Thursday, September 29, 2011

പിള്ളയുടെ സ്കൂളില്‍ അധ്യാപകനെതിരെ മുമ്പും വധഭീഷണി

മന്ത്രി ഗണേശിനെ മാറ്റി അന്വേഷിക്കണം: വിഎസ്

കൊട്ടാരക്കര വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത് സ്കൂള്‍ മാനേജര്‍ ബാലകൃഷ്ണപിള്ളയും മകന്‍ഗണേഷ്കുമാറും നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചാല്‍ മാത്രമേ നിഷ്പക്ഷമായ അന്വേഷണം സാധ്യമാവുകയുള്ളൂ. ഒരുവര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ സുഖചികിത്സയിലാണുള്ളത്. ഗൂഢാലോചന നടത്താന്‍ അവിടെ ആവശ്യത്തിന് സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ അദ്ധ്യാപകനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎസിനോടൊപ്പം പി കെ ഗുരുദാസനും സി ദിവാകരനും ആശുപത്രിയിലെത്തിയിരുന്നു. ഡോക്ടറോട് അസുഖ വിവരം അന്വേഷിച്ച അദ്ദേഹം ബന്ധുക്കളെ ആശ്വസിപ്പിച്ചു. കൊട്ടാരക്കരയില്‍ അധ്യാപകനെ നിഷ്ഠുരമായി ആക്രമിച്ച കേസില്‍ മന്ത്രി ഗണേശ്കുമാറിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് സ്ഥലം എംഎല്‍എ ഐഷ പോറ്റി നിയമസഭയിലും ആവശ്യപ്പെട്ടു. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് അവര്‍ പറഞ്ഞു. അതേസമയം പ്രതികളെ ലക്ഷ്യമിട്ടാണ് അന്വേഷണം നീങ്ങുന്നതെന്നും രാഷ്ട്രീയം നോക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വാളകത്ത് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് തല്ലി

കൊട്ടാരക്കര: വാളകത്ത് അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ്മര്‍ദ്ദിച്ചു.എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെയാണ് മര്‍ദ്ദിച്ചത്. വാളകം ആര്‍വി ഹയര്‍സെക്കന്ററി സ്കൂളിലേക്കുള്ള റോഡില്‍വച്ചു തന്നെ പൊലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് വാളകം എസ്ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി ലാത്തിച്ചാര്‍ജുചെയ്തു. എസ്എഫ്ഐ ജില്ലാപ്രസിഡന്റടക്കം ഏഴുവിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്.വ്യാഴാഴ്ച രാവിലെ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ നേരിടാന്‍ വന്‍പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.സമാധാനപരമായി പ്രകടനം നയിച്ചെത്തിയവരെ മുന്നറിയിപ്പില്ലാതെയാണ് തല്ലിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെ വാളകം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.എഐഎസ്എഫ് പ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചു.

പിള്ളയുടെ സ്കൂളില്‍ അധ്യാപകനെതിരെ മുമ്പും വധഭീഷണി

കൊല്ലം: അക്രമിസംഘം കൊല്ലാന്‍ ശ്രമിച്ച വാളകം ആര്‍വിവി എച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെതിരായ ആക്രമണവും ഭീഷണിയും മുമ്പും. കൃഷ്ണകുമാറിനെ മര്‍ദിച്ചതിന് സ്കൂള്‍ മാനേജരായ ആര്‍ ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനും സ്കൂളിലെ ജീവനക്കാരനുമായ ബാബുവിനെതിരെ അഞ്ചല്‍ പൊലീസില്‍ കേസ് നിലവിലുണ്ട്. പിള്ള സ്കൂളില്‍ നേരിട്ടെത്തി മറ്റ് അധ്യാപകരുടെയും ജീവനക്കാരുടെയും മുന്നില്‍ കൃഷ്ണകുമാറിനും ഭാര്യ കെ ആര്‍ ഗീതയ്ക്കുമെതിരെ പലവട്ടം ഭീഷണി മുഴക്കിയിരുന്നു. സ്കൂളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് വന്നശേഷവും കൃഷ്ണകുമാറിനെതിരെ ഫോണിലും ഭീഷണിയുണ്ടായി. അധ്യാപകനെ ആക്രമിച്ച ചൊവ്വാഴ്ച പകല്‍ മന്ത്രി കെ ബി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം സ്കൂളിലെത്തിയിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യയും അതേ സ്കൂളിലെ അധ്യാപികയുമായ കെ ആര്‍ ഗീതയ്ക്ക് അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കാന്‍ പിള്ള തയ്യാറായിരുന്നില്ല. ഹെഡ്മിസ്ട്രസായി പ്രൊമോഷന്‍ നല്‍കാത്ത സ്കൂള്‍മാനേജരുടെ നിലപാടിനെതിരെ ഒരു വര്‍ഷംമുമ്പ് കെ ആര്‍ ഗീത വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി. പ്രൊമോഷന്‍ നല്‍കണമെന്ന ഡയറക്ടറുടെ ഉത്തരവും പിള്ള പാലിച്ചില്ല. ഒന്നര വര്‍ഷത്തോളം അധ്യാപികയ്ക്ക് ശമ്പളവും നിഷേധിച്ചു. തുടര്‍ന്ന് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവുണ്ടായിട്ടും ഹെഡ്മിസ്ട്രസിന്റെ കസേരയില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. പിള്ളയുടെ വിശ്വസ്തനായ മറ്റൊരു അധ്യാപകനാണ് ഫയലുകള്‍ കൈകാര്യംചെയ്തിരുന്നത്. സ്കൂളിലെ ക്രമക്കേടിനെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നശേഷവും കൃഷ്ണകുമാറിനെതിരെ നിരവധി തവണ മൊബൈല്‍ഫോണില്‍ ഭീഷണി വന്നു.

വിദ്യാഭ്യാസ സംരക്ഷണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്. വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കൃത്രിമംകാട്ടിയതും അധ്യാപക- അനധ്യാപക നിയമനത്തിലെ ക്രമക്കേടും അന്വേഷണത്തില്‍ കണ്ടെത്തി. 2007-08 വര്‍ഷത്തെ തലയെണ്ണലിലാണ് വ്യാപക ക്രമക്കേട് നടന്നത്. സ്കൂളില്‍ 2471 കുട്ടികളും 59 ഡിവിഷനും ഉണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തി കൊട്ടാരക്കര ഡിഇഒ ഉത്തരവായിരുന്നു. എന്നാല്‍ , രണ്ടു മാസത്തിനുശേഷം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍നിന്നുള്ള സൂപ്പര്‍ചെക്ക്സെല്‍ നടത്തിയ പരിശോധനയില്‍ 461 കുട്ടികള്‍ കുറവാണെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി-അധ്യാപക അനുപാതം കണക്കാക്കി ഡിപിഐക്ക് റിപ്പോര്‍ട്ട് നല്‍കി. വിജിലന്‍സ് അന്വേഷണത്തില്‍ സമീപത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് എണ്ണം തികയ്ക്കാന്‍ കൊണ്ടുവന്നതെന്ന് തെളിഞ്ഞു. സ്കൂളില്‍ 1054 കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നുണ്ടെന്ന സ്കൂള്‍ അധികൃതരുടെ അവകാശവാദം കളവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 300 കുട്ടികള്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയിരുന്നതെന്നും അഡ്മിഷന്‍ രജിസ്റ്ററിലും അറ്റന്‍ഡന്‍സ് രജിസ്റ്ററിലും തിരിമറി നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ മാര്‍ച്ച് 23നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചശേഷം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജൂണ്‍ ഏഴിന് ചീഫ് സെക്രട്ടറി ഡിപിഐക്ക് നിര്‍ദേശവും നല്‍കി. എന്നാല്‍ , പിള്ളയുടെയും മന്ത്രിയായ മകന്‍ കെ ബി ഗണേശ്കുമാറിന്റെയും സ്വാധീനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപടിയെടുത്തില്ല.

deshabhimani

3 comments:

  1. കൊട്ടാരക്കര വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത് സ്കൂള്‍ മാനേജര്‍ ബാലകൃഷ്ണപിള്ളയും മകന്‍ഗണേഷ്കുമാറും നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചാല്‍ മാത്രമേ നിഷ്പക്ഷമായ അന്വേഷണം സാധ്യമാവുകയുള്ളൂ.

    ReplyDelete
  2. കൊട്ടാരക്കര വാളകത്ത് അദ്ധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ പ്രമുഖനായ നേതാവിന്റെ പേര് പറഞ്ഞുകേള്‍ക്കുന്നതിനാല്‍ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തില്‍ നീതിപൂര്‍വ്വവുമായ അന്വേഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. പൊലീസില്‍ നല്ലവരും മോശപ്പെട്ടവരുമുണ്ട്. അതിനാല്‍ അന്വേഷണസംഘത്തെ തീരുമാനിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

    ReplyDelete
  3. വാളകം ആര്‍വിഎച്ച്എസ്എസില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിതരണത്തില്‍ വ്യാപക തിരിമറി നടക്കുന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. 1054 കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നുണ്ടെന്നാണ് സ്കൂള്‍ അധികൃതര്‍ കൊട്ടാരക്കര അഡീഷണല്‍ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അത്രയും കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യത്തിന് അനുമതിയും നല്‍കി. എന്നാല്‍ , 300 കുട്ടികള്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ചില ദിവസങ്ങളില്‍ ഉച്ചഭക്ഷണം നല്‍കാറുമില്ലായിരുന്നു. ഇതേ തുടര്‍ന്ന് ഹെഡ്മിസ്ട്രസിനെയും ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള മറ്റൊരു അദ്ധ്യാപകനെയും സസ്പെന്‍ഡ് ചെയ്തു. ഉച്ചക്കഞ്ഞിക്കുള്ള അരി മാനേജരുടെ വീട്ടിലെ ആനയ്ക്ക് നല്‍കാനായി കടത്തുന്നെന്നായിരുന്നു ആക്ഷേപം.

    ReplyDelete