Friday, October 28, 2011

എച്ച്എംടിയെ വളഞ്ഞവഴിയിലൂടെ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം: കെ എന്‍ രവീന്ദ്രനാഥ്

എച്ച്എംടിയെ വളഞ്ഞവഴിയിലൂടെ സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍നീക്കമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പറഞ്ഞു. എച്ച്എംടി സമരം 666 ദിവസം പൂര്‍ത്തിയാക്കിയ വ്യാഴാഴ്ച കളമശേരി പ്രീമിയര്‍ ജങ്ഷനില്‍ സംഘടിപ്പിച്ച തൊഴിലാളി-ബഹുജന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എച്ച്എംടിയുടെ സ്ഥലവും ഭരണനിര്‍വഹണവിഭാഗം കെട്ടിടവുംദുബായ് പോര്‍ട്ട് കമ്പനിക്ക് നല്‍കാനുള്ള നീക്കം സ്വകാര്യവല്‍ക്കരണത്തിനുള്ള മുന്നോടിയാണ്. ഇത്തരം നീക്കങ്ങളെ തൊഴിലാളികള്‍ ഐക്യത്തോടെ ചെറുക്കണം. തൊഴിലാളികളുടെ ആത്മാര്‍ഥമായ പരിശ്രമത്തില്‍ ഈ വര്‍ഷം കമ്പനി പ്രവര്‍ത്തന ലാഭത്തിലെത്തി. ഇത് തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുപകരം കമ്പനിയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് തൊഴിലാളികള്‍ തിരിച്ചറിയണം. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാകരുത് തൊഴിലാളി യൂണിയനുകളെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മൊത്തോല്‍പ്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയില്ലെങ്കില്‍ രാജ്യം ഗുരുതര സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരുമെന്ന് "പൊതുമേഖലാ വ്യവസായത്തിന്റെ പ്രസക്തി" എന്ന വിഷയത്തില്‍ സംസാരിച്ച ഡോ. എം പി സുകുമാരന്‍ നായര്‍ പറഞ്ഞു. പൊതുമേഖലയിലെ തുക മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിച്ച് സ്വകാര്യമേഖലയെ ശക്തിപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി, അമേരിക്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇന്ത്യയെയും കൊണ്ടെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എച്ച്എംടിയുടെ ഭൂമിക്കുവേണ്ടി ആര് അന്വേഷണം നടത്തിയാലും അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുതന്നെയാണെന്ന് എച്ച്എംടി ദേശീയ സമരസമിതി പ്രസിഡന്റ് കെ ചന്ദ്രന്‍പിള്ള പറഞ്ഞു. സ്ഥലം കമ്പനിയുടെ വികസനത്തിന് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നതുകൊണ്ടാണ് മറ്റുള്ളവര്‍ ഇതിനായി വരുന്നത്. സ്ഥലം മെഷീന്‍ ടൂള്‍സിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന് സര്‍ക്കാര്‍തന്നെ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തികപ്രതിസന്ധി ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് പി രാജീവ് എംപി പറഞ്ഞു. എച്ച്എംടിയെ സംരക്ഷിക്കേണ്ടത് ദേശീയ ആവശ്യമാണ്. ഇതിനുവേണ്ടിയുള്ള തൊഴിലാളികളുടെ സമരത്തിനൊപ്പം പാര്‍ലമെന്റിലുള്‍പ്പെടെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

സിഐടിയു മേഖലാ പ്രസിഡന്റ് പി എം അലി അധ്യക്ഷനായി. സമരസമിതി സെക്രട്ടറി ഡി സതീഷ്കുമാര്‍ ഭാവി പ്രക്ഷോഭപരിപാടികള്‍ വിശദീകരിച്ചു. സരോജിനി ബാലാനന്ദന്‍ , കെ എന്‍ ഗോപിനാഥ്, എ എം യൂസഫ്, അഡ്വ. മുജീബ് റഹ്മാന്‍ , അഡ്വ. ടി ബി മിനി, കെ ബി വര്‍ഗീസ്, സി കെ പരീത് എന്നിവര്‍ സംസാരിച്ചു. എച്ച്എംടി സമരം 666 ദിവസം പൂര്‍ത്തിയാക്കിയ വ്യാഴാഴ്ച "എച്ച്എംടി സംരക്ഷണദിന"മായി ആചരിച്ചതിന്റെ ഭാഗമായാണ് തൊഴിലാളി-ബഹുജന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. എച്ച്എംടി കവലയില്‍നിന്ന് പ്രീമിയര്‍ കവലയിലേക്ക് തൊഴിലാളി-ബഹുജന റാലിയും നടത്തി. എച്ച്എംടിയെ പൊതുമേഖലയില്‍ സംരക്ഷിക്കുക, 1997 മുതലുള്ള ശമ്പളപരിഷ്കരണം നടപ്പാക്കുക, പെന്‍ഷന്‍പ്രായം 60 ആയി പുനഃസ്ഥാപിക്കുക, കരാര്‍തൊഴിലാളികളെയും കാന്റീന്‍ തൊഴിലാളികളെയും കമ്പനിയിലെ സ്ഥിരംജീവനക്കാരായി നിയമിക്കുക, പുതിയ റിക്രൂട്ട്മെന്റ് നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് 2010 ജനുവരി ഒന്നിനാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.

deshabhimani 281011

1 comment:

  1. എച്ച്എംടിയുടെ സ്ഥലവും ഭരണനിര്‍വഹണവിഭാഗം കെട്ടിടവുംദുബായ് പോര്‍ട്ട് കമ്പനിക്ക് നല്‍കാനുള്ള നീക്കം സ്വകാര്യവല്‍ക്കരണത്തിനുള്ള മുന്നോടിയാണ്. ഇത്തരം നീക്കങ്ങളെ തൊഴിലാളികള്‍ ഐക്യത്തോടെ ചെറുക്കണം. തൊഴിലാളികളുടെ ആത്മാര്‍ഥമായ പരിശ്രമത്തില്‍ ഈ വര്‍ഷം കമ്പനി പ്രവര്‍ത്തന ലാഭത്തിലെത്തി. ഇത് തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുപകരം കമ്പനിയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് തൊഴിലാളികള്‍ തിരിച്ചറിയണം. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാകരുത് തൊഴിലാളി യൂണിയനുകളെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete