Thursday, October 27, 2011

രണ്ടു പാര്‍ടിയില്‍ അംഗത്വം അഹമ്മദ് പ്രതിസന്ധിയില്‍

ഒരേസമയം രണ്ടു രാഷ്ട്രീയ പാര്‍ടിയില്‍ അംഗമായി തുടരുന്നതിനാല്‍ അയോഗ്യനാക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിനോട് വിശദീകരണം തേടി.മറുപടി നല്‍കുന്നതിന് കമീഷന്‍ അഹമ്മദിന് അനുവദിച്ച സമയപരിധി നവംബര്‍ അഞ്ചിന് അവസാനിക്കും.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ടിയുടെ ദേശീയ അധ്യക്ഷനായിരിക്കുന്നതോടൊപ്പം മുസ്ലിംലീഗ് കേരള സംസ്ഥാനസമിതിയുടെ പ്രതിനിധിയായി അഹമ്മദ് ലോക്സഭാ അംഗമായി തുടരുന്നതാണ് അഹമ്മദിനെ പ്രതിസന്ധിയിലാക്കിയത്. ഇതു ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് തമിഴ്നാട് ഘടകം പ്രസിഡന്റ് എം ജി ദാവൂദ് മിയാഖാന്‍ നല്‍കിയ പരാതിയിലാണ് കമീഷന്റെ നടപടി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും (ഐയുഎംഎല്‍) മുസ്ലിം ലീഗ് കേരള സംസ്ഥാനസമിതിയും തെരഞ്ഞെടുപ്പു കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ടീയ പാര്‍ടികളാണ്. മുസ്ലിംലീഗ് കേരള സംസ്ഥാനസമിതിയുടെ സ്ഥാനാര്‍ഥിയായാണ് അഹമ്മദ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, 2008ല്‍ അഹമ്മദ് ഐയുഎംഎല്‍ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒരേസമയം എങ്ങനെ രണ്ടു രാഷ്ട്രീയ പാര്‍ടിയില്‍ അംഗമായി തുടരുന്നെന്നാണ് തെരഞ്ഞെടുപ്പു കമീഷന്‍ അഹമ്മദിനോട് ആരാഞ്ഞത്. ഇതേ പ്രശ്നം തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ എംപി കെ എം ഖാദര്‍ മൊഹിദീനും നേരിടുന്നുണ്ട്. ഐയുഎംഎല്‍ ജനറല്‍സെക്രട്ടറിയായ മൊഹിദീനോടും കമീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.
ജനപ്രാതിനിധ്യ നിയമത്തിന്റെ 29എ വകുപ്പു പ്രകാരം ഒരു രാഷ്ട്രീയ പാര്‍ടിയില്‍ അംഗമായ വ്യക്തി തെരഞ്ഞെടുപ്പു കമീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു പാര്‍ടിയിലൊന്നും അംഗമാകാന്‍ പാടില്ല. നിയമലംഘനം തെളിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് അയോഗ്യനാക്കപ്പെടും. രണ്ടു പാര്‍ടിയില്‍ അംഗമായി തുടരുന്നെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് ജൂലൈ ഏഴിനാണ് കമീഷന്‍ അഹമ്മദിനു കത്തുനല്‍കിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നടപടിയിലേക്ക് കടക്കുമെന്നും കമീഷന്‍ അറിയിച്ചിരുന്നു. കത്ത് ലഭിച്ച അഹമ്മദ് മറുപടി നല്‍കാന്‍ മൂന്നുമാസം സാവകാശം തേടി. അഭ്യര്‍ഥന അനുവദിച്ച കമീഷന്‍ മൂന്നുമാസത്തിനകം മറുപടി ലഭിക്കണമെന്നും അതല്ലെങ്കില്‍ തൃപ്തികരമായ മറുപടി ഇല്ലെന്നു കണക്കാക്കി നടപടി സ്വീകരിക്കുമെന്നും അറിയിച്ച് ആഗസ്ത് അഞ്ചിനു അഹമ്മദിന് വീണ്ടും കത്തുനല്‍കുകയായിരുന്നു. അഹമ്മദിനെതിരെ നടപടി ആവശ്യപ്പെട്ട് കമീഷനെ കാണുമെന്ന് ദാവൂദ് മിയാഖാന്‍ അറിയിച്ചു.

deshabhimani news

1 comment:

  1. ഒരേസമയം രണ്ടു രാഷ്ട്രീയ പാര്‍ടിയില്‍ അംഗമായി തുടരുന്നതിനാല്‍ അയോഗ്യനാക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പു കമീഷന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിനോട് വിശദീകരണം തേടി.മറുപടി നല്‍കുന്നതിന് കമീഷന്‍ അഹമ്മദിന് അനുവദിച്ച സമയപരിധി നവംബര്‍ അഞ്ചിന് അവസാനിക്കും.

    ReplyDelete