Saturday, October 29, 2011

പൊലീസ് റിപ്പോര്‍ട്ടില്‍ ലീഗും ബിജെപിയും പ്രതിക്കൂട്ടില്‍

കാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരമേഖലാ ഡിഐജി എസ് ശ്രീജിത്ത് ശാസ്ത്രീയ പഠനങ്ങളോടെ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിഭാഗത്തുള്ളത് മുസ്ലിംലീഗും ബിജെപിയും. ജില്ലയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാഷ്ട്രീയ കേസുകളാക്കി കഴിഞ്ഞ പത്ത് വര്‍ഷക്കാലം ലോക്കല്‍ പൊലീസ് നടത്തിയ വഴിവിട്ട നടപടികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇരുപാര്‍ടികളുടെയും നേതാക്കള്‍ കോടതിക്ക് പുറത്തുനടത്തിയ ഒത്തുതീര്‍പ്പുകളും അനുരഞ്ജനം നടക്കാതെപോയ കേസുകളില്‍ സാക്ഷികളെ വിലയ്ക്കെടുത്ത് കൂറുമാറ്റിച്ചും കൊലക്കേസ് ഉള്‍പ്പടെ 1113 കേസുകളിലായി 11,000 പ്രതികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടതും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജില്ലയില്‍ അടുത്തകാലത്തുണ്ടായ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, മുസ്ലിംലീഗ് എന്നിവക്ക് നിര്‍ണായക പങ്കുണ്ട്. ഇതിന് പുറമെ ജില്ലയില്‍ ചുവടുറപ്പിച്ച കള്ളനോട്ട്, കുഴല്‍പണം, റിയല്‍ എസ്റ്റേറ്റ്, മണല്‍മാഫിയകളും സംഘര്‍ഷങ്ങള്‍ മൂര്‍ഛിപ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചതായി പുറത്തുവന്നു. അക്രമസംഭവങ്ങളില്‍ ഒരു മുന്‍മന്ത്രിയുടെ നടപടികള്‍ സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന വിധത്തിലായിരുന്നു. മുന്‍മന്ത്രിയുടെ കാറിന് നേരെ ചെറിയൊരു കല്ലേറ് നടന്നപ്പോള്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരാണ് അക്രമികളെന്ന് സംഭവസ്ഥലത്ത് വച്ച് ചാനലുകളോട് പരസ്യമായി പറഞ്ഞത് കാഞ്ഞങ്ങാട്ടെ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പൊലീസ് വിലയിരുത്തുന്നു.

അക്രമത്തില്‍ 14 സിപിഐ എം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. വെട്ടും കുത്തുമേറ്റ് ഗുരുതരമായ നിലയില്‍ കഴിയുന്ന ഇവര്‍ക്കുനേരെ നടന്ന അക്രമം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായിട്ടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകതരം ആയുധങ്ങളും മുഖംമൂടിയും ധരിച്ചാണ് അക്രമികള്‍ എതിരാളികളെ കീഴ്പ്പെടുത്തിയത്. കേവലമൊരു രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഇത്തരമൊരാക്രമണം ഒരിക്കലുമുണ്ടാവില്ല.

കാഞ്ഞങ്ങാട്ട് സംഘര്‍ഷം ഒഴിവാക്കാന്‍ ഒന്നാമത്തെ സമാധാന കമ്മിറ്റി യോഗം ചേര്‍ന്ന ദിവസം രാത്രി മുസ്ലിംലീഗ് ശക്തികേന്ദ്രമായ കല്ലൂരാവിയില്‍ പൊലീസ് ജീപ്പ് മറിച്ചിട്ട് കത്തിച്ചതും റിപ്പോര്‍ട്ടില്‍ ഗൗരവമായിട്ടാണ് പരാമര്‍ശിക്കുന്നത്. 2002ല്‍ സാമുദായിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 23 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2004ല്‍ 53 ആയി ഉയര്‍ന്നു. 2011ല്‍ എത്തുമ്പോഴേക്കും കേസുകള്‍ 232 ആയി പെരുകി. മുസ്ലിംലീഗ്- ബിജെപി കേന്ദ്രങ്ങളിലാണ് സംഘര്‍ഷങ്ങള്‍ അടിക്കടി ഉണ്ടാകുന്നതെന്ന് പൊലീസ് തയ്യാറാക്കിയ 200 പേജുള്ള റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നവരെ അടിയന്തരമായി ശിക്ഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലും ബന്ധപ്പെട്ടവര്‍ അട്ടിമറിച്ചു. 1113 വര്‍ഗീയ കേസുകളില്‍ 200 കേസുകള്‍ ഒഴികെ മറ്റുള്ളവയെല്ലാം രാഷ്ട്രീയ കേസുകളാക്കി മാറ്റുകയായിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതിക്കൂട്ടിലായ ജില്ലാലീഗ് നേതൃത്വം വ്യാഴാഴ്ച കോഴിക്കോട് സിഎച്ച് സെന്ററില്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി രക്ഷപ്പെടാനുള്ള വഴി തേടുകയാണ്. വിശദമായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഡിഐജി എസ് ശ്രീജിത്ത് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും.

ലീഗിനും ബിജെപിക്കും തുല്യ പങ്കാളിത്തം

കാസര്‍കോട്: ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളെ സംബന്ധിച്ച് പൊലീസ് ഡിഐജിയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളെ വര്‍ഗീയ കുഴപ്പങ്ങളാക്കി മാറ്റി മുതലെടുക്കാന്‍ ബിജെപി-സംഘപരിവാര്‍ , മുസ്ലിംലീഗ്- എന്‍ഡിഎഫ് തുടങ്ങിയ സംഘടനകള്‍ ശ്രമിക്കുന്നെന്ന വസ്തുതയാണ് പുറത്തുവന്നിരിക്കുന്നതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞു.

ഇക്കാര്യം സിപിഐ എം പലതവണ ജനശ്രദ്ധയില്‍പെടുത്തിയതാണ്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സിപിഐ എം സ്വീകരിക്കുന്ന വിവേകപൂര്‍വമായ നിലപാട് ജനങ്ങള്‍ക്കറിയാവുന്നതാണ്. ജില്ലയില്‍ ബിജെപി- സംഘപരിവാര്‍ , മുസ്ലിംലീഗ്- എന്‍ഡിഎഫ് സംഘടനകള്‍ക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളിലാണ് ഈ അജന്‍ഡ പ്രയോഗിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്ത് മുതലെടുപ്പ് നടത്തുന്നതില്‍ മുസ്ലിംലീഗ്- എന്‍ഡിഎഫ് സംഘടനയേക്കാള്‍ ഒട്ടും കുറയാത്ത പങ്കാളിത്തം ബിജെപി- സംഘപരിവാര്‍ സംഘടനകള്‍ക്കുണ്ട്. അടുത്ത കാലത്ത് ജില്ലയില്‍ സ്ഥിര താമസക്കാരനായി മാറിയ ബിജെപി സംസ്ഥാന സെക്രട്ടറി ഇത്തരം പ്രശ്നങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ജില്ലയിലെ മതസൗഹാര്‍ദവും സമാധാനവും തകര്‍ക്കാനുള്ള ഗൂഢശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് തടസമാകുന്ന നിലയില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വസ്തുതകളുടെ ദുര്‍വ്യാഖ്യാനം ഒഴിവാക്കുന്നത് നല്ലതാണ്. സതീഷ്ചന്ദ്രന്‍ പറഞ്ഞു.

deshabhimani 291011

1 comment:

  1. കാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരമേഖലാ ഡിഐജി എസ് ശ്രീജിത്ത് ശാസ്ത്രീയ പഠനങ്ങളോടെ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിഭാഗത്തുള്ളത് മുസ്ലിംലീഗും ബിജെപിയും. ജില്ലയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാഷ്ട്രീയ കേസുകളാക്കി കഴിഞ്ഞ പത്ത് വര്‍ഷക്കാലം ലോക്കല്‍ പൊലീസ് നടത്തിയ വഴിവിട്ട നടപടികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇരുപാര്‍ടികളുടെയും നേതാക്കള്‍ കോടതിക്ക് പുറത്തുനടത്തിയ ഒത്തുതീര്‍പ്പുകളും അനുരഞ്ജനം നടക്കാതെപോയ കേസുകളില്‍ സാക്ഷികളെ വിലയ്ക്കെടുത്ത് കൂറുമാറ്റിച്ചും കൊലക്കേസ് ഉള്‍പ്പടെ 1113 കേസുകളിലായി 11,000 പ്രതികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടതും റിപ്പോര്‍ട്ടില്‍ പറയുന്നു.

    ReplyDelete