Saturday, October 29, 2011

വര്‍ഗീയത തടയാന്‍ സമുദായനേതാക്കള്‍ മുന്നോട്ടുവരണം: പിണറായി


ന്യൂനപക്ഷ വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ മുസ്ലിം സമുദായത്തിലെ മുതിര്‍ന്നവരും ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളിലിരിക്കുന്നവരും മുന്നോട്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയ- തീവ്രവാദ ശക്തികള്‍ക്ക് സമുദായ പ്രശ്നത്തില്‍ ഇടപെടാന്‍ എന്തവകാശമാണെന്ന് ചോദിക്കാനുള്ള തന്റേടം കാട്ടണം. മുസ്ലിംലീഗിനോട് ഇതുപറഞ്ഞിട്ട് കാര്യമില്ല. അവര്‍ എല്ലാ വര്‍ഗീയ, തീവ്രവാദ ശക്തികളെയും ഒപ്പം കൂട്ടിയതിന്റെ തിക്തഫലമാണ് നാടിപ്പോള്‍ അനുഭവിക്കുന്നത്. സിപിഐ എം ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ലീഗ് പൊതുയോഗങ്ങള്‍ അക്രമത്തില്‍ കലാശിക്കുന്നത് എന്തുകൊണ്ടാണെന്ന് നേതൃത്വം ആലോചിക്കണം. പൊതുയോഗം നിശ്ചയിക്കുമ്പോള്‍തന്നെ അക്രമം സംഘടിപ്പിക്കാനുള്ള അവസരമായി ഒരുവിഭാഗം കാണുകയാണ്. എന്തുകൊണ്ടാണ് ലീഗ് അണികള്‍ ഈ നിലയിലേക്ക് എത്തിയതെന്ന് പരിശോധിക്കണം. മുമ്പ് യോഗങ്ങള്‍ ചേരുമ്പോള്‍ ഈ അവസ്ഥയുണ്ടായിരുന്നില്ല. എന്‍ഡിഎഫിന്റെ വരവോടെയാണ് ലീഗിന് ഈ സ്വഭാവം കൈവന്നത്. തീവ്രവാദത്തിന്റെ ഭവിഷ്യത്ത് തുറന്നുകാട്ടി ഒറ്റപ്പെടുത്താന്‍ ബാധ്യതപ്പെട്ട ലീഗ് നേതൃത്വം അവരെ ഒപ്പം കൂട്ടുകയായിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയില്‍ നിലനില്‍ക്കുന്ന ആര്‍എസ്എസിനെ മാതൃകയാക്കിയാണ് എന്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. രണ്ടുകൂട്ടരും മനുഷ്യരെ മൃഗീയമായി കൊല്ലാനുള്ള പരിശീലനമാണ് നേടുന്നത്. അവരുടെ കേന്ദ്രത്തിലെത്തുന്ന കൊച്ചുകുട്ടികള്‍പോലും കൊടുംക്രിമിനലുകളായി മാറുന്നു. ഇഷ്ടംപോലെ പണവും ആയുധവും ഇവര്‍ക്ക് കിട്ടുന്നുണ്ട്. എല്ലാത്തിലും വര്‍ഗീയത മാത്രമാണ് ഇവര്‍ കാണുന്നത്.

ആര്‍എസ്എസിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്കിരയായത് സിപിഐ എം മാത്രമാണ്. എന്‍ഡിഎഫും ആക്രമിക്കുന്നത് സിപിഐ എമ്മിനെയാണ്. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്കൊണ്ടാണ് പാര്‍ടിക്കെതിരെ ഇരുകൂട്ടരും തിരിയാന്‍ കാരണം. എല്ലാതരത്തിലുള്ള വര്‍ഗീയതക്കും സിപിഐ എം എതിരാണ്. ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാമെന്ന് വിചാരിക്കുന്നത് അങ്ങേയറ്റം വിഡ്ഢിത്തമാണ്. അക്രമങ്ങളില്‍ പൊലീസ് സ്വീകരിക്കുന്ന നിസംഗതയും വര്‍ഗീയത വളരാനിടയാക്കി. അക്രമത്തിനിരയായവരുടെ മുന്നിലൂടെ കൊടുംക്രിമിനലുകള്‍ കൈയും വീശി നടക്കുന്ന അവസ്ഥയുണ്ടായാല്‍ എന്തുവികാരമാണ് സമൂഹത്തിലുണ്ടാവുകയെന്ന് അധികൃതരും ആലോചിക്കണം.

ലോകത്താകെ അമേരിക്കന്‍ സാമ്രാജ്യത്വം അവരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് തീവ്രവാദത്തെ വളര്‍ത്തിയ പശ്ചാത്തലത്തിലാണ് എന്‍ഡിഎഫിന്റെ വരവ്. അവരെ ഒപ്പംകൂട്ടിയ ലീഗ് ഫലത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണ്. പ്രാദേശികമായി നോക്കിയാല്‍ , കേസില്‍പ്പെടുന്ന എന്‍ഡിഎഫ് പ്രവര്‍ത്തകരെ രക്ഷിക്കാനെത്തുന്നത് പ്രമുഖ ലീഗ് നേതാക്കളാണ്. തീവ്രവാദവുമായി ലീഗിനുള്ള ബന്ധമാണ് ഇത് കാണിക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങളെ വര്‍ഗീയമാക്കാനുള്ള ശ്രമം കാഞ്ഞങ്ങാട്ടുണ്ടായതിനെയും ചെറുതായി കാണാനാവില്ല. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ വരുന്നവരെ കരുതിയിരിക്കണം. അക്രമങ്ങള്‍ക്ക് വര്‍ഗീയ നിറം പകരാനുള്ള ശ്രമങ്ങള്‍ക്കെതിരെ എല്ലാവിഭാഗവും ജാഗ്രത പാലിക്കണം- പിണറായി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി, കെ കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

deshabhimani 301011

No comments:

Post a Comment