Saturday, October 29, 2011

അധ്യാപകനെ കൈകാര്യം ചെയ്തതാണെന്ന് ഗണേശ്

വാളകം ആര്‍വിവിഎച്ച്എസ് സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ കൈകാര്യംചെയ്തത് തന്നെയെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍ . സംഭവം അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാരും പൊലീസും കൊണ്ടുപിടിച്ച് ശ്രമിക്കവെയാണ് മന്ത്രിയുടെ വായില്‍നിന്ന് പത്തനാപുരത്ത് പൊതുയോഗത്തില്‍ ഓര്‍ക്കാപ്പുറത്ത് ഈ വെളിപ്പെടുത്തലുണ്ടായത്. പ്രസംഗത്തില്‍ വി എസിനെ ആക്ഷേപിക്കുന്നതിനിടെ, കൃഷ്ണകുമാറിനെ നാട്ടുകാര്‍ കൈകാര്യംചെയ്ത അതേ രീതിയില്‍ പണ്ട് വി എസ് അച്യുതാനന്ദനെ ആരെങ്കിലും കൈകാര്യംചെയ്തിട്ടുണ്ടാകുമെന്ന് ഗണേശ് പറഞ്ഞു. അപകടമല്ല, ആക്രമണമായിരുന്നുവെന്ന് ഈ സംഭവത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മന്ത്രി തന്നെ വെളിപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയെ ചോദ്യംചെയ്യേണ്ടി വരും. പ്രസംഗത്തില്‍ , ചികിത്സയില്‍ കഴിയുന്ന അധ്യാപകനു നേരെ നടത്തിയ ആക്ഷേപങ്ങളും വിവാദമായി. അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിനു പോയപ്പോഴാണ് അധ്യാപകന് അടികിട്ടിയതെന്ന് മന്ത്രി വിളിച്ചുപറഞ്ഞു. തന്റെ പിതാവ് ബാലകൃഷ്ണപിള്ളയുടെ സ്കൂളില്‍ ഉദ്യോഗം നോക്കുന്ന കൃഷ്ണകുമാറും ഭാര്യ ഗീതയും ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്നും പ്രസംഗിച്ചു.

മന്ത്രിക്കു പുറമെ ചീഫ് വിപ്പ് പി സി ജോര്‍ജും സമനില വിട്ടപോലെയാണ് പത്തനാപുരത്ത് പ്രസംഗിച്ചത്. ഇവര്‍ മനോനില കൈവിട്ട നിലയില്‍ പ്രസംഗിച്ചതില്‍ ദുരൂഹതയുണ്ട്. ഇവരുടെ മുഖഭാവവും ചേഷ്ടകളും പതിവില്‍നിന്നു വ്യത്യസ്തമായിരുന്നു. അധ്യാപകനെ കൈകാര്യംചെയ്തതാണെന്ന് മന്ത്രിതന്നെ പ്രസംഗിച്ചു നടക്കുമ്പോഴും ആള്‍ട്ടോ കാര്‍ തേടി പൊലീസ് അന്വേഷണം തുടരുകയാണ്. ശാസ്ത്രീയമായ അന്വേഷണം നടത്തിയാല്‍ പ്രതികളെ എളുപ്പം പിടികൂടാന്‍ കഴിയുമെങ്കിലും ആ വഴിക്കൊന്നും അന്വേഷിക്കുന്നില്ല. സംഭവദിവസം ഗണേശിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പ്രദീപ് വാളകം സ്കൂളില്‍ വന്നതും അയാളുടെ ആള്‍ട്ടോ കാര്‍ വീടിനടുത്ത റബര്‍തോട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയതും സംബന്ധിച്ചും അന്വേഷണമില്ല. അധ്യാപകനെ ആക്രമിച്ച ദിവസം സന്ധ്യമുതല്‍ നിലമേല്‍ , വാളകം ടവറുകളുടെ പരിധിയില്‍ നടന്ന ഫോണ്‍വിളികളുടെ വിശദാംശങ്ങളും പൊലീസ് തേടിയിട്ടില്ല.

മന്ത്രി ഗണേശ്കുമാറിനെ ചോദ്യംചെയ്യണം: ഡിവൈഎഫ്ഐ

കൊല്ലം: പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ വാളകം കേസില്‍ മന്ത്രി കെ ബി ഗണേശ്കുമാറിനെ പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്യണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. അധ്യാപകന്‍ കൃഷ്ണകുമാറിനെ കൈകാര്യംചെയ്തെന്നാണ് ഗണേശ്കുമാര്‍ പത്തനാപുരത്ത് പ്രസംഗിച്ചത്. അധ്യാപകന്റെ ആക്രമണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മന്ത്രി സമൂഹമധ്യത്തില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ആരാണ് അധ്യാപകനെ ആക്രമിച്ചത് എന്നതിനെക്കുറിച്ച് ഗണേശ്കുമാറിന് അറിവുണ്ടാകണം. അന്വേഷണത്തിലിരിക്കുന്ന ഒരു കേസ് സംബന്ധിച്ച് വഴിത്തിരിവാകുന്ന വെളിപ്പെടുത്തലാണ് ഉത്തരവാദപ്പെട്ട മന്ത്രി നടത്തിയത്.

കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച പൈശാചിക ആക്രമണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളില്‍ ഒരാളെപ്പോലും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ആക്രമണത്തെ അപകടമാക്കി മാറ്റാനും ശ്രമം നടന്നു. സംഭവത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പല കോണുകളില്‍നിന്ന് പ്രചരിപ്പിക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. അന്വേഷണം അട്ടിമറിക്കാന്‍ അനുവദിക്കില്ല. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരാന്‍ രാഷ്ട്രീയവും നിയമപരവുമായ എല്ലാ സാധ്യതകളും ഡിവൈഎഫ്ഐ ഉപയോഗപ്പെടുത്തും. കേസന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കങ്ങള്‍ക്കെതിരെ 1000 യുവതീയുവാക്കള്‍ കൊല്ലം പ്രസ്ക്ലബ് മൈതാനത്ത് 24 മണിക്കൂര്‍ സത്യഗ്രഹസമരം നടത്തും. നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സത്യഗ്രഹം ഉദ്ഘാടനംചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജെ ബിജു, സെക്രട്ടറി അഡ്വ. ജി മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

ഗണേഷ്കുമാറിനെതിരെ പരാതി കിട്ടിയാല്‍ കേസെടുക്കും: ഡിജിപി

കണ്ണൂര്‍ : മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ പത്തനാപുരം പ്രസംഗം സംബന്ധിച്ച് പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഇതുവരേയും കാണാനായിട്ടില്ല. ഇത് സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ മാത്രമാണ് ശ്രദ്ധയില്‍ പെട്ടതെന്നും ഡിജിപി പറഞ്ഞു. വിഎസിനെതിരായ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ ഗണേഷ്്കുമാറിനും പി സി ജോര്‍ജിനുമെതിരെ കേസെടുക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് കണ്ണൂരില്‍ പ്രതികരിക്കുകയായിരുന്നു ഡിജിപി.

വാളകം സംഭവത്തില്‍ നടന്ന കാര്യങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. സമഗ്രമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ നടന്നത്. ഇക്കാര്യം കോടതിയില്‍ അറിയിക്കും. കേസ് സിബിഐക്ക് വിടാനുള്ള നീക്കം പൊലീസ് വകുപ്പിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല. വന്നാല്‍ അതും പരിശോധിക്കും. കാസര്‍കോടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നേരിടാന്‍ പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഡിഐജിയുടെ റിപ്പോര്‍ട്ട് ഗൗരവത്തോടെ ചര്‍ച്ചചെയ്തിട്ടുണ്ട്. സാമ്പത്തീക ബാധ്യതയും പൊലീസിന്റെ അംഗബലവുമൊക്കെ പരിശോധിച്ചായിരിക്കും തുടര്‍നടപടി. കാസര്‍കോട് പൊലീസ് നടപടികളില്‍ പിഴവുണ്ടായിട്ടില്ലെന്നും ഡിജിപി പറഞ്ഞു. ഇന്ത്യ നേരിടുന്ന പ്രധാന സുരക്ഷാഭീഷണി നക്സല്‍ സാനിധ്യമാണ്. നക്സലുകള്‍ കേരളം താവളമാക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ട് പൊലീസ് ഗൗരവത്തോടെ പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.

deshabhimani 291011

1 comment:

  1. വാളകം ആര്‍വിവിഎച്ച്എസ് സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ കൈകാര്യംചെയ്തത് തന്നെയെന്ന് മന്ത്രി കെ ബി ഗണേശ്കുമാര്‍ . സംഭവം അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാരും പൊലീസും കൊണ്ടുപിടിച്ച് ശ്രമിക്കവെയാണ് മന്ത്രിയുടെ വായില്‍നിന്ന് പത്തനാപുരത്ത് പൊതുയോഗത്തില്‍ ഓര്‍ക്കാപ്പുറത്ത് ഈ വെളിപ്പെടുത്തലുണ്ടായത്. പ്രസംഗത്തില്‍ വി എസിനെ ആക്ഷേപിക്കുന്നതിനിടെ, കൃഷ്ണകുമാറിനെ നാട്ടുകാര്‍ കൈകാര്യംചെയ്ത അതേ രീതിയില്‍ പണ്ട് വി എസ് അച്യുതാനന്ദനെ ആരെങ്കിലും കൈകാര്യംചെയ്തിട്ടുണ്ടാകുമെന്ന് ഗണേശ് പറഞ്ഞു. അപകടമല്ല, ആക്രമണമായിരുന്നുവെന്ന് ഈ സംഭവത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മന്ത്രി തന്നെ വെളിപ്പെടുത്തുകയായിരുന്നു.

    ReplyDelete