Saturday, October 29, 2011

കേന്ദ്രനയം തിരുത്തുക: ബാങ്ക് ജീവനക്കാര്‍ നിയമസഭാമാര്‍ച്ച് നടത്തി

ബാങ്കിങ് മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ പൊതുമേഖലാ-സ്വകാര്യ-വിദേശ- സഹകരണ-ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ നിയമസഭാമാര്‍ച്ച് നടത്തി. പൊതുമേഖലാബാങ്കുകളെ സ്വകാര്യകുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതിനെതിരെ മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. പുതിയ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറുക, കോര്‍പറേറ്റ് അത്യാര്‍ത്തിക്ക് കേരളത്തെ വിട്ടുകൊടുക്കാതിരിക്കുക, വിലക്കയറ്റം തടയുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്കരണ നടപടിയില്‍നിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാര്‍ അണിനിരന്നു. ബാങ്കിങ് മേഖലയിലെ ഒമ്പത് സംഘടനകളുടെ സംയുക്തനേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

വ്യവസായ കുത്തകകള്‍ക്ക് യഥേഷ്ടം ബാങ്കുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍നയം രാജ്യത്തെ വന്‍പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന് മാര്‍ച്ചിനെ അഭിവാദ്യംചെയ്ത മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ബാങ്കിങ് മേഖലയിലെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ക്കെതിരെ രാഷ്ട്രീയഭേദമെന്യേ എതിര്‍പ്പ് ഉയരുകയാണ്. രാജ്യത്തിനുമേല്‍ അമേരിക്കയുടെ സമ്മര്‍ദമേറുകയാണ്. രാജ്യത്തിന്റെ ധനമേഖലയാണ് അമേരിക്കയുടെ ഉന്നം. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളെ കൈയിലൊതുക്കി ഈ ലക്ഷ്യം നേടാനാണ് അവര്‍ നോക്കുന്നത്. ഏതു വ്യവസായകുത്തകയ്ക്കും ബാങ്ക് തുടങ്ങാമെന്നതാണ് പുതിയ പരിഷ്കാരം. ഇത് അപകടത്തിലേക്കുള്ള പോക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം. പൊതുമേഖലാബാങ്കുകളെയും പുതുതലമുറ ബാങ്കുകളെയും ഒരുപോലെ കാണുന്ന സംസ്ഥാനസര്‍ക്കാരിന്റെ നയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ , എഐടിയുസി ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ , എ സമ്പത്ത് എംപി, പി വി ജോസ്(ബെഫി), കെ രാജീവ്(ഐഎന്‍ബിഇഎഫ്), ജോസണ്‍(എഐബിഇഎ), എബ്രഹാം ഷാജി ജോണ്‍(എഐബിഒസി), ടി എം പ്രകാശ്(എന്‍സിബിഇ), കെ സത്യനാഥന്‍(എഐബിഒഎ), എസ് സഞ്ജീവ്(ഐഎന്‍ബിഒസി), വി ബി അനന്തനാരായണന്‍(എന്‍ഒബിഡബ്ല്യു) എന്നിവര്‍ സംസാരിച്ചു.

deshabhimani 291011

1 comment:

  1. ബാങ്കിങ് മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തില്‍ പൊതുമേഖലാ-സ്വകാര്യ-വിദേശ- സഹകരണ-ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ നിയമസഭാമാര്‍ച്ച് നടത്തി. പൊതുമേഖലാബാങ്കുകളെ സ്വകാര്യകുത്തകകള്‍ക്ക് അടിയറവയ്ക്കുന്നതിനെതിരെ മാര്‍ച്ചില്‍ പ്രതിഷേധം അലയടിച്ചു. പുതിയ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍നിന്ന് പിന്മാറുക, കോര്‍പറേറ്റ് അത്യാര്‍ത്തിക്ക് കേരളത്തെ വിട്ടുകൊടുക്കാതിരിക്കുക, വിലക്കയറ്റം തടയുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്കരണ നടപടിയില്‍നിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാര്‍ അണിനിരന്നു. ബാങ്കിങ് മേഖലയിലെ ഒമ്പത് സംഘടനകളുടെ സംയുക്തനേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

    ReplyDelete