Sunday, October 30, 2011

വിലക്കയറ്റത്തിന് കാരണം വരുമാനവര്‍ദ്ധനവും ഉയര്‍ന്ന വേതനവുമെന്ന് കെ വി തോമസ്

രാജ്യവ്യാപകമായി ഭക്ഷ്യവിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ ഭക്ഷ്യവില സന്തുലിതമാണെന്നും ഉപഭോക്തൃ രീതിയിലെ മാറ്റവും ഉയര്‍ന്ന വേതനവുമാണ് ഭക്ഷ്യവിലക്കയറ്റത്തിന്റെ മുഖ്യ കാരണമെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി കെ വി തോമസ്. ഭക്ഷ്യ വിലക്കയറ്റം തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി യു പി എ അദ്ധ്യക്ഷ സോണിയ ഗാന്ധി തോമസുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഭക്ഷ്യ സുരക്ഷയ്ക്കായി പുതിയ നിയമം കൊണ്ടുവരുന്നതായിരുന്നു ഇവരുടെ ചര്‍ച്ചയുടെ മുഖ്യ അജണ്ട. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭക്ഷ്യ സുരക്ഷാ ബില്‍ താന്‍ സോണിയക്ക് വിവരിച്ചു കൊടുത്തുവെന്നും ഉയര്‍ന്ന വിലക്കയറ്റത്തില്‍ സോണിയക്ക് ആശങ്കയുണ്ടെന്നും തോമസ് പിന്നീട് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒക്‌ടോബര്‍ 15ന് അവസാനിച്ച ആഴ്ചയില്‍ കഴിഞ്ഞ ആറുമാസത്തെ ഏറ്റവും വലിയ വിലക്കയറ്റമായ 11.43 ശതമാനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഭക്ഷ്യ ധാന്യങ്ങളില്‍ വിലക്കയറ്റമില്ലെന്നും വില സുസ്ഥിരമാണെന്നുമാണ് സോണിയയോട് തോമസ് പറഞ്ഞത്. അതേസമയം ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ കാര്യത്തില്‍ വിലക്കയറ്റമുണ്ടെന്നും തോമസ് സോണിയയെ അറിയിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളായ പാല്‍, മാംസം, പച്ചക്കറി എന്നിവയുടെ വില വര്‍ദ്ധിക്കാന്‍ കാരണം ഉപഭോക്തൃ രീതിയിലെ മാറ്റവും ജനങ്ങള്‍ക്ക് വരുമാന വര്‍ദ്ധനവുണ്ടായതുമാണെന്നാണ് തോമസിന്റെ കണ്ടെത്തല്‍.

ഭക്ഷ്യ വിലക്കയറ്റത്തിനൊപ്പം വരുമാനം വര്‍ദ്ധിക്കാത്തത് ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നുവെന്ന വാദം ശക്തമായി നിലനില്‍ക്കെയാണ് തോമസിന്റെ ഈ കണ്ടെത്തല്‍. 2006-07ല്‍ 7 ശതമാനമായിരുന്ന ഭക്ഷ്യ വിലവര്‍ദ്ധനവ് 2010-11ല്‍ 14.5 ശതമാനമായെന്നും ഇപ്പോള്‍ അത് 8 മുതല്‍ 11 ശതമാനം വരെ താഴ്‌ന്നെന്നും മന്ത്രി നിരീക്ഷിക്കുന്നു. പ്രഖ്യാപിത ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ അന്തിമ രൂപം ഭക്ഷ്യ മന്ത്രാലയം അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകുമെന്നും തോമസ് സോണിയയെ അറിയിച്ചിട്ടുണ്ട്.

ബില്‍ പൂര്‍ത്തീകരിക്കാന്‍ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ എത്രയും വേഗം അറിയിക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി നേരത്തെ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് ഭക്ഷ്യ സുരക്ഷാ ബില്‍ അവതരിപ്പിക്കുക. രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം ലഭ്യമാക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ ലക്ഷ്യം.

janayugom 301011

1 comment:

  1. രാജ്യവ്യാപകമായി ഭക്ഷ്യവിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ ഭക്ഷ്യവില സന്തുലിതമാണെന്നും ഉപഭോക്തൃ രീതിയിലെ മാറ്റവും ഉയര്‍ന്ന വേതനവുമാണ് ഭക്ഷ്യവിലക്കയറ്റത്തിന്റെ മുഖ്യ കാരണമെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി കെ വി തോമസ്. ഭക്ഷ്യ വിലക്കയറ്റം തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി യു പി എ അദ്ധ്യക്ഷ സോണിയ ഗാന്ധി തോമസുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

    ReplyDelete