Saturday, October 29, 2011

ഉപഭോക്താക്കളെ പിഴിഞ്ഞും ക്ഷീരകര്‍ഷകരെ വഞ്ചിച്ചും മില്‍മ ലാഭം കൊയ്യുന്നു

ഉപഭോക്താക്കളെ പിഴിഞ്ഞും  ക്ഷീര കര്‍ഷകരെയും വഞ്ചിച്ചും മില്‍മ ലാഭം കൊയ്യുന്നു. ക്ഷീരകര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ പാല്‍ വില ഹൈക്കോടതി ഇടപെടലിലൂടെ വര്‍ദ്ധിപ്പിച്ചിട്ടും കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് നിശ്ചയിച്ച 4.20 രൂപയുടെ ഗുണം ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.

മില്‍മ വില്‍ക്കുന്ന പായ്ക്കറ്റ് പാലിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കുമ്പോള്‍ 4.20 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നായിരുന്നു മില്‍മ അധികൃതര്‍ കോടതിയില്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ പാലിന്റെ കൊഴുപ്പിന്റെയും റീഡിംഗിന്റെയും പേരില്‍ കര്‍ഷകരെ വഞ്ചിക്കുന്ന സമീപനമാണ് മില്‍മയുടെ കീഴിലുള്ള പ്രാഥമിക ക്ഷീരസംഘങ്ങള്‍ സ്വീകരിക്കുന്നത്. ഇതുമൂലം രണ്ട് രൂപ മുതല്‍ മൂന്ന് രൂപ വരെ മാത്രമാണ് പാല്‍വില വര്‍ദ്ധനവിന് ശേഷം കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്‌സിഡിയും ഇന്‍സെന്റീവും നല്‍കി പാല്‍ വില വര്‍ദ്ധിപ്പിക്കാതെ കര്‍ഷകരെയും ഒപ്പം ഉപഭോക്താക്കളെയും സഹായിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.  എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍  പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ മില്‍മ സ്വയം തീരുമാനിക്കുകയായിരുന്നു. ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തതോടെയാണ് പാല്‍വില വര്‍ദ്ധനവ് കോടതിയുടെ പരിഗണനയില്‍ എത്തിയത്.

മില്‍മയുടെ പുതിയ ചാര്‍ട്ട് പ്രകാരം വില നിശ്ചയിച്ചിരിക്കുന്നത് പാലിന്റെ കൊഴുപ്പ് ആറ് പോയിന്റ് മുതലാണ്. എന്നാല്‍ സാധാരണ പാലിന്റെ കൊഴുപ്പ് മൂന്ന് പോയിന്റ് മുതലാണ് തുടങ്ങുന്നത്. ആറ് പോയിന്റ് കൊഴുപ്പിന്റെ വില നിശ്ചയിക്കുന്നതുകൊണ്ട് പ്രാഥമിക ക്ഷീരസംഘങ്ങള്‍ക്ക് ആറ് പോയിന്റ് കൊഴുപ്പില്‍ താഴെയുള്ള പാലിന്റെ വില സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിക്കാം. ഇവിടെയാണ് മില്‍മ ലാഭം കൊയ്യുന്നത്. എന്നാല്‍ പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്ക് കിട്ടുന്ന വില നിശ്ചയ ചാര്‍ട്ടില്‍ മൂന്ന് പോയിന്റ് കൊഴുപ്പ് മുതലുള്ള വില നിശ്ചയിച്ചിട്ടുമുണ്ട്.
പാല്‍വില വര്‍ദ്ധിച്ചതോടെ കര്‍ഷകര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവും കാലത്തീറ്റ സബ്‌സിഡിയും മില്‍മ ഉടനടി തന്നെ പിന്‍വലിക്കുകയും ചെയ്തു. ഇതുമൂലം പാല്‍വില വര്‍ദ്ധനവിന്റെ ഗുണം പൂര്‍ണ്ണമായും കര്‍ഷകര്‍ ലഭിക്കുന്നില്ല.

മില്‍മ ക്ഷീരകര്‍ഷകരെ രക്ഷപെടുത്താനെന്നപേരില്‍ നടത്തുന്ന വില വര്‍ദ്ധനവ് തട്ടിപ്പാണെന്ന് മുമ്പും തെളിഞ്ഞിട്ടുണ്ട്. മുമ്പ് മില്‍മയുടെ പായ്ക്കറ്റ് പാലിന് വില വര്‍ദ്ധിപ്പിച്ചപ്പോഴെല്ലാം വര്‍ദ്ധനവിന്റെ ഭൂരിഭാഗവും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് മില്‍മ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് പലപ്പോഴും വര്‍ദ്ധിപ്പിച്ച വില പൂര്‍ണ്ണതോതില്‍ നല്‍കാന്‍ മില്‍മ തയ്യാറായില്ല.

മില്‍മ വില്‍ക്കുന്ന പായ്ക്കറ്റ് പാലിനെക്കുറിച്ചും വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 25 രൂപയായിരുന്ന പാലിന്റെ വില ലിറ്ററിന് 30 രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഗുണനിലവാരം കുറഞ്ഞ പാലാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതെന്ന പരാതിക്ക് പരിഹാരം കാണാന്‍ സര്‍ക്കാരോ മില്‍മ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല. വെണ്ണയും നെയ്യും വേര്‍തിരിച്ച പാലാണ് പല നിറത്തിലുള്ള കവറുകളിലായി മില്‍മ ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇതിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കാറില്ല.

കേരളത്തില്‍ മില്‍മയ്ക്ക് ദിനംപ്രതി 12 ലക്ഷം ലിറ്റര്‍ പാല്‍ ആവശ്യമായിട്ടുണ്ട്. എന്നാല്‍ ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ മാത്രമമേ മില്‍മ സംഭരിക്കുന്നുള്ളൂ. സംസ്ഥാനത്തിന് ദിവസേന ആവശ്യമായ പാലിന്റെ പകുതിയില്‍ താഴെ മാത്രമാണ് മില്‍മ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്. ബാക്കി പാല്‍ തമിഴ്‌നാട് കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മില്‍മ വാങ്ങുകയാണ് ചെയ്യുന്നത്. ഗുണനിലവാരം കുറഞ്ഞ ഇത്തരം പാലിന് കര്‍ഷകര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടിയ വില അന്യസംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ മില്‍മയ്ക്ക് മടിയുമില്ല.

അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ മില്‍മ തയ്യാറാകുന്നില്ലെന്നും പരക്കെ പരാതിയുണ്ട്. സ്വകാര്യലാബുകളില്‍ നടത്തിയ പരിശോധനകളില്‍ അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന പാലും പാല്‍പ്പൊടിയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി തെളിഞ്ഞിട്ടും ലാഭകൊതി പൂണ്ട് കേരളത്തിലെ ക്ഷീരകര്‍ഷകരെയും ഉപഭോക്താക്കളെയും വഞ്ചിച്ച് അന്യസംസ്ഥാനത്ത് നിന്ന് പാലും പാല്‍പ്പൊടിയും വാങ്ങാനാണ് മില്‍മയ്ക്ക് താല്‍പര്യം.

ജനയുഗം 291011

1 comment:

  1. ഉപഭോക്താക്കളെ പിഴിഞ്ഞും ക്ഷീര കര്‍ഷകരെയും വഞ്ചിച്ചും മില്‍മ ലാഭം കൊയ്യുന്നു. ക്ഷീരകര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ പാല്‍ വില ഹൈക്കോടതി ഇടപെടലിലൂടെ വര്‍ദ്ധിപ്പിച്ചിട്ടും കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് നിശ്ചയിച്ച 4.20 രൂപയുടെ ഗുണം ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.

    ReplyDelete