Saturday, September 24, 2011

നൊമ്പരങ്ങളുടെ കെട്ടഴിച്ച് മണ്ണിന്റെ മക്കള്‍ ; ആശ്വാസസ്പര്‍ശമായി വൃന്ദ

കല്‍പ്പറ്റ: അടിച്ചമര്‍ത്തപ്പെടുന്നവനു നീതിതേടി പൊരുതുന്ന പ്രിയനേതാവിനെ മണ്ണിന്റെ മക്കള്‍ വരവേറ്റത് സ്നേഹവായ്പോടെയും നിലയ്ക്കാത്ത മുദ്രാവാക്യങ്ങളോടെയും. ഓരോ വാക്കും നിറഞ്ഞ കൈയടിയോടെ അവര്‍ ഏറ്റുവാങ്ങി. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ സന്ദര്‍ശനം അക്ഷരാര്‍ഥത്തില്‍ വയനാട്ടിലെ ആദിവാസികളെയും പ്ലാന്റേഷന്‍ തൊഴിലാളികളെയും ആവേശഭരിതരാക്കി. കല്‍പ്പറ്റയിലെ ഓണിവയല്‍ കോളനിയും എകെഎസ് സമര കേന്ദ്രമായ മുട്ടില്‍ പഴശി കോളനിയും ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കൈവശംവച്ചിരിക്കുന്ന അധിക ഭൂമിയും എസ്റ്റേറ്റ് പാടികളും വൃന്ദ സന്ദര്‍ശിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയും സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവിയും ഒപ്പമുണ്ടായിരുന്നു.

രാവിലെ പതിനൊന്നോടെ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്റെ ചുണ്ടേല്‍ പാടിയിലെത്തിയ വൃന്ദയെ ആദിവാസികളും തൊഴിലാളികളുമടങ്ങുന്ന ജനാവലി മുദ്രാവാക്യങ്ങളുമായി എതിരേറ്റു. ഇടിഞ്ഞുപൊളിയാറായ പാടികളില്‍ കയറിയിറങ്ങിയ വൃന്ദ യാതനകള്‍ നേരിട്ടറിഞ്ഞു. നാനൂറോളം തൊഴിലാളികള്‍ താമസിക്കുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന് അവര്‍ പറഞ്ഞു. ഇവിടെ പണിയെടുക്കുന്ന ഭൂരഹിതരായവര്‍ക്ക് ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കൈവശംവച്ച അധികഭൂമി വിതരണം ചെയ്യണം. ഇവരുടെ മോശമായ ജീവിതാവസ്ഥയും കൂലിയും പരിഷ്കരിക്കാന്‍ സിപിഐ എമ്മും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ശക്തമായി ഇടപെടുമെന്നും വൃന്ദ പറഞ്ഞപ്പോള്‍ ആവേശംനിറഞ്ഞ കൈയടിമുഴങ്ങി.

പകല്‍ 12ന് ഓണിവയല്‍ ആദിവാസി കോളനിയിലെത്തിയ പ്രിയനേതാവിനെ നാടൊന്നാകെ എതിരേറ്റു. കോളനി നിവാസികളുടെ സുഖദുഃഖങ്ങള്‍ പങ്കുവച്ച് വീടുകള്‍ കയറിയിറങ്ങി വൃന്ദ അവരിലൊരാളായി. 17 കുടുംബങ്ങളില്‍ അഞ്ചു പേര്‍ക്ക് മാത്രമേ ബിപിഎല്‍ കാര്‍ഡുള്ളൂവെന്നറിഞ്ഞ വൃന്ദ പൊളിയാറായ കുടിലില്‍ കഴിയുന്ന വെള്ളിയുടെയും ആണ്ടിയുടെയും എപിഎല്‍ കാര്‍ഡ് വാങ്ങി അമ്പരപ്പോടെ നോക്കി. ബിപിഎല്‍ -എപിഎല്‍ വിഭജനം അവസാനിപ്പിക്കണമെന്നും പാവപ്പെട്ട ആദിവാസികളെ എപിഎല്‍ ആക്കുന്നത് നിയമത്തെ പരിഹസിക്കുന്നതിനു തുല്യമാണെന്നും അവര്‍ പറഞ്ഞു. എകെഎസിന്റെ സമരഭൂമിയായ മുട്ടില്‍ പഞ്ചായത്തിലെ പഴശി കോളനിയിലെത്തുമ്പോള്‍ വെന്തുരുകുന്ന വെയില്‍ വകവയ്ക്കാതെ കാത്തിരിക്കുകയായിരുന്നു കോളനിവാസികള്‍ . കുരുത്തോല തോരണങ്ങളും ചെങ്കൊടിയും വിതാനിച്ച വഴികളിലൂടെ പഴശി കോളനിയെന്ന ചരിത്രഭൂമിയിലേക്ക്.

"ഈ മണ്ണിലൂടെ നടക്കുമ്പോള്‍ അഭിമാനമുണ്ട്. ആദിവാസി സമൂഹത്തിന് ഇനിയും ഒരുപാട് അവകാശങ്ങള്‍ നേടാനുണ്ട്. ഇവിടെ കൃഷി ചെയ്യാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വേണം. കിലോക്ക് രണ്ടു രൂപ നിരക്കില്‍ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും പ്രതിമാസം 35 കിലോ അരി ലഭിക്കണം. ഇത് തീര്‍ത്തും പരിമിതമായ ആവശ്യമാണ്. ഇതിനാവണം അടുത്ത പോരാട്ടം" ആദിവാസി കുടിലില്‍ നിന്നുള്ള ചായ കുടിച്ച് പ്രതിസന്ധികളില്‍ ചെങ്കൊടി മുറുകെ പിടിക്കാന്‍ ആഹ്വാനം ചെയ്താണ് അവര്‍ സന്ദര്‍ശനം അവസാനിപ്പിച്ചത്.

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി എ മുഹമ്മദ്, വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ , പി കൃഷ്ണപ്രസാദ്, സി ഭാസ്കരന്‍ , എം ഡി സെബാസ്റ്റ്യന്‍ , കെ സി കുഞ്ഞിരാമന്‍ , പി ഗഗാറിന്‍ , എം സെയ്ദ്, വി ഉഷാകുമാരി, രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

deshabhimani 240911

2 comments:

  1. അടിച്ചമര്‍ത്തപ്പെടുന്നവനു നീതിതേടി പൊരുതുന്ന പ്രിയനേതാവിനെ മണ്ണിന്റെ മക്കള്‍ വരവേറ്റത് സ്നേഹവായ്പോടെയും നിലയ്ക്കാത്ത മുദ്രാവാക്യങ്ങളോടെയും. ഓരോ വാക്കും നിറഞ്ഞ കൈയടിയോടെ അവര്‍ ഏറ്റുവാങ്ങി. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ സന്ദര്‍ശനം അക്ഷരാര്‍ഥത്തില്‍ വയനാട്ടിലെ ആദിവാസികളെയും പ്ലാന്റേഷന്‍ തൊഴിലാളികളെയും ആവേശഭരിതരാക്കി. കല്‍പ്പറ്റയിലെ ഓണിവയല്‍ കോളനിയും എകെഎസ് സമര കേന്ദ്രമായ മുട്ടില്‍ പഴശി കോളനിയും ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കൈവശംവച്ചിരിക്കുന്ന അധിക ഭൂമിയും എസ്റ്റേറ്റ് പാടികളും വൃന്ദ സന്ദര്‍ശിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയും സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവിയും ഒപ്പമുണ്ടായിരുന്നു.

    ReplyDelete