Sunday, September 25, 2011

മതത്തെ ചരിത്രപരമായി മനസ്സിലാക്കണം: കെ എന്‍ പണിക്കര്‍

ചരിത്രത്തെ മറന്നാല്‍ ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കുകയാകും ഫലമെന്നും, മതം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ചരിത്രപരമായി മനസ്സിലാക്കിയാല്‍ മാത്രമേ സാമൂഹ്യജീവിതം ഗുണാത്മകമായി നിലനില്‍ക്കൂ എന്നും ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നവോത്ഥാനപഠനകേന്ദ്രം നടത്തിയ മലബാര്‍ കലാപത്തിന്റെ 90-ാം വാര്‍ഷികാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സാമൂഹ്യബോധത്തെയും രാഷ്ട്രീയബോധത്തെയും നിര്‍മിക്കുന്നതിലും നിര്‍ണയിക്കുന്നതിലും മതത്തിനുള്ള പങ്ക് ചെറുതല്ല. അതേസമയം, ഗ്രന്ഥത്തിലും പ്രയോഗത്തിലുമുള്ള മതങ്ങളെ ബന്ധിപ്പിക്കുക എന്നത് എക്കാലത്തെയും പ്രശ്നമേഖലകളിലൊന്നുമാണ്. ആധുനിക ഇന്ത്യന്‍ പൗരന്റെ ചരിത്രം മത, ജാതി സ്വത്വത്തില്‍നിന്ന് ദേശീയ സ്വത്വത്തിലേക്കും അവിടെനിന്ന് വര്‍ഗീയ, രാഷ്ട്രീയത്തിലേക്കും പരിണമിച്ചതിന്റെ ചരിത്രമാണ് മലബാര്‍ കലാപത്തിനുശേഷമുള്ള ഇന്ത്യാചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്ന് ഡോ. പണിക്കര്‍ പറഞ്ഞു. എക്കാലത്തും ഇന്ത്യന്‍ ദേശീയതയ്ക്ക് മതാത്മകമുഖവും സ്വഭാവവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡോ. സ്കറിയ സക്കറിയ മുഖ്യപ്രഭാഷണം നടത്തി. പാരമ്പര്യത്തിന്റെ ഏകപക്ഷീയമായ നിരാസമല്ല, ഇടര്‍ച്ചയും തുടര്‍ച്ചയുമാണ് നവോത്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എബി കോശി അധ്യക്ഷനായി. ഡോ. പി പി അബ്ദുള്‍ റസാഖ്, ഡോ. കെ എം ഷീബ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എന്‍ അജയകുമാര്‍ മോഡറേറ്ററായി.

deshabhimani 250911

1 comment:

  1. ചരിത്രത്തെ മറന്നാല്‍ ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കുകയാകും ഫലമെന്നും, മതം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ചരിത്രപരമായി മനസ്സിലാക്കിയാല്‍ മാത്രമേ സാമൂഹ്യജീവിതം ഗുണാത്മകമായി നിലനില്‍ക്കൂ എന്നും ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ നവോത്ഥാനപഠനകേന്ദ്രം നടത്തിയ മലബാര്‍ കലാപത്തിന്റെ 90-ാം വാര്‍ഷികാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete