Saturday, September 24, 2011

അക്കാദമിക് സമിതി: ആരോപണ വിധേയരെ അംഗീകരിക്കില്ല - എസ്എഫ് ഐ

നിര്‍മല്‍ മാധവ് പ്രശ്നം പഠിക്കാനുള്ള ഉന്നതതല അക്കാദമിക് സമിതിയില്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ആരോപണ വിധേയരായവരെ ഉള്‍പ്പെടുത്തിയ കലക്ടറുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് എസ്എഫ്ഐ അംഗീകരിക്കില്ല. കലക്ടറുടെ നടപടി പ്രശ്നം വീണ്ടും വഷളാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് കെ സജീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരോപണ വിധേയരെ സമിതിയില്‍ എടുക്കരുതെന്ന് കലക്ടര്‍ പി ബി സലീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ പൊതു തീരുമാനമാണ്. അത് ലംഘിച്ച്, വിജിലന്‍സ് അന്വേഷണം വേണമെന്ന് എ പ്രദീപ്കുമാര്‍ എംഎല്‍എയും എസ്എഫ്ഐയും ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ സമിതിയില്‍ അംഗങ്ങളാക്കി. ഇതുസംബന്ധിച്ച് എസ്എഫ്ഐ ജില്ലാപ്രസിഡന്റ് വി വസീഫും സെക്രട്ടറി ടി പി ബിനീഷും കലക്ടര്‍ക്ക് കഴിഞ്ഞ ദിവസം വിയോജനകത്ത് നല്‍കിയിരുന്നു. എന്നാല്‍ കലക്ടര്‍ പ്രതികരിച്ചില്ല. ഒന്നര മാസമായി അടച്ചിട്ടിരുന്ന വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് സര്‍വകക്ഷിയോഗം വിളിച്ചത്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ നിര്‍മല്‍ മാധവിന് അഞ്ചാംസെമസ്റ്ററില്‍ പ്രവേശനം നല്‍കണമെന്ന് നിര്‍ദേശിച്ചത് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായ ടോം ജോസഫാണ്. ഈ കത്ത് എന്‍ജി. കോളേജ് പ്രിന്‍സിപ്പലിന് അയച്ചതും തുടര്‍ന്ന് പ്രവേശനം വരെയുള്ള കാര്യങ്ങള്‍ ചെയ്തതും കലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ജോസഫും പിന്നീട് രജിസ്ട്രാറായ പി മുഹമ്മദുമാണ്. ഇവര്‍ മൂന്നുപേരും അക്കാദമിക് സമിതിയില്‍ അംഗങ്ങളാണ്.

എന്‍ജി. കോളേജില്‍നിന്ന് ഒരാളെ മാത്രം കമ്മിറ്റിയില്‍ അംഗമാക്കിയാല്‍ മതിയെന്നായിരുന്നു സര്‍വകക്ഷി തീരുമാനം. എന്നാല്‍ രണ്ടുപേരെ അംഗങ്ങളാക്കി. പുതുതായി ചാര്‍ജെടുത്ത കോളേജ് പ്രിന്‍സിപ്പലും സ്ഥലംമാറി വന്ന അധ്യാപകനായ അബ്ദുള്‍ഹമീദുമാണ് മറ്റംഗങ്ങള്‍ . സ്വാശ്രയ കോളേജില്‍ ഒരുവര്‍ഷം പഠിച്ച വിദ്യാര്‍ഥിക്ക് അഞ്ചാം സെമസ്റ്ററില്‍ ഗവ. കോളേജില്‍ പ്രവേശനം നല്‍കാമോ, ഇന്റേണല്‍ പരീക്ഷ എഴുതാതെ തുടര്‍പഠനം സാധ്യമോ, സ്വാശ്രയ കോളേജില്‍ പഠിച്ച വിദ്യാര്‍ഥിക്ക്, മറ്റൊരു സര്‍വകലാശാലയുടെ സ്വാശ്രയ കോളേജില്‍ വേറൊരു വിഷയത്തിന് പഠിച്ച ശേഷം ആദ്യകോഴ്സിന്റെ തുടര്‍പഠനത്തിനായി മൂന്നാം തവണ ഗവ. എന്‍ജി. കോളേജില്‍ പ്രവേശനം നല്‍കാമോ എന്നീ വിഷയങ്ങളാണ് അക്കാദമിക് സമിതിയുടെ അന്വേഷണപരിധിയിലുള്ളത്. നിഷ്പക്ഷമായ ഏത് വ്യക്തി അന്വേഷിച്ചാലും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ പുറത്ത് വരുമെന്ന് ഉറപ്പുണ്ട്. കലക്ടര്‍ ഇടപെട്ട് സമിതിയുടെ വിശ്വാസ്യത തകര്‍ത്തു. പ്രശ്നം പുറത്ത് കൊണ്ടുവരാന്‍ ഏതു സമരത്തിനും തയ്യാറാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് വി വസീഫ്, സെക്രട്ടറി ടി പി ബിനീഷ്, സംസ്ഥാന കമ്മിറ്റി അംഗം വി കെ കിരണ്‍രാജ്,വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് യൂണിറ്റ് പ്രസിഡന്റും സര്‍വകലാശാല കൗണ്‍സിലറുമായ സാഗിന്‍ എന്നിവരും പങ്കെടുത്തു.

deshabhimani 240911

1 comment:

  1. നിര്‍മല്‍ മാധവ് പ്രശ്നം പഠിക്കാനുള്ള ഉന്നതതല അക്കാദമിക് സമിതിയില്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ആരോപണ വിധേയരായവരെ ഉള്‍പ്പെടുത്തിയ കലക്ടറുടെ നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് എസ്എഫ്ഐ. ഈ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് എസ്എഫ്ഐ അംഗീകരിക്കില്ല. കലക്ടറുടെ നടപടി പ്രശ്നം വീണ്ടും വഷളാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റ് എസ് കെ സജീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete