Monday, October 31, 2011

ചീഫ് വിപ്പ് ക്രിമിനല്‍ കുറ്റവാളി: പിണറായി


പാനൂര്‍(കണ്ണൂര്‍): ക്രിമിനല്‍ കുറ്റവാളിയായി കാണേണ്ടയാളെ ഭരണകക്ഷിയുടെ ചീഫ്വിപ്പായി കാണാന്‍ നിയമസഭക്കോ കേരളീയ സമൂഹത്തിനോ സാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എ കെ ബാലന്‍ എംഎല്‍എയെ പൊതുവേദിയില്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ചതുവഴി പിഴയും തടവും അനുഭവിക്കേണ്ട കുറ്റകൃത്യമാണ് പി സി ജോര്‍ജ് നടത്തിയത്. തെറിയില്‍ ഡോക്ടറേറ്റുള്ളയാളാണ് ചീഫ് വിപ്പ്. ഐ വി ദാസ് ഒന്നാം ചരമദിനാചരണത്തോടനുബന്ധിച്ച് പാത്തിപ്പാലത്തുചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. ചീഫ്വിപ്പിന്റെ കണ്ണില്‍ എല്ലാവരും വിവരംകെട്ടവരാണ്. ഓരോരുത്തരെയും പേരെടുത്ത് വിവരംകെട്ടവനെന്നാണ് വിളിക്കുന്നത്. പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം ജോര്‍ജിനെതിരെ കേസെടുക്കണം. ആത്മാര്‍ഥതയോടെയല്ല മന്ത്രി ഗണേശ്കുമാര്‍ ഖേദപ്രകടനം നടത്തിയത്. വി എസിന്റെ പ്രായത്തെക്കുറിച്ചാണ് അപ്പോഴും പറഞ്ഞത്. വ്യവസ്ഥകളോടെയായിരുന്നു ഖേദപ്രകടനം. കേരളത്തിന്റെ പൊതുസാംസ്കാരിക നിലപാടിനോട് യോജിക്കാന്‍ കഴിയാത്ത മനുഷ്യന് എങ്ങനെ മന്ത്രിയായി തുടരാനാകും. ഈ ഖേദപ്രകടനം കൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല - പിണറായി പറഞ്ഞു.

മന്ത്രിക്കും വിപ്പിനും പെരുമാറ്റച്ചട്ടം കോണ്‍ഗ്രസ് ശുപാര്‍ശചെയ്യും

മന്ത്രിമാര്‍ക്കും ഗവണ്‍മെന്റ് ചീഫ്വിപ്പിനും പെരുമാറ്റച്ചട്ടമേര്‍പ്പെടുത്താന്‍ കെപിസിസി ഭരണ-സംഘടന ഏകോപനസമിതി യോഗം ശുപാര്‍ശചെയ്തേക്കും. തിങ്കളാഴ്ചയാണ് യോഗം. മന്ത്രി ഗണേശ് കുമാറിന്റെയും പി സി ജോര്‍ജിന്റെയും അതിരുവിട്ട പ്രസംഗങ്ങളും പ്രതികരണങ്ങളും യുഡിഎഫ് ഭരണത്തെ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കയാണ്. അതിരുവിടുന്നവര്‍ക്ക് മൂക്കുകയര്‍ ഇടണമെന്നാണ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരായ ഗണേശ്കുമാറിന്റെ പരാമര്‍ശം മര്യാദയുടെ സര്‍വ സീമകളെയും ലംഘിച്ചു. എ കെ ബാലന് എതിരായ ജോര്‍ജിന്റെ പരാമര്‍ശം തികഞ്ഞ നിയമലംഘനമാണെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്. ഏതെങ്കിലും നിയമസംവിധാനത്തില്‍നിന്ന് പ്രതികൂലപരാമര്‍ശം വന്നാല്‍ ഇവരെ കൈവിടണമെന്ന അഭിപ്രായം ചില നേതാക്കള്‍ക്കുണ്ട്. എന്നാല്‍ , നിയമസഭയില്‍ നേരിയ ഭൂരിപക്ഷമേ ഉള്ളൂ എന്നതിനാല്‍ ഇവരെ കൈയൊഴിയാന്‍ കഴിയില്ലെന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട്.

മന്ത്രിമാര്‍ക്കും ചീഫ്വിപ്പിനും പെരുമാറ്റച്ചട്ടത്തിനുള്ള കെപിസിസി ഏകോപനസമിതി ശുപാര്‍ശ ബുധനാഴ്ച ചേരുന്ന യുഡിഎഫ് ഉന്നതതലയോഗം ചര്‍ച്ചചെയ്യും. ഇതിനോട് മറ്റു ഘടകകക്ഷി നേതാക്കളും യോജിക്കാനാണ് സാധ്യത. അതേസമയം, എല്‍ഡിഎഫിന് എതിരായ രാഷ്ട്രീയസമരം ശക്തമാക്കണമെന്നും മുന്നണി നിര്‍ദേശിക്കും. ബോര്‍ഡ്-കോര്‍പറേഷന്‍ പുനസംഘടനയും തര്‍ക്കവും സമിതി ചര്‍ച്ചചെയ്യും. ഓരോ ഘടകകക്ഷിയുടെയും കോര്‍പറേഷന്‍ ബോര്‍ഡുകളുടെ എണ്ണത്തിന് ബുധനാഴ്ചത്തെ യോഗം അന്തിമതീരുമാനം എടുത്തേക്കും. ബോര്‍ഡ്-കോര്‍പറേഷന്‍ വിഹിതം കോണ്‍ഗ്രസില്‍ ഓരോ ഗ്രൂപ്പിനും എത്രയെന്നത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുള്ള ചര്‍ച്ചയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. പക്ഷേ, ഇതുപ്രകാരം പേരുകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിലും പൊട്ടിത്തറി ചെറുതാവില്ല.

വിവാദ പ്രസംഗം യുഡിഎഫ് ചര്‍ച്ചചെയ്യും: ചെന്നിത്തല

കൊച്ചി: ചീഫ് വിപ്പ് പി സി ജോര്‍ജിന്റെയും മന്ത്രി കെ ബി ഗണേശ്കുമാറിന്റെയും വിവാദ പ്രസ്താവനകള്‍ അടുത്ത യുഡിഎഫ് യോഗം ചര്‍ച്ചചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കെപിഎസ്ടിയു ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യാനെത്തിയ ചെന്നിത്തല മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പ്രശ്നത്തെ രാഷ്ട്രീയപോരാട്ടത്തിലേക്കു കൊണ്ടുപോകാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെങ്കില്‍ രാഷ്ട്രീയമായിത്തന്നെ നേരിടും. ഗണേശും മുഖ്യമന്ത്രിയും മറ്റുള്ളവരും വിവാദ പ്രസ്താവനയുടെ പേരില്‍ ഖേദംപ്രകടിപ്പിച്ചു. പൊതുപ്രവര്‍ത്തനമണ്ഡലത്തിലുള്ള എല്ലാവരും സംസാരം സൂക്ഷിക്കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി കൈക്കൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു.

ഉത്തരവാദപ്പെട്ടവരുടെ നാവ് പിഴയ്ക്കരുത്: ഷിബു ബേബിജോണ്‍

ശൂരനാട്: ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരുടെ നാവ് പിഴയ്ക്കാന്‍ പാടില്ലെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ . മന്ത്രി കെ ബി ഗണേശ്കുമാറിനെയും ചീഫ്വിപ്പ് പി സി ജോര്‍ജിനെയും പേരെടുത്ത് പറയാതെയാണ് ഷിബു ബേബിജോണിന്റെ പ്രതികരണം. ശൂരനാട് തെക്ക് പതാരത്ത് ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആരും പറഞ്ഞതിലെ ശരിയും തെറ്റും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി.

അധ്യാപകന്റെ ബന്ധുക്കള്‍ മന്ത്രിക്കെതിരെ നിയമനടപടിക്ക്

പത്തനാപുരത്ത് മന്ത്രി ഗണേശ്കുമാറും പി സി ജോര്‍ജും നടത്തിയ വിവാദ പ്രസംഗത്തിനെതിരെ വാളകം ആര്‍വിവിഎച്ച്എസ്എസ് അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ബന്ധുക്കളും നിയമനടപടി ആലോചിക്കുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി ആലോചിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കൃഷ്ണകുമാറിന്റെ ഭാര്യാ സഹോദരന്‍ ഡോ. അജിത് പ്രസാദ് പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ നിന്ദ്യമായ ഭാഷയില്‍ അപമാനിച്ച പത്തനാപുരം പ്രസംഗത്തില്‍ ഗണേശ്കുമാറും പി സി ജോര്‍ജും കൃഷ്ണകുമാറിനെയും അവഹേളിച്ചിരുന്നു. വാളകത്ത് ക്രൂരമായ അക്രമത്തിനിരയായ കൃഷ്ണകുമാര്‍ ലൈംഗികവേഴ്ചയ്ക്ക് പോയതാണെന്ന് സൂചിപ്പിക്കുന്ന, അറപ്പുളവാക്കുന്ന വാക്കും പ്രയോഗിച്ചു. കൃഷ്ണകുമാര്‍ കാണാന്‍ പോയ ജ്യോത്സ്യനു നേര്‍ക്കും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം ചൊരിഞ്ഞു. പി സി ജോര്‍ജും ഇതേ രീതിയില്‍ അധ്യാപകനെ ആക്ഷേപിച്ചു.

deshabhimani 311011

1 comment:

  1. ക്രിമിനല്‍ കുറ്റവാളിയായി കാണേണ്ടയാളെ ഭരണകക്ഷിയുടെ ചീഫ്വിപ്പായി കാണാന്‍ നിയമസഭക്കോ കേരളീയ സമൂഹത്തിനോ സാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എ കെ ബാലന്‍ എംഎല്‍എയെ പൊതുവേദിയില്‍ ജാതിപറഞ്ഞ് അധിക്ഷേപിച്ചതുവഴി പിഴയും തടവും അനുഭവിക്കേണ്ട കുറ്റകൃത്യമാണ് പി സി ജോര്‍ജ് നടത്തിയത്.

    ReplyDelete