്കേജിന്റെ ഭാഗമായി കുട്ടനാട്ടിലെ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയിലാണ് വന്‍ തിരിമറി. പശുക്കളില്‍ നിന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറഞ്ഞ അളവിലുള്ള പാല്‍ ലഭിക്കുന്നില്ലെന്നതാണ് സ്ഥിതി. വെറ്റിനറി ഡോക്ടര്‍മാരും തമിഴ്നാട് ലോബിയും തമ്മിലുള്ള ഒത്തുകളിയാണ് ഈ അഴിമതിക്കുപിന്നിലെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.

    ReplyDelete
  2. കുട്ടനാട് പാക്കേജിന്റെ പദ്ധതി നിര്‍വഹണം സംബന്ധിച്ച് കോണ്‍ഗ്രസ് രണ്ടു തട്ടില്‍ . പദ്ധതി നിര്‍വഹണത്തില്‍ വീഴ്ചകളും അഴിമതിയും അരങ്ങേറുന്നതായി കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിക്കുമ്പോള്‍ വീഴ്ച വന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പാക്കേജ് അട്ടിമറിക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. ആലപ്പുഴയില്‍ ടാക്സ് കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കൊടിക്കുന്നിലിന്റെ നിലപാടുകളോട് വിയോജിച്ചത്. കുട്ടനാട് പാക്കേജില്‍ വീഴ്ച വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കണമെന്നും പാക്കേജിന്റെ ഭാഗമായി എ സി കനാലിന്റെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി വേണമെന്നും കൊടിക്കുന്നില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ പുനരധിവാസത്തിന് വേണ്ട നടപടിയെടുക്കാന്‍ വന്യുവകുപ്പിന് കഴിഞ്ഞിട്ടില്ലെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. എന്നാല്‍ കൊടിക്കുന്നില്‍ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഇതേകുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞത്. എസി കനാലിന്റെ തീരത്ത് കൈയേറ്റം ഒഴിപ്പിക്കുന്നതിന് സാങ്കേതികമായ തടസങ്ങളുണ്ടെന്നും ഇവിടെ താമസിക്കുന്നവര്‍ക്ക് പട്ടയം ഉള്‍പ്പെടെ നല്‍കുന്ന നടപടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണ്. കൊടിക്കുന്നില്‍ ഇതേക്കുറിച്ച് എന്തെങ്കിലും ആക്ഷേപം ഉന്നയിച്ചെങ്കില്‍ അക്കാര്യം പരിശോധിക്കാം. കുട്ടനാട്ടില്‍ കൈയേറ്റങ്ങള്‍ സംബന്ധിച്ച് പരിശോധിച്ചുവരുകയാണെന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete