Thursday, September 29, 2011

ജനങ്ങളുടെ പോരാട്ടം നയങ്ങളെ അസ്ഥിരീകരിക്കാനാണ്

അസ്ഥിരീകരണത്തിന്റെ വര്‍ത്തമാനം വീണ്ടും കേട്ടു തുടങ്ങിയിരിക്കുന്നു. സ്വന്തം കാലിടറി തുടങ്ങുമ്പോള്‍ ലോകത്തെമ്പാടുമുള്ള ഭരണാധിപന്മാര്‍ എടുത്തുപയോഗിക്കുന്ന പ്രയോഗമാണ് 'അസ്ഥിരീകരണ ഭീഷണി'. അവര്‍ക്ക് അത് ഒരേ സമയം വാളും പരിചയുമാണ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പങ്കെടുത്തു മടങ്ങും വഴി വിമാനത്തില്‍വച്ച് പത്രക്കാരോടു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അസ്ഥിരീകരണ ഭീഷണിയെക്കുറിച്ചു സംസാരിച്ചതില്‍ ദൂരവ്യാപകമായ അര്‍ഥമുണ്ട്.

ഗവണ്‍മെന്റിനെതിരായി പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയെ അസ്ഥിരീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെ ശാക്തീകരണത്തിന്റെ അടിസ്ഥാനം ഗവണ്‍മെന്റ് ഇപ്പോള്‍ നടപ്പിലാക്കുന്ന നയങ്ങളാണെന്നു വിശ്വസിക്കുന്ന ഒരാള്‍ക്കേ അങ്ങനെ പറയാന്‍ കഴിയൂ. ഇന്ത്യയുടെ പ്രധാനമന്ത്രി ഇത്രയും യാഥാര്‍ഥ്യ ബോധമില്ലാതെ സംസാരിക്കുന്ന ആളാകരുതായിരുന്നു. തങ്ങള്‍ ചെയ്യുന്നതെല്ലാം ജനങ്ങള്‍ അംഗീകരിച്ച കാര്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. കാല്‍ക്കീഴിലെ മണ്ണു ചോര്‍ന്നു പോകുന്നത് അറിയുമ്പോള്‍ എല്ലാ ജനദ്രോഹ ഭരണകൂടങ്ങളുടെയും തലവന്മാര്‍ ഇതേ വാദമുന്നയിച്ചിട്ടുണ്ട്. ആഴ്ചകളും മാസങ്ങളും കഴിയുമ്പോള്‍ ഇത്തരം അവകാശവാദങ്ങളുടെ തകര്‍ന്നു വീണ മണ്‍കോട്ടയ്ക്ക് അരികില്‍ അവര്‍ തലകുനിച്ചിരിക്കുന്നതും ജനങ്ങള്‍ കണ്ടിട്ടുണ്ട്.

ഭരണ വ്യവസ്ഥയ്ക്ക് ഇളക്കം തട്ടുന്നുവെന്ന് പ്രധാനമന്ത്രിക്ക് തോന്നുന്നത് അതിന്റെ അടിത്തറ ദുര്‍ബലമാകുന്നതുകൊണ്ടാണ്. അതിനു കാരണം ഭരണ-നയരംഗങ്ങളില്‍ ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്ന സമീപനങ്ങളാണ്. ആ നയങ്ങള്‍ ജനങ്ങളില്‍ സ്വാഭാവികമായും രോഷം വളര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ മഹദ്മൂല്യങ്ങളെയെല്ലാം ചവറ്റുകൊട്ടയിലെറിഞ്ഞ നയങ്ങളാണവ. ആ നയങ്ങള്‍ക്ക് രൂപം നല്‍കിയ സാമ്പത്തിക-രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് ജനങ്ങളില്‍ വെല്ലുവിളിക്കപ്പെടുന്നത്. ആ ജനങ്ങള്‍ക്കൊപ്പമാണ് ഉത്തരവാദിത്വമുള്ള പ്രതിപക്ഷം നില്‍ക്കേണ്ടത്. ഇടതുപക്ഷം അങ്ങനെ നില്‍ക്കാന്‍ ധാര്‍മിക അവകാശമുള്ള ജനകീയ പ്രതിപക്ഷമാണെന്നത് മന്‍മോഹന്‍ സിംഗിനും നിഷേധിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി, സര്‍ക്കാരിന്റെ മുഖം അങ്ങേയറ്റം വികൃതമാണ്, ജനകീയ പ്രക്ഷോഭങ്ങളാകുന്ന കണ്ണാടി തല്ലിപ്പൊട്ടിച്ചാല്‍ ആ വൈകൃതം മാറുമെന്ന് ആരാണ് താങ്കള്‍ക്കു പറഞ്ഞുതന്നത്?

ഐക്യരാഷ്ട്ര പൊതുസഭയില്‍ താന്‍ നടത്തിയ പ്രസംഗം പ്രധാനമന്ത്രി ഇത്രപെട്ടെന്ന് മറന്നു പോകരുതായിരുന്നു. ''ഏതാനും വര്‍ഷങ്ങള്‍ മുമ്പുവരെ ആഗോളവല്‍ക്കരണത്തിന്റെ നേട്ടങ്ങളിലും ആഗോള പരസ്പരാശ്രയത്വത്തിലും ലോകം വിശ്വാസം അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ നാം നിര്‍ബന്ധിതമായിരിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നുവരുന്ന സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ആഴമേറിയ കുഴപ്പങ്ങളും അവയുടെ ഗുരുതരമായ അനന്തര ഫലങ്ങളും ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളെ പിടിച്ചുലയ്ക്കുകയാണ്.'' മന്‍മോഹന്‍സിംഗ് തന്റെ നാവുകൊണ്ടു പറഞ്ഞ ആഴമേറിയ കുഴപ്പങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ലോകത്തെമ്പാടും രാജ്യങ്ങളെ പിടിച്ചുലയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് മാത്രം അതൊന്നും ബാധകമാകില്ലെന്ന് പ്രധാനമന്ത്രി കരുതിയോ? എങ്കില്‍ അദ്ദേഹത്തിനു തെറ്റി.

ലോകം മുഴുവന്‍ വിനാശം വിതച്ച ആഗോളവല്‍ക്കരണ നയങ്ങളുടെ 'വിശ്വസ്ത വിധേയ ദാസ്യപ്പണി' യാണ് ഇന്ത്യയിലെ ഭരണക്കാര്‍ ഇക്കാലമത്രയും നടത്തിപ്പോന്നത്. അതുമൂലം സമൂഹത്തില്‍ പെരുകി വന്ന അനീതികളുടെയും അസമത്വങ്ങളുടെയും മുമ്പില്‍ കണ്ണടച്ചു നിന്നവരാണവര്‍. ശതകോടീശ്വരന്മാര്‍ക്കു വേണ്ടതെല്ലാം വാരിക്കോരി കൊടുത്തിട്ട് പട്ടിണി പാവങ്ങളോടു മുണ്ടുമുറുക്കി ഉടുക്കാന്‍ ഉപദേശിച്ചവരാണവര്‍. തന്റെ 'വിമാന പ്രബോധന' ത്തില്‍ പ്രധാനമന്ത്രി പറഞ്ഞു: ''ഭക്ഷ്യ വസ്തുക്കളുടെ വിലകള്‍ക്ക് പൊതുവില്‍ സ്ഥിരതയുണ്ട്. വിലസ്ഥിരതയില്ലാത്തത് പച്ചക്കറി, മത്സ്യം, മുട്ട തുടങ്ങിയവയ്ക്കാണ്. ഇതു നമ്മുടെ നയങ്ങളുടെ വിജയത്തെയാണ് കാണിക്കുന്നത്''. തൊലിക്കട്ടിയും വിവരമില്ലായ്മയും ഒന്നിച്ചു ചേരുന്ന ഇത്തരം ഒരു പ്രസ്താവന നാടിന്റെ പ്രധാനമന്ത്രിയില്‍ നിന്നാണുണ്ടാകുന്നത്. നഗരങ്ങളില്‍ 31 രൂപയും ഗ്രാമങ്ങളില്‍ 26 രൂപയും ഉള്ളവര്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലാണെന്നു പ്ലാനിംഗ് കമ്മിഷനെക്കൊണ്ട് പറയിപ്പിച്ചതും ഇത്തരക്കാര്‍ തന്നെയാകുമല്ലോ. അവയ്‌ക്കെതിരായി ശബ്ദമുയര്‍ത്തുന്നവര്‍ അസ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നത് ആരുടെയും കസേരകളെയല്ല; ഈ നയങ്ങളെത്തന്നെയാണെന്ന് നാടിനോടു മുഴുവന്‍ വിളിച്ചു പറയാനുള്ള കരുത്താര്‍ജിക്കാനാണു ഇടതുപക്ഷം ശ്രമിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ നാണിപ്പിക്കുന്ന അഴിമതി പരമ്പരകളെല്ലാം യാദൃശ്ചികമായി സംഭവിച്ചതല്ല. അതിന്റെ ഉറവിടം പണത്തിനും ലാഭത്തിനും പരമ പ്രാധാന്യം കല്‍പിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ തന്നെയാണ്. 2 ജി സ്‌പെക്ട്രം കുംഭകോണം അതിന്റെ ഒരു ഭാഗം തന്നെയാണ്. രാജയേയും കനിമൊഴിയേയും ജയിലിലടച്ചാല്‍ കള്ളങ്ങള്‍ മൂടിവയ്ക്കാമെന്നു കരുതിയവര്‍ ഭരണ നേതൃത്വത്തിലുണ്ട്. ചിദംബരം എന്നും സുരക്ഷിതനായിരിക്കുമെന്ന് അവര്‍ വ്യാമോഹിച്ചു. എന്നാല്‍ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കത്ത് പുറത്തായതോടെ ആ വ്യാമോഹം സോപ്പുകുമിള പോലെ തകര്‍ന്നുപോയി. ഇപ്പോഴിതാ, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് 2 ജി ഇടപാടുകളത്രയും നടന്നതെന്ന് രാജ്യം അറിഞ്ഞുകഴിഞ്ഞു! ചിദംബരത്തെ തനിക്കു പൂര്‍ണ വിശ്വാസമാണെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറയുമ്പോള്‍ രാജ്യം ചിരിക്കുക മാത്രമല്ല; ചിന്തിക്കുകയും ചെയ്യുന്നുണ്ട്. ആ രാജ്യത്തെയും ജനങ്ങളെയും അസ്ഥിരീകരണ ശക്തികളെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുമ്പോള്‍ ജനങ്ങളുടെ വിശ്വാസം പൂര്‍ത്തിയാകുന്നു. അതിനാല്‍ അസ്ഥിരീകരണത്തിന്റെ പതിവ് വര്‍ത്തമാനങ്ങള്‍കൊണ്ട് തനിക്കു ചുറ്റും രക്ഷാകവചം തീര്‍ക്കാമെന്ന് മന്‍മോഹന്‍സിംഗ് കരുതരുത്. ഇന്നലെവരെയും ജീവിച്ചതുപോലെ ഇനി ജീവിച്ചുകൂടെന്ന് ജനങ്ങള്‍ തിരിച്ചറിയുകയാണ്. ഇന്നലെവരെയും ഭരിച്ചതുപോലെ ഇനിയും ഭരിക്കാമെന്ന് ഭരണവര്‍ഗം കണക്കുകൂട്ടരുത്.

ജനങ്ങള്‍ ചെറുത്തു നില്‍പ്പിനൊരുങ്ങുന്നത് പുതിയ ഭാവി രചിക്കാനാണ്. ആരുടെയെല്ലാം കസേര അസ്ഥിരീകരിക്കപ്പെടുമെന്നത് അവരുടെ ചിന്താവിഷയമല്ല.

janayugom editorial

1 comment:

  1. അസ്ഥിരീകരണത്തിന്റെ വര്‍ത്തമാനം വീണ്ടും കേട്ടു തുടങ്ങിയിരിക്കുന്നു. സ്വന്തം കാലിടറി തുടങ്ങുമ്പോള്‍ ലോകത്തെമ്പാടുമുള്ള ഭരണാധിപന്മാര്‍ എടുത്തുപയോഗിക്കുന്ന പ്രയോഗമാണ് 'അസ്ഥിരീകരണ ഭീഷണി'. അവര്‍ക്ക് അത് ഒരേ സമയം വാളും പരിചയുമാണ്. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പങ്കെടുത്തു മടങ്ങും വഴി വിമാനത്തില്‍വച്ച് പത്രക്കാരോടു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അസ്ഥിരീകരണ ഭീഷണിയെക്കുറിച്ചു സംസാരിച്ചതില്‍ ദൂരവ്യാപകമായ അര്‍ഥമുണ്ട്.

    ReplyDelete